കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍; കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി; ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു; നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; കിഫ്ബിക്കെതിരെ സതീശന്‍; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രിയും

കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍;

Update: 2025-02-10 09:59 GMT

തിരുവനന്തപുരം: കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്ന് ആരോപിച്ച് റോജി എം ജോണ്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കിഫ്ബി പരാജയപ്പെട്ട മോഡലാണ്. വെന്റിലേറ്റര്‍ ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോള്‍ മോട്ടോര്‍ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി. കിഫ്ബിയെ ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു. കിഫ്ബി വെള്ളാനയായി മാറി.

സംസ്ഥാന ബജറ്റിന്റ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നില്‍ക്കുകയാണ്. എന്നിരുന്നാലും കിഫ്ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി ഇല്ലെങ്കിലും കടം എടുത്തു പദ്ധതികള്‍ നടപ്പാക്കാമായിരുന്നു. സംസ്ഥാനം ട്രിപ്പിള്‍ ടാക്സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോര്‍ വാഹന നികുതി, പിന്നെ ഇപ്പോള്‍ റോഡ് ടോളിലേക്ക് കടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒച്ചിഴയുന്ന വേഗതയിലാണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പോകുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ പദ്ധതി എന്നാണ് പ്രഖ്യാപിച്ചിരുന്നത്. 65000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആകെ പൂര്‍ത്തിയായത് 18000 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ്. ഇത് ധനകാര്യ മന്ത്രി നിയമസഭയില്‍ നല്‍കിയ കണക്കാണ്. പദ്ധതികള്‍ അനങ്ങുന്നില്ല. ഒരു എക്കണോമിക് മോഡല്‍ എന്ന് പറഞ്ഞ് അവതരിപ്പിച്ച കിഫ്ബിയിലെ ആദ്യത്തെ കോര്‍പ്പസ് ഫണ്ടാണ് മോട്ടോര്‍ വാഹന നികുതിയും പെട്രോളിയും നികുതിയും എന്നാണ് പറഞ്ഞത്. അതാകട്ടെ സഞ്ചിതനിധിയില്‍ നിന്നും എടുക്കുന്ന തുകയാണ്.

ആ തുക സഞ്ചിത നിധിയില്‍ നിന്നും എടുത്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരിക്കുന്ന തുകയില്‍ 1000 കോടി അധികമായി വയ്ക്കാം, ഇറിഗേഷന് 500 കോടി കൂടുതല്‍ വയ്ക്കാം. ബാക്കിയുള്ള വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കൊടുക്കാമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യക്തമായ സംവിധാനം പി.ഡബ്ല്യൂ.ഡിക്കുണ്ട്. കേരളത്തില്‍ വര്‍ഷങ്ങളായി സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. ആ വേഗതയുടെ പത്തിലൊന്ന് വേഗത പോലും കിഫ്ബി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കില്ല. -സതീശന്‍ ചൂണ്ടിക്കാട്ടി.

ധനകമ്മിയുടെ മൂന്ന് ശതമാനത്തിനും അപ്പുറം പണം പുറത്തു നിന്ന് കടം എടുക്കാമെന്നായിരുന്നു അന്നത്തെ ധനകാര്യ മന്ത്രിയുടെ വിചാരം. കടമെടുപ്പിന്റെ പരിധിയില്‍ വരാതെ കോടികള്‍ കടമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിനെ ബജറ്റിന് പുറത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബിയുടെ ബാധ്യതകളും ഉള്‍പ്പെടുമെന്നാണ് അന്ന് പ്രതിപക്ഷം പറഞ്ഞത്. ആര്‍ട്ടിക്കില്‍ 293 ല്‍ ഇതു വ്യക്തവുമാണ്. എത്ര രൂപ കടം എടുത്താലും അത് എഫ്.ആര്‍.ബി.എം ആക്ടിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍ സ്റ്റേറ്റിന്റെ സോവറിന്‍ ഗ്യാരന്റിയാണ് നല്‍കുന്നത്. അപ്പോള്‍ കടം അടയ്ക്കുന്നതിന്റെ ഉത്തരവാദിത്തവും സംസ്ഥാനത്തിനു തന്നെയാണ്.

