'സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു'; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി
'സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്,
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണ പീഠം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനി ദേവി. കാണാതായ സ്വര്‍ണ പീഠം മിനി ദേവിയുടെ വീട്ടില്‍ നിന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. കാണാതായ പീഠമാണ് ഇതെന്ന് അറിയില്ലായിരുന്നുവെന്ന് മിനി ദേവി ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
കഴിഞ്ഞ 25 ന് പുലര്‍ച്ചെയാണ് ഉണ്ണിക്കൃഷ്ണനും വാസുദേവനും കൂടി വീട്ടിലെത്തുന്നത്. അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണെന്നും ഇവിടെ സൂക്ഷിക്കണമെന്നുമാണ് പറഞ്ഞത്. വാസുദേവന് പിന്നീട് വന്ന് തിരികെ കൊണ്ടു പോകുമെന്നും പറഞ്ഞു. ശബരിമലയില്‍ നിന്ന് കാണാതായ പീഠമാണ് ഇതെന്ന് അറിയില്ലായിരുന്നു. പാക്കറ്റില്‍ പൊതിഞ്ഞ് സ്റ്റിക്കര് ഒട്ടിച്ചാണ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്. പേടി കൊണ്ടായിരിക്കാം വാസുദേവന് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും മിനി ദേവി പറഞ്ഞു.
പീഠം കണാതായതില്‍ അടിമുടി ദുരൂഹത തുടരുന്നതിനിടെയാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനി ദേവിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. നേരത്തെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു പീഠം കാണാനില്ലെന്ന പരാതി ഉന്നയിച്ചത്. ശില്‍പ്പത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന വാസുദേവനാണ് തനിക്ക് പീഠം കൈമാറിയതെന്നും വാസുദേവന്റെ കൈവശം പീഠമുള്ളത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയത്.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കൊപ്പമുള്ള സ്വര്‍ണത്തിന്റെ താങ്ങ് പീഠം കാണാതായതത് വന്‍ വിവാദമായിരുന്നു. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് രണ്ട് പീഠം ഉണ്ടായിരുന്നതായും ഇതില്‍ ഒന്ന് കാണാനില്ലെന്നും പരാതിപ്പെട്ടത്. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദശ പ്രകാരമുള്ള വിജിലന്‍സ് അന്വേഷണത്തിലാണ് വന്‍ ട്വിസ്റ്റുണ്ടായത്. കാണാതായ താങ്ങ് പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കണ്ടെത്തിയത്.
2021 മുതല്‍ സ്വര്‍ണപീഠം, ശില്‍പ്പ നിര്‍മാണ ചുമതലയുണ്ടായിരുന്ന കോട്ടയം സ്വദേശി വാസുദേവന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇത് സൂക്ഷിക്കാന്‍ തന്നെ ചുമതപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നാണ് വാസുദേവന്‍ മൊഴി നല്‍കിയത്. തല്‍ക്കാലം ആരോടും പറയേണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായും വാസുദേവന്‍ മൊഴി നല്‍കി. എന്നാല്‍, വാസുദേവന്‍ പോറ്റിയുടെ മൊഴി ഉണ്ണികൃഷ്ണന്‍ പോറ്റി തള്ളി. പീഠം പത്ത് ദിവസം മുന്‍പ് തിരികെ നല്‍കിയപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വാസുദേവന്റെ കൈവശം പീഠം ഉള്ളത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി.
വിജിലന്‍സ് കണ്ടെത്തിയ പീഠം ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാലരവര്‍ഷം മുമ്പ് ശബരിമലയില്‍ സമര്‍പ്പിച്ച പീഠം കാണാതായിട്ടും എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അന്വേഷിച്ചില്ല. വാസുദേവന് പീഠം കൈമാറിയെങ്കില്‍ അത് എന്ത് കൊണ്ട് മഹസറില്‍ രേഖപ്പെടുത്തിയില്ല. പത്ത് ദിവസം മുമ്പ് പീഠം കിട്ടിയിട്ടും എന്തുകൊണ്ടാണ് അത് ഒളിച്ചുവെക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത് എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പീഠം കിട്ടിയിട്ടും ഉത്തരമില്ല.
അതിനിടെ ശബരിമലയില്‍ നിന്നും കടത്തിയ ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി പൂജ നടത്തി പണം പിരിച്ചതായി സൂചനയുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പീഠത്തിന്റെ സ്‌പോണ്‍സര്‍ കൂടിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ജീവനക്കാരനായ വാസുദേവന്റെ വീട്ടിലേക്ക് പീഠം മാറ്റുകയായിരുന്നു. അവിടം കേന്ദ്രീകരിച്ച് പിഠത്തില്‍ പൂജ നടത്തുകയും അയ്യപ്പഭക്തരില്‍ നിന്നും പണം പിരിച്ചതായും വിജിലന്‍സിന് സൂചന ലഭിച്ചു.
സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവാഭരണ രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കും. സ്വര്‍ണപാളിയിലെ തൂക്കംകുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ണായക നീക്കം. അന്വേഷണ വിവരങ്ങള്‍ രഹസ്യമായിരിക്കണം. വിശദാംശങ്ങള്‍ ആരെയും അറിയിക്കരുതെന്നും കോടതി ഉത്തരവിട്ടു.