ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല; ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്തെന്നും നെതന്യാഹു; ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ടെന്ന് സ്പീക്കര്‍ അമീര്‍ ഒഹാന; ഇസ്രയേല്‍ പാര്‍ലമെന്റിലും യുഎസ് പ്രസിഡന്റിന് നിറഞ്ഞ കൈയടി; ഭീകരതയും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേതെന്ന് ട്രംപിന്റെ മറുപടി
ടെല്‍ അവീവ്: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് ട്രംപിനെ സ്വീകരിച്ചത്. മിഡില്‍ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തില്‍ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്റേയും മിഡില്‍ ഈസ്റ്റിന്റെയും സുവര്‍ണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു. യുദ്ധങ്ങള്‍ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബര്‍ ഏഴിലുണ്ടായ ആക്രമണത്തില്‍ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി.
ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ്, ശേഷിച്ച 20 ബന്ദികളെ വിട്ടയച്ചതിനു പിന്നാലെ ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൈയടികളോടെയാണ് വരവേറ്റത്. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിന് മുമ്പായാണ് ട്രംപിനെ ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അംഗങ്ങള്‍ ഏഴുന്നേറ്റുനിന്ന് കൈയടികളോടെ സ്വീകരിച്ചത്. പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് പാര്‍ലമെന്റിലെത്തിയത്. പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍, മകള്‍ ഇവാങ്ക എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്പീക്കര്‍ അമീര്‍ ഒഹാനയാണ് യുഎസ് പ്രസിഡന്റിനെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്തത്. ''ജറുസലേമിലേക്ക് സ്വാഗതം. നെസെറ്റിലേക്ക് സ്വാഗതം. ഈ ദിവസത്തിനായി ഞങ്ങള്‍ കൊതിച്ചിരുന്നു.'' - ഒഹാന പറഞ്ഞു. ഇതൊരു വലിയ ബഹുമതിയാണെന്നു പറഞ്ഞ ട്രംപ്, മേശയിലിരുന്ന അതിഥി പുസ്തകത്തില്‍ ഒപ്പിടുകയും ചെയ്തു. ''ലോകത്തിന് ഇപ്പോള്‍ വേണ്ടത്, യുഎന്‍ പൊതുസഭയില്‍ നമ്മള്‍ കണ്ടതുപോലെ, അവസാനം തങ്ങളെ ഭക്ഷിക്കുമെന്ന പ്രതീക്ഷയില്‍ മുതലയെ പോറ്റുന്ന പ്രീണനക്കാരെയല്ല, മറിച്ച് ധീരരും ദൃഢനിശ്ചയമുള്ളവരും ശക്തരുമായ കൂടുതല്‍ നേതാക്കളെയാണ്. ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ട്.'' - ഒഹാന പറഞ്ഞു. അടുത്ത വര്‍ഷം ട്രംപിന് സമാധാന നൊബേലിനുള്ള നാമനിര്‍ദേശത്തിനായി ഇസ്രയേല്‍ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണില്‍ ഇറാനെതിരെ അമേരിക്ക നടത്തിയ ഓപ്പറേഷന്‍ റൈസിങ് ലയണ്‍, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ തുടങ്ങിയവ വ്യോമാക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. ഗോലാന്‍ കുന്നുകളുടെ മേലുള്ള പരമാധികാരം അംഗീകരിച്ചതിനും ഐക്യരാഷ്ട്രസഭയില്‍ 'ഇസ്രയേലിനെതിരായ നുണകള്‍'ക്കെതിരെ നിലകൊണ്ടതിനും അദ്ദേഹം യുഎസ് പ്രസിഡന്റിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ ഇസ്രായേലിന് ഉണ്ടായിരുന്ന 'ഏറ്റവും വലിയ സുഹൃത്ത്' എന്നാണ് അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചത്. ഇസ്രായേലിനായി ഒരു അമേരിക്കന്‍ പ്രസിഡന്റും ഇതുവരെ ഇത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിന്റെ മഹാനായ സുഹൃത്താണ് ട്രംപ്. ഇസ്രലിനെ അംഗീകരിച്ചതിനും ബന്ദികളെ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിലും ട്രംപിന് നന്ദിയെന്ന് നെതന്യാഹു പറഞ്ഞു. ജെറുസലേം ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ആദ്യമായണ് ട്രംപ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക 20 ഇന നിര്‍ദേശം മുന്നോട്ട് വച്ചത്. ഹമാസിനും ഇറാന്‍ അച്ചുതണ്ടിനും മുകളില്‍ ഇസ്രയേല്‍ വിജയം നേടി. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എല്ലാം മാറി മറിഞ്ഞത്. ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ പരമോന്നത ബഹുമതി ഇസ്രയേല്‍ പ്രൈസ് ട്രംപിന് നല്‍കും.
വരും ദിവസങ്ങള്‍ സമാധാനത്തിന്റേത് എന്ന് നെതന്യാഹു വ്യക്തമാക്കി. ''ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ചത് ഒരു വലിയ തെറ്റായിരുന്നു. ഇസ്രയേല്‍ എത്ര ശക്തവും ദൃഢനിശ്ചയമുള്ളതുമാണെന്ന് നമ്മുടെ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായി'' ഒക്ടോബര്‍ 7 ലെ ആക്രമണത്തെത്തുടര്‍ന്ന് ഹമാസിനെതിരെ ആരംഭിച്ച സൈനിക ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു