ശബരിമല തീര്‍ത്ഥാടനകാലത്ത് നടുവൊടിഞ്ഞ് പണിയെടുത്തിട്ടും ശമ്പളമില്ല; മകരവിളക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രതിസന്ധിയിലായേക്കും; മന്ത്രിയുടെ വാക്കും പാഴായി; കെ എസ് ആര്‍ ടി സിയില്‍ പ്രതിഷേധം പുകയുന്നു

കെ എസ് ആര്‍ ടി സിയില്‍ പ്രതിഷേധം പുകയുന്നു

Update: 2025-01-13 12:00 GMT

സി ആര്‍ ശ്യാം

കോട്ടയം: കെ. എസ്. ആര്‍. ടി. സി.യില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്ത് മികച്ച വരുമാനം നേടിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. ജീവനക്കാരില്‍ പലരും സീസണ്‍ കാലത്ത് പണിയെടുത്ത് നടുവൊടിഞ്ഞ അവസ്ഥയിലായി. വിശ്രമം പോലും വകവയ്ക്കാതെയാണ് ദീര്‍ഘദൂരങ്ങളില്‍ നിന്നും പോലും ശബരിമല സര്‍വീസ് നടത്തുന്നത്. മകരവിളക്കിന് മുന്നോടിയായി പ്രത്യേക സര്‍വീസ് ക്രമീകരിക്കേണ്ടതായുണ്ട്. ജീവനക്കാരുടെ പ്രതിഷേധം തുടര്‍ന്നാല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായേക്കും. കാര്യമായ പരാതികളൊന്നും കേള്‍പ്പിക്കാതെയാണ് ഇത്തവണ കെ. എസ്. ആര്‍. ടി. സി. സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തത്. ശമ്പളം വിതരണം മുടങ്ങുന്നത് സര്‍വീസുകളെ കാര്യമായി ബാധിച്ചേക്കും.

എല്ലാ തവണയും ശബരിമല സീസണ്‍ കെ. എസ്. ആര്‍. ടി. സിയ്ക്ക് മികച്ച വരുമാനം നേടികൊടുക്കാറുണ്ട്. വരുമാനം വര്‍ധിച്ചിട്ടും ജീവനക്കാരുടെ ശമ്പളകാര്യത്തില്‍ മാസം പകുതിയാകുമ്പോഴും തീരുമാനമില്ല. ശമ്പള വിതരണം മുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. ദൈനദിന ചിലവുകള്‍ക്ക് വരെ വിഷമിക്കുകയാണ്. ഹൗസിങ് ലോണുകളും മറ്റും മുടങ്ങിയതിനാല്‍ പിഴ ഇനത്തില്‍ കൂടുതല്‍ തുക ബാങ്കുകളും ഈടാക്കും. 45000 ജീവനക്കാര്‍ ഉണ്ടായിരുന്നത് വെട്ടികുറച്ച് 20000 സ്ഥിരം ജീവനക്കാര്‍ ആക്കിയിട്ടും ശമ്പളം നല്‍കുന്നില്ലായെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിക്കുന്നു. അതിനിടയില്‍ വിവിധയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കാനുള്ള നീക്കവും നടക്കുന്നു. ഇടുക്കി ജില്ലയില്‍ മാത്രം 20 പുതിയ പെര്‍മിറ്റുകളാണ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത്.

കെ. എസ്. ആര്‍. ടി. സി ജീവനക്കാരുടെ ശമ്പളം അഞ്ചാം തീയതിയ്ക്ക് മുന്‍പായി ഒറ്റ ഗഡുവായി നല്‍കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പാഴ്വാക്കായതായി ടി. ഡി. എഫ്, ബി. എം. എസ്. സംഘടനകള്‍ ആരോപിച്ചു. ടി. ഡി. എഫ്. സെക്രട്ടറിയേറ്റ് പടിക്കല്‍ രാപകല്‍ സമരവും നടത്തി. ശമ്പളം കൃത്യമായി നല്‍കുക, ഡി. എ. കുടിശിക അനുവദിയ്ക്കുക, തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, അഴിമതികളില്‍ വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

Tags:    

Similar News