'ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല'; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു
'ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്
മിസിസിപ്പി: ഹൈന്ദവ പശ്ചാത്തലത്തില്‍ വളര്‍ന്ന തന്റെ ഭാര്യ ഉഷാ വാന്‍സ് ഒരു ദിവസം ക്രിസ്തുമതം സ്വീകരിച്ച് കാത്തലിക് സഭയില്‍ ചേരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസിസിപ്പിയില്‍ 'ടേണിങ് പോയിന്റ് യുഎസ്എ' പരിപാടിയില്‍ സംസാരിക്കവേയാണ് വാന്‍സിന്റെ ഈ അഭിപ്രായം. ആന്ധ്രാ്പ്രദേശില്‍ കുടുംബ വേരുകളുള്ള ഇന്ത്യന്‍ വംശജയാണ് ഉഷ വാന്‍സ്. തെരഞ്ഞെടുപ്പ് വേളയില്‍ അടക്കം ഉഷ പ്രചരണങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
'ടേണിങ് പോയിന്റ് യുഎസ്എ' പരിപാടിയില്‍ വാന്‍സ് പറഞ്ഞത് ഇങ്ങനെയാണ്: 'മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയില്‍ വരും. ഞാന്‍ അവളോട് പറഞ്ഞതുപോലെ, എന്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നില്‍ ഇപ്പോള്‍ പറയുന്നു: 'ഞാന്‍ സഭയില്‍ ചേര്‍ന്നതുപോലെ അതേ കാര്യം അവള്‍ക്കും അനുഭവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യസന്ധമായി അങ്ങനെ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ക്രിസ്ത്യന്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നു, എന്റെ ഭാര്യയും അതേ രീതിയില്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' -വാന്‍സ് പറഞ്ഞു.
ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരുപക്ഷേ അവള്‍ മതം മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍, അത് എനിക്ക് പ്രശ്നമല്ല. എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തിയോടും സംസാരിച്ച് പരിഹരിക്കേണ്ട കാര്യമാണത്' -വാന്‍സ് വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ നേതാവായ വാന്‍സ് നേരത്തെ യുക്തിവാദിയായിരുന്നു. 2019ലാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഭാര്യ ഉഷയുമായി അടുപ്പത്തിലാവുമ്പോള്‍ നിരീശ്വരവാദി ആയിരുന്നു. വാന്‍സിന്റെയും ഉഷയുടെയും കുട്ടികളെ ക്രിസ്ത്യന്‍ രീതിയിലാണ് വളര്‍ത്തുന്നത്. അവര്‍ ക്രിസ്ത്യന്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാന അടിത്തറയാണെന്ന് ചിന്തിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. നിഷ്പക്ഷരാണെന്ന് നിങ്ങളോട് പറയുന്നവര്‍ക്ക് അജണ്ടയുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ രാജ്യത്തിന്റെ ക്രിസ്ത്യന്‍ അടിത്തറ ഒരു നല്ല കാര്യമാണെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു' -മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ചുള്ള ചോദ്യത്തിന് വാന്‍സ് മറുപടി നല്‍കി. വിശ്വാസം, കുടുംബം, വ്യക്തിപരമായ നിലപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വാന്‍സിന്റെ ഉത്തരങ്ങള്‍ വലിയ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
അതിനിടെ, ഇന്ത്യക്കാര്‍ക്കെതിരായ വംശീയ വിദ്വേഷവും നാടുകടത്തണമെന്ന ആവശ്യങ്ങളും വര്‍ധിച്ചു വരുന്നതിനിടെയാണ് വാന്‍സിന്റെ ഈ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഭര്‍ത്താവിന്റെ വിശ്വാസത്തിനുവേണ്ടി തന്റെ കുടുംബത്തിന്റെ വിശ്വാസം ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉഷ വാന്‍സ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജൂണില്‍ മേഗന്‍ മക്കെയ്നുമായുള്ള അഭിമുഖത്തില്‍, താന്‍ മതം മാറാനോ അതുപോലുള്ള കാര്യങ്ങളോ ഉദ്ദേശിക്കുന്നില്ലെന്ന് ഉഷ പറഞ്ഞിരുന്നു. താനും ഭര്‍ത്താവും തങ്ങളുടെ കുട്ടികള്‍ക്ക് രണ്ടുപേരുടെയും മതപാരമ്പര്യങ്ങള്‍ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
'ഞാന്‍ കത്തോലിക്കയല്ലെന്ന് കുട്ടികള്‍ക്കറിയാം. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പുസ്തകങ്ങളിലൂടെയും ഞങ്ങള്‍ കാണിച്ചുകൊടുക്കുന്ന കാര്യങ്ങളിലൂടെയും അടുത്തിടെ ഇന്ത്യയിലേക്ക് നടത്തിയ യാത്രയിലൂടെയും ആ സന്ദര്‍ശനത്തിലെ ചില മതപരമായ ഘടകങ്ങളിലൂടെയും അവര്‍ക്ക് ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെടാന്‍ ധാരാളം അവസരമുണ്ടായിട്ടുണ്ട്.' അവര്‍ പറഞ്ഞു.
'ഉഷ വാന്‍സ് ഒരു ഹിന്ദുവാണ്, അജ്ഞേയവാദിയല്ല. ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അവര്‍ നടത്തിയത് ഒരു വൈദിക ഹിന്ദു വിവാഹമായിരുന്നു, അവരുടെ ഒരു കുട്ടിയുടെ പേര് വിവേക് എന്നാണ്.' വാന്‍സ് കുടുംബത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍-അമേരിക്കന്‍ കമന്റേറ്റര്‍ ദീപ് ബരോട്ട് രംഗത്തെത്തി. ഔദ്യോഗിക പദവിയിലിരിക്കെ വിവാഹമോചനം നേടുന്ന ആദ്യത്തെ യുഎസ് വൈസ് പ്രസിഡന്റ് വാന്‍സ് ആയിരിക്കുമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ അരി ഡ്രെന്നന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ എച്ച്-1ബി വിസകളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ചുവടുപിടിച്ച് ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ പ്രചരണം അമേരിക്കയില്‍ നടക്കുന്നുണ്ട്. യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യഹൈന്ദവ വിശ്വാസിയും ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സുമായ തുളസി ഗബ്ബാര്‍ഡ് ദീപാവലി ആശംസകള്‍ നേര്‍ന്ന് എക്സില്‍ പോസ്റ്റ് ചെയ്തപ്പോള്‍, 'ദീപാവലി അമേരിക്കന്‍ വിരുദ്ധമാണ്. ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് പോകുക', 'എന്റെ രാജ്യത്ത് നിന്ന് പുറത്തുപോവുക' തുടങ്ങിയ കമന്റുകള്‍ വന്നിരുന്നു.
എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ ദീപാവലി പോസ്റ്റിനും സമാന രീതിയില്‍ വംശീയാധിക്ഷേപം നേരിട്ടു. 'ഈശോയെ അന്വേഷിക്കുക. അവനാണ് മാര്‍ഗവും സത്യവും വെളിച്ചവും' എന്നും 'രക്ഷയ്ക്കായി കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുക' എന്നും ചിലര്‍ കമന്റ് ചെയ്തു.
