പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര്‍ അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്‍
തിരുവനന്തപുരം: വീണ്ടും ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണമെന്നും തരൂരിന് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണെന്നും ഇനി ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് കേന്ദ്രമൊരുക്കിയ വിരുന്നില്‍ തരൂര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് വീഡിയോയും ഇട്ടു. ഇതിന് പിന്നാലെയാണ് തരൂരിനെ ഉണ്ണിത്താന്‍ പ്രകോപിപ്പിക്കുന്നത്.
'ഒരാളും അദ്ദേഹത്തിന്റെ കൂടെ ബിജെപിയില്‍ പോകില്ല എന്ന് മനസിലാക്കണം. അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ പണി എടുത്തതിന്റെ ഫലമായാണ് വലിയ വിജയം അദ്ദേഹത്തിനുണ്ടായത്. മികച്ച പരിഗണനയാണ് എല്ലാതവണയും അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്‍കിയത്. ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച മോദിക്ക് തരൂര്‍ പിന്തുണ നല്‍കുമ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങള്‍ എത്രത്തോളം വിഷമിക്കും. വലിയ അപരാധമാണ് അദ്ദേഹം ചെയ്യുന്നത്. ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ എല്ലാരും വേട്ടയാടിയപ്പോള്‍ ഒപ്പം നിന്നത് കോണ്‍ഗ്രസാണ്. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യമൊന്നും നടപ്പാക്കുന്ന കാര്യമല്ല. തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും- ഉണ്ണിത്താന്‍ പറഞ്ഞു.
നടപടി സ്വീകരിച്ച് രക്തസാക്ഷി പരിവേഷത്തോടെ പാര്‍ടി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് കോണ്‍ഗ്രസ് തയ്യാറല്ലെന്നും എന്താണേലും കോണ്‍ഗ്രസിന് ഗുണമുള്ള പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്ന് വ്യക്തമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്‍പും പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. രാംനാഥ് ഗോയങ്ക അനുസ്മരണ പ്രഭാഷണത്തില്‍ മോദിക്കൊപ്പം പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ അന്ന് പറഞ്ഞു. മോദിയെ തുടര്‍ച്ചയായി പുകഴ്ത്തുന്ന തരൂര്‍ കഴിഞ്ഞിടയ്ക്ക് ലേഖനത്തിലൂടെ നെഹ്റു കുടുംബത്തെ നിശിതമായി വിമര്‍ശിച്ചതും വിവാദമായിരുന്നു.
കഴിഞ്ഞദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ അത്താഴവിരുന്നില്‍ തരൂര്‍ പങ്കെടുത്തത്. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും തഴഞ്ഞ സ്ഥാനത്താണ് തരൂര്‍ പോയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മോദിസ്തുതി വര്‍ധിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. പലഘട്ടങ്ങളിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന നിലപാടെടുത്തു. വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായശേഷം തനിക്ക് വിദേശകാര്യനയത്തില്‍ ബിജെപി-കോണ്‍ഗ്രസ് വേര്‍തിരിവില്ലെന്ന് പ്രഖ്യാപിച്ചാണ് തരൂരിന്റെ പോക്ക്.
തരൂരിനെതിരെ നടപടിക്ക് കോണ്‍ഗ്രസ് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തരൂരിന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ശക്തമായ സാഹചര്യത്തിലാണിത്. ചില വ്യക്തികളുടെ സ്തുതി പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രപതി ഭവനിലെ ഭക്ഷണത്തിന്റെ രുചിയെ പുകഴ്ത്തിയ തരൂരിന് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച പ്രതികരണം അത്ര രുചികരമായിരുന്നില്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നുംചില വ്യക്തികളുടെ സ്തുതി പാര്‍ട്ടിയെ ബാധിക്കില്ലെന്നും പറഞ്ഞ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച എന്ന് പറഞ്ഞു.
ലോക്‌സഭ രാജ്യസഭാ പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത വിരുന്നില്‍ പങ്കെടുത്ത തരൂര്‍, സ്വന്തം മനസാക്ഷിയോടെങ്കിലും ആലോചിക്കണമായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുറന്നടിച്ചിരുന്നു. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയിലാണ് തന്നെ ക്ഷണിച്ചതെന്നാണ് തരൂരിന്റെ പ്രതിരോധം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പാര്‍ലമെന്റ് പ്രതിനിധിസംഘത്തെ നയിക്കാന്‍ പാര്‍ട്ടി അനുമതിയില്ലാതെ പോയപ്പോഴും ഇതുതന്നെയായിരുന്നു വിശദീകരണം.
ലോക്്‌സഭാ പ്രതിപക്ഷ നേതാവിനെപ്പോലും ക്ഷണിക്കാത്ത വിരുന്നില്‍ എങ്ങനെയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. മറ്റ് നേതാക്കളെ ക്ഷണിക്കാത്ത് തനിക്ക് അറിയില്ല എന്ന് തരൂരും പ്രതികരിക്കുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിച്ച് തരൂര്‍ വീഡിയോ ഇട്ടത്.
