ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല. വീട്ടില്‍ തന്നെയുണ്ട്; ഇനി ഉണ്ട തിന്നേണ്ടി വന്നാല്‍ പോയി തിന്നുകയും ചെയ്യും; ഒരുകാര്യത്തിലും പെടാത്ത എന്റെ ഹസ്ബന്റിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്; തങ്ങള്‍ തെറ്റുചെയ്തിട്ടില്ലെന്നും ചതിയില്‍ പെട്ടതാണെന്നും യുകെ വിസ തട്ടിപ്പ് കേസ് പ്രതി അന്ന ഗ്രേസ്

ചതിയില്‍ പെട്ടതെന്ന് യുകെ വിസ തട്ടിപ്പ് കേസ് പ്രതി അന്ന ഗ്രേസ്

Update: 2025-02-22 12:51 GMT

തിരുവനന്തപുരം: യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കല്‍പ്പറ്റ സ്വദേശി ജോണ്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെ, ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിന്‍ തങ്ങള്‍ ചതിക്കപ്പെട്ടതാണെന്ന ന്യായീകരണവുമായി രംഗത്തെത്തി. ഫാമിലി വ്്‌ളോഗറായ അന്ന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. തങ്ങള്‍ തെറ്റുചെയ്തില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ ഇരുന്നത് കൊണ്ടാണ് ഭര്‍ത്താവ് ജോണ്‍സണെ അറസ്റ്റ് ചെയ്തതെന്നും അന്ന പറഞ്ഞു. താന്‍ ഒളിവില്‍ അല്ലെന്നും വീട്ടിലുണ്ടെന്നുമാണ് അവര്‍ പറയുന്നത്. സത്യം തെളിയാന്‍ കാത്തിരിക്കണമെന്നും അന്ന വീഡിയോയില്‍ പറയുന്നു.

കല്‍പ്പറ്റ സ്വദേശി ജോണ്‍സണാണ് അറസ്റ്റിലായത്. ഇന്‍ഫ്ലുവന്‍സര്‍ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിനി ആര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യു.കെയിലേക്ക് കൊണ്ടു പോകുന്നതിന് വിസ നല്‍കാം എന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഇവര്‍. യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചണ് ദമ്പതികള്‍ ണം തട്ടിയത്.

അന്ന ഗ്രേസിന്റെ വാക്കുകള്‍ ഇങ്ങനെ

'രാവിലെ മുതലുളള വീഡിയോയ്‌ക്കെല്ലാം കമന്റാണ്...ചേച്ചി ഇതുചെയ്‌തോ. ഉണ്ട തിന്ന്വോ തിന്നു കൊണ്ടിരിക്കും. ഞാനെവിടെയും പോയിട്ടില്ല. ഒരു ഒളിവിലും പോയിട്ടില്ല, ഞാന്‍ എന്റെ വീട്ടില്‍ തന്നെയുണ്ട്. പിന്നെ, നെഗറ്റീവ് കമന്റ് ഇടുന്നവരോട് അങ്ങനെ ചെയ്യരുതെന്ന് പറയാനുള്ള അപേക്ഷയൊന്നുമല്ല, അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ, എന്നെ വിശ്വസിക്കുന്ന, എന്നെ സ്‌നേഹിക്കുന്നവരോട് എനിക്ക് ഒരുവാക്കുപറയാനുള്ളത് വച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് എന്റെ ചാനലില്‍ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ഞാന്‍ അത് പിന്‍ ചെയ്തിട്ടുണ്ട്. എല്ലാവരും അതുപോയി കാണുക. ഒരു ചതിയുടെ കാര്യം മെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള വീഡിയോ. അതിന്റെ ഭാഗമാണ് ഇതെല്ലാം.




 

മറ്റൊരു സത്യം എന്താണെന്ന് വച്ചാല്‍, ഞാനൊരു ഫാമിലി വ്‌ളോഗറാണ്. അതിനകത്ത് എന്റെ അമ്മയുണ്ട്, മകളുണ്ട്, കൂടപ്പിറപ്പുണ്ട്, ഭര്‍ത്താവുണ്ട്. എന്റെ അത്രയും വലിയ സെന്‍സിറ്റീവ് പാര്‍ട്ടാണ് എന്റെ ഫാമിലി എന്നുപറയുന്നത്. അവരെ മുന്‍നിര്‍ത്തി കൊണ്ട് ഞാന്‍ ഒരു തട്ടിപ്പ് നടത്തുകയോ, എന്റെ പ്രവൃത്തി കൊണ്ട് മറ്റുളളവര്‍ക്ക് ദ്രോഹം വരണമെന്ന് ആഗ്രഹിച്ച് ഞാന്‍ ഒന്നും ചെയ്യുകയോ ഇല്ല. അതുമാത്രം ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നു.

