ട്രംപിന്റെ 'തീരുവ ആക്രമണം' ഭയന്ന് നെഞ്ചിടിപ്പോടെ ലോക രാജ്യങ്ങള്‍; പകരത്തിന് പകരം ചുങ്കത്തിന്റെ വിശദാംശങ്ങള്‍ യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും ബാധിക്കുക 'ഡേര്‍ട്ടി 15' രാജ്യങ്ങളെ; പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നെങ്കിലും പ്രത്യേക കരുതല്‍ ഉണ്ടാകുമോ? ഇന്ത്യയെ അനുകൂലിച്ചുള്ള ചൊവ്വാഴ്ചത്തെ പരാമര്‍ശം ശുഭപ്രതീക്ഷ

ട്രംപിന്റെ 'തീരുവ ആക്രമണം' ഭയന്ന് നെഞ്ചിടിപ്പോടെ ലോക രാജ്യങ്ങള്‍

Update: 2025-04-02 13:19 GMT

വാഷിങ്ടണ്‍: അമേരിക്കയുടെ വിമോചന ദിനം, അങ്ങനെയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏപ്രില്‍ രണ്ടിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങളെയാണ് മുഖ്യമായി ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. എന്തായാലും ഇന്ന് താരിഫിന്റെ വിശദാംശങ്ങള്‍ ട്രംപ് പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

വരുന്നിടത്ത് വച്ച് കാണാമെന്നാണ് ട്രംപിന്റെ നിലപാട്. താരിഫ് ചുമത്തുമ്പോള്‍, ചില രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. തങ്ങളുടെ ചെലവില്‍ മറ്റു രാജ്യങ്ങള്‍ വാണിജ്യ നേട്ടം ഉണ്ടാക്കുന്ന പരിപാടി ഇനി നടപ്പില്ല എന്നതാണ് ട്രംപിന്റെ കര്‍ശന നിലപാട്. 'അമേരിക്ക ആദ്യം' എന്ന നയം പിന്തുടരുന്ന ട്രംപ് പുതിയ പകരത്തിന് പകരം തീരുവ ചുമത്തുന്നതോടെ യുഎസിന്റെ വ്യാപാര കമ്മി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഇതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ നയങ്ങള്‍ അമേരിക്കയുടെ സാമ്പത്തിക നിലയെയും, തൊഴിലുകളെയും ബാധിച്ചേക്കും. എന്നാല്‍, തന്റെ നയത്തില്‍ ഉറച്ചുനിന്ന് ട്രംപ് മുന്നോട്ടുപോവുകയാണ്.

ഡേര്‍ട്ടി 15

ഉയര്‍ന്ന ചുങ്കം ചുമത്തുകയും, അമേരിക്കന്‍ ചരക്കുകള്‍ക്ക് വാണിജ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന 15 ശതമാനം വാണിജ്യ പങ്കാളികളെയാണ് യുഎസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഡേര്‍ട്ടി 15 രാജ്യങ്ങള്‍ എന്ന് സമീപകാലത്ത് വിശേഷിപ്പിച്ചത്.

ബെസന്റ് ക്യത്യമായ പട്ടിക പുറത്തുവിട്ടില്ലെങ്കിലും, 2024 ലെ യുഎസ് വാണിജ്യ വകുപ്പിന്റെ വ്യാപാര കമ്മി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ചില സൂചനകള്‍ കിട്ടും. അമേരിക്കയുമായി ഏറ്റവും കൂടുതല്‍ ചരക്ക് വ്യാപാര കമ്മിയുള്ള രാജ്യങ്ങള്‍ ഇവയാണ്:

