സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍; അഞ്ച് പേര്‍ക്ക് പുതുജീവനേകിയ കുരുന്നിന് ആദരവ് ഒരുക്കി സര്‍ക്കാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍

Update: 2026-02-14 11:41 GMT

തിരുവനന്തപുരം: അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ആലിനിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുരുന്നിന് ആദരവം നല്‍കുന്ന വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിന്‍.

ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് റോഡ് മാര്‍ഗം കൊണ്ട് വരാന്‍ തിരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹത്തായ ഉദ്യമം വിജയകരമാക്കാന്‍ യത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകള്‍ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഞായര്‍ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ 3.30ഓടെയാണ് ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം. വെള്ളി രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതിനുപിന്നാലെയാണ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് നിന്ന് യാത്രയാക്കിയത്.

കൊച്ചിയില്‍നിന്ന് വെള്ളി രാത്രി തന്നെ അവയവങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള 211 കിലോമീറ്റര്‍ ദൂരം പിന്നിട്ടത് 3.15 മണിക്കൂറിലാണ്. ആലിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. കിംസിലെത്തിച്ച കരള്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് മാറ്റിവയ്ക്കുന്നത്.

Tags:    

Similar News