കിഫ്ബി വരുമാനം ഉണ്ടാക്കുന്ന മോഡല്‍ അല്ലാത്തതു കൊണ്ടു തന്നെ ആത്യന്തികമായി കിഫ്ബിയുടെ കടം സര്‍ക്കാരിന്റെ തലയില്‍ വരും. കടമെടുപ്പിന്റെ പരിധി കേന്ദ്ര സര്‍ക്കാര്‍ മാറ്റിത്തന്നാലും ഈ പണം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ടേ? ആ ബാധ്യതയില്‍ നിന്നും സംസ്ഥാനത്തിന് ഒഴിഞ്ഞു മാറാനാകില്ല. അഞ്ച് വര്‍ഷത്തേക്ക് തിരിച്ചടയ്ക്കേണ്ട തുക ഞാന്‍ ഇവിടെ വായിക്കണോ? അത് സംസ്ഥാനത്തിന്റെ ബജറ്റ് തുകയ്ക്കും മുകളിലാണ്. ഇതാണ് കിഫ്ബി ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ നിയമപരമായ തടസവാദം. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. സംസ്ഥാനത്തിന്റെ ബജറ്റിന് മീതെ സമ്മര്‍ദ്ദമായി കിഫ്ബി നില്‍ക്കുകയാണ്. പണം തിരിച്ചടയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നിങ്ങള്‍ക്ക് മുന്നില്‍ ഇല്ല. ഈ പണം സഞ്ചിത നിധിയില്‍ കിടന്നിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ പണം വിവിധ വകുപ്പുകള്‍ക്ക് നല്‍കി മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താമായിരുന്നു. അതുകൊണ്ട് ഇതൊരു ഭയങ്കര സംഭവമാണെന്ന് വരുത്തി തീര്‍ക്കരുത്.

ദേശീയ പാത പണിയാന്‍ കിഫ്ബിയുടെ ഫണ്ടില്‍ നിന്നും നല്‍കിയ 6000 കോടി രൂപ സഞ്ചിതനിധിയില്‍ നിന്നല്ലേ? കിഫ്ബി ഇല്ലായിരുന്നെങ്കിലും ആ പണം നല്‍കാമായിരുന്നല്ലോ. ഇതൊന്നും അറിയാത്തതു കൊണ്ടാണ് ഭരണപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കുന്നത്. 20000 കോടി രൂപയാണ് സഞ്ചിതനിധിയില്‍ നിന്നും ഇതുവരെ കിഫ്ബിക്ക് നല്‍കിയത്. എന്നാല്‍ 18000 കോടിയുടെ പദ്ധതികള്‍ മാത്രമാണ് ഇതുവരെ കിഫ്ബി നടപ്പാക്കിയത്. എല്ലാ വര്‍ഷവും സംസ്ഥാനത്തിന്റെ ബജറ്റില്‍ നിന്നും പണം അടച്ചുകൊണ്ടിരിക്കണം.