പിന്നെ ഈ എഫ്‌ഐആറൊക്കെ വീണ സമയം തൊട്ട്, കുറച്ചുവീഡിയോ ഒക്കെ ചെയ്തുകൊടുത്തതിന്റെ ഭാഗമായിട്ട് വന്ന എഫ്‌ഐആറുകളാണ്. ഇപ്പോള്‍, എനിക്ക് അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിയില്ല. പക്ഷേ അന്വേഷണം വന്ന ആ നാളുതൊട്ട് എന്നെല്ലാം എന്നെ സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട് അപ്പോഴെല്ലാം ഞാന്‍ സഹകരിച്ചിട്ടുള്ള വ്യക്തിയാണ്. വളരെ അവിചാരിതമായിട്ടാണ് ഒരുകാര്യത്തിലും പെടാത്ത എന്റെ ഹസ്ബന്റിനെ ഇന്നലെ പൊലീസ് കൊണ്ടുപോകുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും എല്ലാം. പക്ഷേ ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. ഇനി ഉണ്ട തിന്നേണ്ടി വന്നാല്‍ പോയി തിന്നുകയും ചെയ്യും. അങ്ങനെ ഒരു പേടി എനിക്കില്ല. കാരണം തെറ്റുചെയ്യാത്തപ്പോള്‍, നമുക്ക് ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് ഉണ്ടാകും. ഇന്ന് എന്റെ ഹസ്ബന്റ് അങ്ങനെ ആകാനുള്ള കാരണം ഈ ഓവര്‍ കോണ്‍ഫിഡന്‍സാണ്. നമ്മള്‍ തെറ്റുചെയ്തിട്ടില്ല, നമുക്ക് ഒന്നും വരില്ലാന്നുള്ള വിശ്വാസം. തെറ്റ് ചെയ്തവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടാകും, നമ്മള്‍ തെറ്റുചെയ്യുമ്പോള്‍ ഓരോ സ്‌റ്റെപ്പും വളരെ കരുതലോട് കൂടിയായിരിക്കും. പക്ഷേ ഞങ്ങള്‍ ഓവര്‍ കോണ്‍ഫിഡന്‍സില്‍ ചെയ്തുപോയി. അത് ഞങ്ങളുടെ മിസ്‌റ്റേക്ക്. വിശ്വസിച്ച് പോയി, അതെന്റെ തെറ്റ്്. എന്റെ കുടുംബം എത്രത്തോളം വിലപ്പെട്ടതാണോ, അത്രത്തോളം പല കുടുംബങ്ങളെ വിശ്വസിച്ചുപോയി. മുന്നില്‍ വന്നുനിന്നു കരയുമ്പോള്‍, ദൈവമേ എന്തെങ്കിലും ചെയ്തുകൊടുക്കണമല്ലോ, എന്ന എന്റെ ആ വൃത്തികെട്ട ചിന്താഗതിയാണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്. എന്നാലും എന്നെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കണം, സത്യമറിയാന്‍.'


Full View


മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യര്‍ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കല്‍പ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ ഒളിവിലാണെന്നാണ് സൂചന. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ ഇവരാണ് വിസ വാഗ്ദാനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതും.

2023 ഓഗസ്റ്റ് മുതല്‍ 2024 മെയ് വരെയുള്ള കാലയളവിലാണ് 44.71675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി തട്ടിയെടുത്തത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

ഇവരുടെ മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതി പലപ്പോഴായി പണം നല്‍കുകയും ചെയ്തു. ഒടുവില്‍ വിസ ലഭിക്കാത്ത അവസ്ഥ വന്നതോടെ ചോദ്യം ചെയ്തപ്പോള്‍ ഉടന്‍ വരുമെന്ന് വിശ്വസിപ്പിച്ചു. ഇത് ആവര്‍ത്തിക്കപ്പെട്ടതോടയാണ് കബളിപ്പിക്കപ്പെട്ടുവെന്ന വിവരം യുവതിക്ക് മനസ്സിലായത്. ഇതോടയാണ് പരാതിയുമായി രംഗത്തുവന്നതും. സമാനമായ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

സംസ്ഥാനത്ത് വേറെയും ആളുകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബിജു ആന്റണി, എസ് ഐ രാംകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരിജ, അരുണ്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, ലിന്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News