ചൈന

യൂറോപ്യന്‍ യൂണിയന്‍

മെക്‌സികോ

വിയറ്റ്‌നാം

അയര്‍ലണ്ട്

ജര്‍മ്മനി

തായ് വാന്‍

ജപ്പാന്‍

ദക്ഷിണ കൊറിയ

കാനഡ

ഇന്ത്യ

തായ്‌ലന്‍ഡ്

ഇറ്റലി

സ്വിറ്റ്‌സര്‍ലണ്ട്

മലേഷ്യ

ഇന്തോനേഷ്യ

പട്ടികയിലെ ഈ രാജ്യങ്ങള്‍ യുഎസുമായുളള വ്യാപാര അസന്തുലിതാവസ്ഥയുടെ പേരില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ, അന്യായമായ വാണിജ്യ നയങ്ങള്‍ പിന്തുടരുന്ന 21 രാജ്യങ്ങളുടെ പട്ടികയും യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് തയ്യറാക്കിയിട്ടുണ്ട്.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ഇന്തൊനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, മെക്‌സികോ, റഷ്യ, സൊദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ് വാന്‍, തായ് ലന്‍ഡ്, തുര്‍ക്കി, യുകെ, വിയറ്റ്‌നാം എന്നിവയാണ് ആ രാജ്യങ്ങള്‍.

ഡേര്‍ട്ടി 15 രാജ്യങ്ങളെ ആയിരിക്കും പകരം തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക എന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ രാജ്യങ്ങളെ ചുങ്കം ചുമത്തല്‍ ബാധിക്കും എന്നാണ് ട്രംപിന്റെ ഒടുവിലത്തെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

എന്തൊക്കെ തീരുവ ചുമത്തും?

ഓരോ രാജ്യത്തിനും വ്യവസായത്തിനും അനുസൃതമായി വ്യത്യാസം വരും. നേരത്തെ ഉരുക്കിനും അലുമിനിയത്തിനും താരിഫ് കൂട്ടിയ ട്രംപ് വിദേശ ഓട്ടോമൊബൈലുകള്‍ക്ക് ലെവി ചുമത്തുകയും ചൈനീസ് ചരക്കുകളില്‍ നികുതി ചുമത്തുകയും ചെയ്തു.

ഫാര്‍മസിക്യൂട്ടിക്കല്‍ മേഖലയിലും, സെമികണ്ടക്ടര്‍ മേഖലയിലും അധിക നികുതി ചുമത്തിയേക്കും. മോട്ടോര്‍വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും ഉയര്‍ന്ന താരിഫ് ഏപ്രില്‍ നാലുമുതലാണ്.

ഇന്ത്യ തീരുവ കുറയ്ക്കുമെന്ന് ട്രംപ്

ഇന്ത്യ ഉടന്‍ തന്നെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏപ്രില്‍ 2 ന് പകരത്തിന് പകരം നികുതി ഏര്‍പ്പെടുത്താനിരിക്കെയാണ് ട്രംപിന്റെ അവകാശവാദം. ഏപ്രില്‍ രണ്ട് അമേരിക്കന്‍ വാണിജ്യ മേഖലയ്്ക്ക് വിമോചന ദിനമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സംസാരിക്കവേയാണ് ഇന്ത്യയ്ക്ക് പുറമേ മറ്റു അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളും ഇറക്കുമതി തീരുവ കുറയ്ക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

പകരത്തിന് പകരം നികുതി അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളെ ചൈനയോട് അടുപ്പിക്കുമെന്ന ആശങ്കകളെ അദ്ദേഹം തള്ളി. യൂറോപ്യന്‍ യൂണിയന്‍ കാറുകളുടെ തീരുവ അടുത്തിടെ 2.5 ശതമാനമായി കുറച്ചതാണ് തന്റെ തന്ത്രത്തിന്റെ വിജയമായി അദ്ദേഹം എണ്ണുന്നത്.

'ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു. മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു', യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വലിയ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് രംഗത്തെത്തിയിരുന്നു. 'ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഈ രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്', എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമ്മര്‍ദ്ദത്തിലാണ് ആഗോള വിപണി. ട്രംപ് തുടങ്ങി വച്ച വ്യാപാര യുദ്ധം ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രകടമായിരുന്നു. ഇപ്പോഴിതാ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം തീരുവ നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

വ്യാപാര യുദ്ധം മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ആഗോള ഓഗരി വിപണി. ഏഷ്യന്‍ ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. അതിനിടെ, ലോകത്തെ എല്ലാരാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. പകര തീരുവ നിലവില്‍ വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ 'വിമോചനദിന'മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. 'എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം', എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലായിരിക്കും നികുതി ചുമത്തുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും മേലേ തീരുവ എന്നാണ് ട്രംപ് പറയുന്നത്.

Tags:    

Similar News