പ്ലാനില്‍ നിന്നും സര്‍ക്കാര്‍ മാറി പ്രൊജക്ടുകള്‍ക്ക് പിന്നാലെ പോകുകയാണ്. ഇതു തന്നെയാണ് ഡല്‍ഹിയിലെ രീതിയിയും. അവിടെ പ്ലാനിങ് കമ്മിഷനെ മാറ്റി. പ്ലാന്‍ മാറ്റി പ്രൊജക്ടിന് പിന്നാലെ പോകുന്നത് തീവ്രവലതുപക്ഷ വാദമാണ്. അത് സി.പി.എം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും എതിര്‍ത്തിട്ടുണ്ട്. പ്ലാനില്‍ എപ്പോഴും ഒരു മുന്‍ഗണനാക്രമം ഉണ്ടാകും. ആയിരം കോടിയുണ്ടെങ്കില്‍ 100 കോടി പട്ടികജാതിക്കാര്‍ക്കും 20 കോടി പട്ടിക വര്‍ഗത്തിനും പോകും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദ്യാഭ്യാസവും ആരോഗ്യവും ഒക്കെ മാനദണ്ഡമാക്കിയാണ് പണം നല്‍കുന്നത്. എന്നാല്‍ പ്രജക്ടിന് പിന്നാലെ പോകുമ്പോള്‍ മറ്റു ചില ഗുണങ്ങളുണ്ട്. അത് എന്താണെന്ന് പറയുന്നില്ല. കിഫ്ബി നടപ്പാക്കുന്നതും പ്രോജക്ടുകളാണ്. പ്ലാന്‍ അല്ല. ഇത്രയും പണം പ്ലാനിലാണ് ചിലവാക്കിയിരുന്നതെങ്കില്‍ അതിന്റെ 12 ശതമാനം പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്ക് കൊടുക്കണമായിരുന്നു. ഇപ്പോള്‍ ചെലവഴിച്ചിരിക്കുന്നതിന്റെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് പട്ടികജാതി പട്ടിക വര്‍ഗ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ പ്രോജക്ടിന് പിന്നാലെ പോകുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന നിരവധി വിഭാഗങ്ങളോട് നീതിപുലര്‍ത്താനാകില്ല. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നയമാണ് പ്രോജക്ടിന് പിന്നാലെ പോകുന്നത്.

പെട്രോളിയം സെസില്‍ നിന്നും മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും കിട്ടുന്ന പണത്തിന് മീതെ വീണ്ടും ടോള്‍ ഏര്‍പ്പെടുന്നത് ട്രിപ്പിള്‍ ടാക്സേഷനാണ്. പണം കടമെടുത്താന്‍ ദേശീയപാതാ അതോറിട്ടി റോഡ് നിര്‍മ്മിക്കുന്നത്. എന്നിട്ടാണ് അവര്‍ ടോള്‍ പിരിക്കുന്നത്. എന്നാല്‍ പെട്രോളിയം സെസ്സും മോട്ടോര്‍ വാഹന നികുതിയും ഉപയോഗിച്ച് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ ഈടാക്കുന്നത് ട്രിപ്പിള്‍ ടാക്സേഷനാണ്. ഇത് നീതിപൂര്‍വകമായ നിലപാടല്ല.

9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ടായി 2150 കോടി വാങ്ങിയിട്ട് 3150 കോടിയാണ് തിരിച്ചടച്ചത്. അത് ബജറ്റില്‍ നിന്നാണ് തിരിച്ചടച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിന് വായ്പ കിട്ടുമ്പോഴാണ് ഇങ്ങനെ ചെയ്തത്. 1.5 ശതമാനം പലിശയ്ക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ മെട്രോയ്ക്ക് കടം എടുത്തത്. കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമ്പോഴാണ് നിങ്ങള്‍ പോയി മണി അടിച്ച് 9.72 ശതമാനത്തിന് മസാല ബോണ്ട് വാങ്ങിയത്. എന്നിട്ട് ആ പണം 6 ശതമാനത്തിന് ഇവിടുത്തെ ബാങ്കില്‍ ഇട്ടു. ഇതാണോ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക് മോഡല്‍ എന്ന് പറയുന്നത്.

സഞ്ചിതനികുതിയില്‍ നിന്നുള്ള പണം ചെലവഴിക്കുന്നത് സി.എ.ജി പരിശോധിക്കേണ്ടേ? ധനം ചെലവാക്കാനും വിനിയോഗിക്കാനുമുള്ള അനുമതിയും ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങളാണ് നിയമസഭയില്‍ നടക്കുന്നത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയെ കിഫ്ബി പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുകയാണ്. ഒരു പരിശോധനയുമില്ല. നിയമസഭ പാസാക്കി സഭയുടെ അനുമതിയോടെ സംസ്ഥാനത്ത് ചെലവാക്കുന്ന പണം സി.എ.ജി ഓഡിറ്റ് ചെയ്യും. എന്നാല്‍ സി.എ.ജി ഓഡിറ്റ് പറ്റില്ലെന്നാണ് കിഫ്ബി പറയുന്നത്. സി.എ.ജി വേണ്ട ഓഡിറ്റിങിന് ഞങ്ങള്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെ പരിശോധിക്കാന്‍ ഇത് നാട്ടിന്‍പുറത്തെ ക്ലബ്ബല്ല.

