വിദേശയാത്രയ്ക്കും പഠനത്തിനും വന്‍ ഇളവ്; ആദായ നികുതി സ്ലാബില്‍ മാറ്റമില്ലാത്തത് ശമ്പള വരുമാനക്കാരെ നിരാശരാക്കുമെങ്കിലും പോക്കറ്റ് ചോരാതിരിക്കാന്‍ വിദ്യകള്‍; ആക്‌സിഡന്റ് ക്ലെയിം പലിശയ്ക്കും ഇനി നികുതിയില്ല; ആരോഗ്യ മേഖലയിലും നിത്യോപയോഗ സാധനങ്ങളിലും ചില ഇളവുകള്‍; കേന്ദ്ര ബജറ്റില്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് മാറ്റങ്ങള്‍
കേന്ദ്ര ബജറ്റില്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് മാറ്റങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ നിര്‍ണ്ണയിക്കുന്ന 2026-ലെ കേന്ദ്ര ബജറ്റ്, സാധാരണക്കാരന്റെ ജീവിതത്തെയും നിക്ഷേപ സാധ്യതകളെയും സ്പര്‍ശിക്കുന്ന നിരവധി പ്രഖ്യാപനങ്ങളുമായാണ് എത്തിയിരിക്കുന്നത്. ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ലാത്തത് മധ്യവര്‍ഗ്ഗ ശമ്പളവരുമാനക്കാരെ തെല്ല് നിരാശരാക്കുന്നുണ്ടെങ്കിലും, ദൈനംദിന ജീവിതച്ചെലവുകള്‍ കുറയ്ക്കുന്നതിനും നിക്ഷേപങ്ങള്‍ ലളിതമാക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. ജീവിതശൈലീ മാറ്റങ്ങളും വിദേശ പഠനവും സ്വപ്നം കാണുന്ന മധ്യവര്‍ഗത്തിന് കരുത്തുപകരുന്ന രീതിയിലാണ് നികുതി പരിഷ്‌കാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാനമായും നാല് മേഖലകളിലൂടെയാണ് ഈ ബജറ്റ് സാധാരണക്കാരനെ സ്വാധീനിക്കുന്നത്:
നികുതി സ്ഥിരത: വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന ആദായനികുതി ഘടന.
ചികിത്സാ ആശ്വാസം: ജീവന്‍രക്ഷാ മരുന്നുകളുടെ വിലയിലുണ്ടാകുന്ന വന്‍ കുറവ്.
ഡിജിറ്റല്‍ & ഗ്ലോബല്‍ കണക്റ്റിവിറ്റി: വിദേശ പണമിടപാടുകളിലെ ഇളവുകള്‍.
ഭാവി നിക്ഷേപം: ചെറുകിട ഓഹരി നിക്ഷേപകര്‍ക്കുള്ള സംരക്ഷണം.
്ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഒമ്പതാമത് ബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ നേരിട്ടുള്ള മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും, നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസം നല്‍കുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1. ആദായനികുതി
നിലവിലുള്ള സ്ഥിതി തുടരും. ശമ്പളക്കാരായ നികുതിദായകര്‍ക്ക് പുതിയ നികുതി ഇളവുകള്‍ ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. പുതിയ നികുതി വ്യവസ്ഥ പ്രകാരം പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍, ഫലത്തില്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി വിമുക്തമാകും.
2. വിദേശയാത്രയും വിദ്യാഭ്യാസവും ചെലവ് കുറയും
വിദേശത്തേക്ക് പണമയക്കുന്നവര്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും വലിയ ആശ്വാസമാണ് ഈ ബജറ്റ്. വിദേശ ടൂര്‍ പാക്കേജുകളുടെ ടി.സി.എസ് (TCS) നിലവിലുള്ള 5%-20% എന്ന നിരക്കില്‍ നിന്ന് 2% ആയി കുറച്ചു വിദേശ പഠനത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി പണമയക്കുമ്പോള്‍ ഈടാക്കുന്ന ടി.സി.എസ് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറയും.
3. കുറയുന്ന വിലകള്‍
ആരോഗ്യ മേഖലയിലും നിത്യോപയോഗ സാധനങ്ങളിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.17 തരം ക്യാന്‍സര്‍ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ഇവയുടെ വില ഗണ്യമായി കുറയും. മറ്റ് ഏഴ് അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഡ്യൂട്ടി ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും.
ടിവി ഉപകരണങ്ങള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയുടെ ഭാഗങ്ങള്‍ക്കും ലെതര്‍, പാദരക്ഷാ മേഖലകള്‍ക്കും നല്‍കിയ ഇളവുകള്‍ വഴി ഇവയുടെ വില കുറഞ്ഞേക്കാം.
4. നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ലഭിക്കുന്ന മറ്റ് ഇളവുകള്‍
കമ്പനികള്‍ ഓഹരികള്‍ തിരികെ വാങ്ങുന്നത് (Buyback) ഇനി മുതല്‍ ഡിവിഡന്റായല്ല, മറിച്ച് 'ക്യാപിറ്റല്‍ ഗെയിന്‍സ്' ആയിട്ടായിരിക്കും കണക്കാക്കുക. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് ഗുണകരമാണ്. വാഹനാപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതിന്മേലുള്ള ടി.ഡി.എസ് (TDS) പിന്‍വലിച്ചു.
5.റിട്ടേണ്‍ ഫയലിംഗ്
സാധാരണക്കാര്‍ക്ക് ജൂലൈ 31 വരെയും, ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്സുകാര്‍ക്ക് ഓഗസ്റ്റ് 31 വരെയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയം ലഭിക്കും.
തൊഴിലവസരങ്ങള്‍
അടിസ്ഥാന സൗകര്യ വികസനത്തിനായി (Capital Expenditure) 12 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ടൂറിസം, റെയില്‍വേ, ലോജിസ്റ്റിക്‌സ് മേഖലകളിലെ ഈ നിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
