കുറ്റപത്രം സമര്‍പ്പിച്ചിട്ട് 12 വര്‍ഷം; തുടരന്വേഷണമെന്ന പേരില്‍ പുനരന്വേഷണം നടത്തി പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് വഴിവിട്ട സഹായം; ഇതുവരെ എങ്ങുമെത്താതെ ഉണ്ണിത്താന്‍ വധശ്രമക്കേസ് വിചാരണ; സിബിഐ കൂട്ടിലടച്ച തത്ത തന്നെയോ?
സിബിഐ കൂട്ടിലടച്ച തത്ത തന്നെയോ?
കൊച്ചി: സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാന്‍ കഴിയാതെ പ്രമാദമായ ഉണ്ണിത്താന്‍ വധശ്രമക്കേസ്. ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത സിബിഐ കേസ് അട്ടിമറിച്ചതിനെതിരേ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികളാണ് വിചാരണയ്ക്ക് തടസമായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ മുഖ്യപ്രതിയെ രക്ഷിക്കാന്‍ വേണ്ടി സിബിഐയിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളി വ്യക്തമായിട്ടുള്ള കേസില്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികളിലും തീര്‍പ്പ് നീളുകയാണ്.
പൊലീസ് ക്രിമിനല്‍ ബന്ധത്തെ കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ച കൊല്ലത്തെ മാതൃഭൂമി ലേഖകനായിരുന്ന വി.ബി. ഉണ്ണിത്താനെ ആക്രമിച്ച് മൃതപ്രായനാക്കിയെന്ന കേസാണ് ഇതു വരെ എങ്ങുമെത്താതെ കിടക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ കേസ് ഏറ്റെടുത്ത സിബിഐ ചെന്നൈ യൂണിറ്റ് 2012 ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ വിചാരണ നടക്കവേയാണ് മുഖ്യപ്രതിയായിരുന്ന ഡിവൈഎസ്പി എന്‍. അബ്ദുള്‍ റഷീദിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്.
ഇതിനായി തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണം നടത്തി അഡീഷണല്‍ കുറ്റപത്രം നല്‍കുകയാണ് സിബിഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്തത് എന്നാണ് ആക്ഷേപം. പുനരന്വേഷണത്തില്‍ റഷീദിനെതിരേ സാക്ഷി പറഞ്ഞ നാല്‍പ്പതോളം പേരെ ഒഴിവാക്കി പകരം അത്രത്തോളം പേരെ സാക്ഷിപ്പട്ടികയില്‍ കയറ്റിയെന്നാണ് നിലവില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന ഹര്‍ജിക്കാരുടെ ആരോപണം. ഈ അഡീഷണല്‍ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ല്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിനെതിരേ നാലു ഹര്‍ജികളാണ് ഹൈക്കോടതിയിലുള്ളത്. രണ്ടെണ്ണം രണ്ടു സാക്ഷികള്‍ നല്‍കിയതാണ്. ഇവര്‍ ഹര്‍ജി നല്‍കിയത് കണ്ട് ഗത്യന്തരമില്ലാതെ സിബിഐയും മാധ്യമപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനും കക്ഷി ചേര്‍ന്നു.
സിബിഐയുടെ തുടരന്വേഷണം റഷീദിനെ തുണയ്ക്കാനുള്ളതോ?
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സ്വമേധയാ തുടരന്വേഷണം നടത്തി അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ് സിബിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഈ തുടരന്വേഷണത്തില്‍ പുതിയ തെളിവുകളൊന്നും ഹാജരാക്കാന്‍ സിബിഐ ക്ക് കഴിഞ്ഞിട്ടുമില്ല. നല്‍കിയ കുറ്റപത്രത്തിലെ ആരോപണങ്ങളെ തുടരന്വേഷണം കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തു.
ഇതാണു മുഖ്യപ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ വിചാരണയ്ക്കു മുന്‍പേ കുറ്റവിമുക്തനാകാന്‍ വഴിയൊരുക്കിയതെന്നും വിമര്‍ശനമുണ്ട്. സിബിഐയുടെ തുടരന്വേഷണം 2019 ല്‍ തന്നെ വി.ബി.ഉണ്ണിത്താന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ ഒരു സാക്ഷിയും മറ്റൊരു പ്രതിയും കേസില്‍ കക്ഷി ചേര്‍ന്നു. ഇതേ തുടര്‍ന്നാണു സിബിഐ 2021ല്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ സിബിഐയുടെ പ്രത്യേക പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി ഹാജരാ കാതിരുന്നതും നടപടികളെ ബാധിച്ചു.
ഇതിനിടയില്‍ ഹൈക്കോടതിയിലെ ഒരു സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനു വേണ്ടി വക്കാലത്ത് ഇല്ലാതെയും മറ്റൊരു പരാതിക്കാരനു വേണ്ടി വ്യാജവക്കാലത്തു സമര്‍പ്പിച്ചും ഹാജരായതു വിവാദമായി. ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരാണ് കേസു കേള്‍ക്കുന്നതില്‍ നിന്നു പിന്മാറിയത്. സിബിഐയുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണത്തിന് എതിരായ നിലപാടാണു കോടതിയില്‍ സ്വീകരിച്ചത്.