നാട്ടുകാര്‍ അടയ്ക്കുന്ന നികുതിപ്പണം ഓഡിറ്റിങിന് വിധേയമാക്കണം. ഓഡിറ്റ് ചെയ്താല്‍ അതൊരു വെള്ളാനയാണെന്ന് ബോധ്യമാകും. അവിടെ നടക്കുന്നത് പിന്‍വാതില്‍ നിയനമങ്ങളാണ്. ആരാണ് അവിടെ ശമ്പളം തീരുമാനിക്കുന്നത്. റിട്ടയര്‍ ചെയ്ത് ഓരോ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എത്ര ലക്ഷമാണ് ശമ്പളം വാങ്ങുന്നത്. പി.ഡബ്ല്യു.ഡിയിലെ ചീഫ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കേണ്ട ഓഡിറ്റ് കിഫ്ബില്‍ ചെയ്യുന്നത് ബി.എസ്.എന്‍.എല്ലിലെ ഉദ്യോഗസ്ഥരാണ്. എത്ര ലക്ഷം രൂപയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ ശമ്പളം പറ്റുന്നതെന്ന് പരിശോധിക്കണം.

കിഫ്ബി സംസ്ഥാനത്തിന് ഇപ്പോള്‍ ബാധ്യതയായിരിക്കുകയാണ്. കിഫ്ബിക്ക് അങ്ങോട്ട് പണം നല്‍കുന്നതു കൊണ്ടാണ് അന്‍പത് ശതമാനത്തോളം തുക പദ്ധതി വിഹിതത്തില്‍ നിന്നും കുറയ്ക്കേണ്ടി വരുന്നത്. കിഫ്ബിയെ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പരിതാപകരമായ ധനസ്ഥിതി കൂടുതല്‍ വഷളായി സംസ്ഥാനം കടത്തിന്റെ കാണാക്കയത്തിലേക്ക് വീണു പോകുമെന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.

കിഫ്ബി വഴി വലിയ മാറ്റമാണ് ഉണ്ടായെനന് കെ എന്‍ ബാലഗോപാല്‍

കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴി വരുമാനദായക പദ്ധതികള്‍ ഇനിയും കൊണ്ട് വരുമെന്നും ടോളിനെ സഭയിലും ന്യായീകരിച്ച് ധന മന്ത്രി പറഞ്ഞു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുത്. കിഫ്ബി വഴി വലിയ മാറ്റമാണ് ഉണ്ടായത്.

ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളര്‍ത്തുന്നത് പ്രതിപക്ഷമാണ്. മോന്‍ ചത്താലും മരുമോളുടെ കണ്ണീരെന്ന നയമല്ലേ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എടുത്തതെന്നും ധനമന്ത്രി ചോദിച്ചു. കിഫ്ബിയുടെ പേരിലെ വിമര്‍ശനത്തിന് ആത്മാര്‍ഥതയില്ലെന്ന് പ്രസംഗം കേട്ടാല്‍ തന്നെ തോന്നും. റോജി എം ജോണിന്റെ മണ്ഡലത്തില്‍ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് വരെ പൂര്‍ത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്.

ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരം. കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോള്‍ ഉണ്ടാകില്ലെന്നായിരുന്നു കിഫ്ബിയുടെ പിതാവ് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറുകയാണ്. നികുതി വരുമാനം ആണ് കിഫ്ബിയിലേക്ക് വകമാറ്റുന്നത്. ഇടത് മുന്നണിയില്‍ പോലും അഭിപ്രായ ഐക്യമില്ലെന്നും എന്താണ് കിഫ്ബി ടോളില്‍ ഇടത് നയമെന്നും റോജി എം ജോണ്‍ ചോദിച്ചു.

Tags:    

Similar News