യുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം; പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതം; രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായവും; കൂടെ ഓവര്‍ടൈം അലവന്‍സും; ഡ്യൂട്ടി സമയം ഏകീകരിച്ചത് കിടക്കകളുടെ എണ്ണം നോക്കാതെ

യുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം

Update: 2025-10-21 08:05 GMT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ആശ്വാസകരമായി വിധത്തില്‍ ഷിഫ്റ്റ് പരിഷ്‌ക്കരണം. പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതമായിരിക്കും(6+6) ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂര്‍ എന്ന കണക്കിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നത്. എന്നാല്‍ കിടക്കയുടെ എണ്ണം കണക്കാക്കിയല്ലാതെ തന്നെ ഷിഫ്റ്റ് മാറ്റിയതായാണ് തൊഴില്‍ വകുപ്പിന്റെ ഉത്തരവ്.

ഷിഫ്റ്റ് മാറ്റത്തിന് പുറമെ ഓവര്‍ടൈം ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ തൊഴില്‍ സമയം സംബന്ധിച്ച് അരക്ഷിതാവസ്ഥകള്‍ നിലനിന്നിരുന്നു. പലപ്പോഴും നിഷ്‌കര്‍ഷിച്ചതിലും അധികം സമയം ജോലി ചെയ്യേണ്ടി വരുമെങ്കിലും അതിനു കൃത്യമായ അലവന്‍സൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ക്ക് ആശ്വാസവുമായി തൊഴില്‍ വകുപ്പിന്റെ ഉത്തരവ്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഈക്കാര്യം. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്. ഇതോടെ, സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.

നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്നാണു സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താന്‍ മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ വി.വീരകുമാര്‍ അധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. 100 കിടക്കയിലധികമുള്ള ആശുപത്രികളില്‍ 6612 മണിക്കൂര്‍ ഷിഫ്റ്റ് നടപ്പാക്കണമെന്നതുള്‍പ്പെടെ, നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അനുകൂലമായ പല ശുപാര്‍ശകളും കമ്മിറ്റി നല്‍കിയെങ്കിലും ഇത് അംഗീകരിച്ചുകിട്ടാന്‍ നഴ്‌സുമാര്‍ക്കു വീണ്ടും സമരം നടത്തേണ്ടിവന്നു. 2018ല്‍ തീരുമാനമെടുത്ത സര്‍ക്കാര്‍, ഉത്തരവിറക്കിയതു 2021ലാണ്.

കിടക്കകളുടെ എണ്ണം 50 ആയി നിശ്ചയിക്കണമെന്ന ആവശ്യവുമായി നഴ്‌സുമാര്‍ അടുത്തിടെ തൊഴില്‍ വകുപ്പിനെ സമീപിച്ചിരുന്നു. സ്വകാര്യ ആശുപത്രി ഉടമകളുടെയും ജീവനക്കാരുടെയും തൊഴില്‍ വകുപ്പിന്റെയും പ്രതിനിധികളടങ്ങിയ വ്യവസായബന്ധസമിതിയുടെ (ഐആര്‍സി) യോഗം ഓഗസ്റ്റില്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്തു. വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ, കിടക്കകളുടെ എണ്ണം പരിഗണിക്കാതെ നടപ്പാക്കാന്‍ ഈ യോഗത്തിലാണു ധാരണയായത്.

അധികസമയം ജോലി ചെയ്താലുള്ള ഓവര്‍ടൈം അലവന്‍സ് എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മാസത്തില്‍ 208 മണിക്കൂര്‍ അധികരിച്ചാലാണ് അലവന്‍സ്. നഴ്‌സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് നടക്കുന്നതിനാല്‍, അലവന്‍സ് എത്ര രൂപ ലഭിക്കും എന്നതില്‍ ഇപ്പോഴും വ്യക്തതക്കുറവുണ്ട്.

Tags:    

Similar News