പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്‍ക്ക് വിളവിന്റെ വില ബാങ്കുകള്‍ നല്‍കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില്‍ ഇപ്പോള്‍ വീഴുന്നത് കര്‍ഷ കണ്ണീര്‍; അതിവേഗ ഇടപെടല്‍ ഇല്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉറക്കം കെടുത്തും; വേണ്ടത് ആര്‍ജ്ജവമുള്ള രക്ഷാ നടപടികള്‍; കൃഷി മന്ത്രി വായിച്ചറിയാന്‍
തിരുവനന്തപുരം: പിആര്‍എസ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടര്‍ന്നാല്‍ കേരളം വീണ്ടും 'കര്‍ഷക ആത്മഹത്യകളുടെ' വാര്‍ത്തകളാല്‍ നിറയും. നെല്ല് കര്‍ഷകര്‍ ജീവിതത്തിനും കടലിനും നടുവിലാണ് ഇപ്പോള്‍. നെല്ല് കൊയ്ത് നല്‍കിയിട്ടും പണമില്ലാത്ത അവസ്ഥ. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില കനറാ ബാങ്കും എസ്ബിഐയുമാണു കര്‍ഷകര്‍ക്കു നല്‍കുന്നത്. എന്നാല്‍ വായ്പയുടെ പലിശ കൂട്ടാന്‍ കനറാ ബാങ്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് വഴിയുള്ള വില വിതരണം മുടങ്ങിയിരിക്കുകയാണ്. ഈ സാങ്കേതികത്വത്തില്‍ കുടുങ്ങി നരകകയത്തിലാവുകയാണ് കേരളത്തിലെ കര്‍ഷക സമൂഹം. പാലക്കാടും തൃശൂരും കുട്ടനാട്ടിലുമെല്ലാം ആശങ്ക ശക്തം. കേരളത്തിന്റെ നല്ലെറകള്‍ വലിയ പ്രതിസന്ധിയിലാണ്.
അതിനിടെ നെല്ലിന്റെ വില നല്‍കാന്‍ ഗ്രാമീണ്‍ ബാങ്കിനെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. നെല്ലു സംഭരിച്ച രസീത് (പാഡി റസീറ്റ് ഷീറ്റ് പിആര്‍എസ്) ഈടായി സ്വീകരിച്ച് 9% പലിശയ്ക്കു വായ്പയായാണു ബാങ്കുകള്‍ കര്‍ഷകര്‍ക്കു പണം കൈമാറുന്നത്. പലിശ പിന്നീടു സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കും. ഇത് 9.5 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണു കനറാ ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ പലിശ വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാരും. നെല്ല് സംരഭിക്കുമ്പോള്‍ മില്ലുകാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന രസീതാണ് പിആര്‍എസ്. നെല്ല് സംഭരണ ആരംഭിച്ചപ്പോള്‍ മില്ലുടമകള്‍ അധിക കിഴിവ് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതും നെല്ല് സംഭരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കൃഷിമന്ത്രി പി പ്രസാദിന്റെ അടിയന്തര നടപടി ഈ വിഷയത്തില്‍ അനിവാര്യതയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാലെ ഇതിനെല്ലാം പരിഹാരം കാണൂവെന്ന് കരുതുന്നവരാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. കേന്ദ്ര സര്‍ക്കാരും ഇവര്‍ക്ക് അനുകൂലമായി തിരിയേണ്ട സാഹചര്യം ഈ വിഷയത്തിലുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച മില്ലുകാര്‍ നെല്ല് സംഭരണത്തിന് തയ്യാറാകാത്തതോടെ പലയിടങ്ങളിലും സംഭണവും മുടങ്ങി. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംഭരണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. പല മില്ലുകാരും ബോധപൂര്‍വം നെല്ല് സംഭരണത്തിന് ശേഷം പിആര്‍എസ് നല്‍കാന്‍ വൈകിപ്പിക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. നെല്ലു സംഭരിച്ചു പോയി ഒരാഴ്ചയിലേറെ കഴിയുമ്പോഴാണു ചില മില്ലുകള്‍ പിആര്‍എസ് നല്‍കുന്നത്. പിആര്‍എസ് ലഭിക്കാന്‍ വൈകുന്നതോടെ നെല്ലു നല്‍കിയതിന്റെ മുന്‍ഗണന കര്‍ഷകര്‍ക്കു നഷ്ടപ്പെടും. മില്ലുകാര്‍ നല്‍കുന്ന പിആര്‍എസ് രസീത് പാടശേഖര സമിതിയാണ് സപ്ലൈക്കോയില്‍ എത്തിക്കുന്നത്. നെല്ല് സംഭരണത്തിന്റെ തുക വൈകാതെ കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ ലഭിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാല്‍ പണം ലഭിക്കാതെ വലിയ പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്ന് പോകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്.
കനറാ ബാങ്കും എസ്ബിഐ വഴിയുമാണ് കാശ് നല്‍കിയിരുന്നത്. മാര്‍ച്ച് 31നു കനറാ ബാങ്കുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ പലിശ സംബന്ധിച്ച് ബാങ്കുമായി നിലനില്‍ക്കുന്നതിനാല്‍ കരാര്‍ ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനാലാണ് ബാങ്ക് പിആര്‍എസ് നല്‍കാനുള്ള നടപടികള്‍ വൈകിപ്പിക്കാന്‍ കാരണം. എസ്ബിഐ മുഖേന നിലവില്‍ നെല്ലിന്റെ വില നല്‍കുന്നുണ്ട്. എന്നാല്‍ എസ്ബിഐയുമായുള്ള കരാറിന്റെ കാലാവധിയും വൈകാതെ അവസാനിക്കാനിരിക്കെ വിഷയത്തില്‍ തീരുമാനം വൈകിയാല്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.റിസര്‍വ് ബാങ്കിന്റെ പലിശ നിരക്കിന് ആനുപാതികമായാണു കനറാ ബാങ്ക് വര്‍ധന ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. സംഭരിച്ച നെല്ലിന്റെ വിലയ്ക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്പയായി കര്‍ഷകന് നല്‍കുന്നത്. കര്‍ഷകന് നല്‍കേണ്ടിയിരുന്ന പണം സര്‍ക്കാര്‍, ബാങ്കുകള്‍ക്ക് കൈമാറുമ്പോള്‍ വായ്പയുടെ ബാധ്യത കര്‍ഷകനില്‍നിന്ന് ഒഴിവാകുന്നു. അതേസമയം, സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശിക പെരുകിയതോടെ തങ്ങളുടെ സിബിലിനെ ബാധിക്കുന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത് കാരണം കര്‍ഷര്‍ക്ക് മറ്റ് ലോണുകള്‍ ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.