യു.പി.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസില്‍ സുപ്രധാന നിയമഭേദഗതി; യു.പി.ഐ വഴി ടോള്‍ നല്‍കുന്നവര്‍ക്ക് പിഴയില്‍ ഇളവ്; പുതിയ നീക്കം നവംബര്‍ 15 മുതല്‍ രാജ്യത്ത് നിലവില്‍ വരും

യു.പി.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Update: 2025-10-04 15:50 GMT

ന്യൂഡല്‍ഹി: ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാത്തവര്‍ക്ക് ചുമത്തുന്ന പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. യു.പി.ഐ (യൂനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) വഴി ടോള്‍ നല്‍കുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുകൊയൊള്ളു എന്നും ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. യുപിഐ ഉപയോഗം വര്‍ധിപ്പിക്കാനാണ് ഈ തീരുമാനം.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടോള്‍ നിരക്കിന്റെ 1.25 മടങ്ങുമാത്രം പിഴ ഇനത്തില്‍ യു.പി.ഐ വഴി ഇടപാട് നടത്തുന്നവര്‍ നല്‍കിയാല്‍ മതി.അതായത് ഫാസ്ടാഗ് ഉപയോഗിച്ച് 100 രൂപ ടോള്‍ നല്‍കുന്ന റോഡുകളില്‍ ഫാസ്ടാഗ് ഇല്ലാതെ യു.പി.ഐ വഴി ടോള്‍ നല്‍കുന്നവര്‍ 1.25 മടങ്ങ് (125 രൂപ) നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് ടോള്‍ നിരക്കിന്റെ ഇരട്ടിയായിരുന്നു. പുതിയ ഈ നീക്കം നവംബര്‍ 15 മുതല്‍ രാജ്യത്ത് നിലവില്‍ വരുമെന്നും ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

'ദേശീയ പാതകളില്‍ ടോള്‍ പിരിവുകള്‍ക്കിടയിലുള്ള തട്ടിപ്പ് തടയുക' എന്ന് ലക്ഷ്യം വെച്ചാണ് ഹൈവേ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. എന്നാല്‍ യു.പി.ഐ വഴി അല്ലാതെ പണമായി ടോള്‍ നല്‍കുന്നവര്‍ 25 ശതമാനം അധിക പണം നല്‍കണം. കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന ഫാസ്ടാഗില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ ടോള്‍ ബൂത്തുകള്‍ പരാജയപ്പെട്ടാല്‍ വാഹന ഉടമക്ക് പണം നല്‍കാതെ ടോള്‍ ബൂത്ത് കടക്കാനും പുതിയ പദ്ധതി പ്രകാരം സാധിക്കും. ടോള്‍ പിരിവ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ടോള്‍ ഓപ്പറേറ്റര്‍മാരെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ദേശീയ പാതകളില്‍ 98 ശതമാനവും ഫാസ്ടാഗ് ഉപയോഗിക്കുന്നവരാണ്. ഇത് 2022 മുതല്‍ ടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 47 സെക്കന്റുകളായി കുറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവക്ഷപ്പെടുന്നു. 2025 ആഗസ്റ്റ് 15 മുതല്‍ രാജ്യത്ത് പുതിയ വാര്‍ഷിക ഫാസ്ടാഗ് പ്ലാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അവതരിപ്പിച്ചിരുന്നു. ഈ വാര്‍ഷിക ഫാസ്ടാഗ് അനുസരിച്ച് വര്‍ഷത്തില്‍ 3000 രൂപ റീചാര്‍ജ് ചെയ്താല്‍ പണം തീരുന്നത് വരെയോ അല്ലെങ്കില്‍ 200 യാത്രകളോ ചെയ്യാന്‍ സാധിക്കും.

Tags:    

Similar News