സര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന്‍ കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസം
വിനോദിനിക്ക് തുണയായി വി ഡി സതീശന്‍
പാലക്കാട്: ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒന്‍പത് വയസ്സുകാരി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുനല്‍കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉറപ്പ് നല്‍കി. കുട്ടിയുടെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഈ ഇടപെടല്‍ നിസ്സഹായാവസ്ഥയിലായിരുന്ന കുടുംബത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
വി.ഡി. സതീശന്‍ നേരിട്ട് വിളിച്ച് ഉറപ്പ് നല്‍കിയതായി വിനോദിനിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും ഈ സഹായത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് കൃത്രിമ കൈ വെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ഈ തുക കൃത്രിമ കൈ വെക്കാന്‍ പര്യാപ്തമല്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ണായകമായ സഹായവാഗ്ദാനം.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത ശേഷം പ്ലാസ്റ്റര്‍ ഇട്ട് കുട്ടിയെ വിട്ടയച്ചു. വേദന കൂടിയതോടെ സെപ്തംബര്‍ 25-ന് വീണ്ടും ചികിത്സ തേടിയെത്തിയെങ്കിലും കൈ ഒടിഞ്ഞാല്‍ വേദനയുണ്ടാകുമെന്നും ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയച്ചുവെന്ന് കുടുംബം പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇതിനിടെ കുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന അസഹനീയമാകുകയും ചെയ്തതോടെ കുടുംബം സെപ്തംബര്‍ 30-ന് വീണ്ടും ആശുപത്രിയിലെത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണ് നിര്‍ദേശിച്ചതെന്നും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് കുട്ടിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ നഷ്ടപ്പെടാന്‍ കാരണമെന്നും കുടുംബം ജില്ലാ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് ആരോപിച്ചു.
അതേസമയം, അപൂര്‍വമായി നടക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും നീരോ വേദനയോ ഉണ്ടായാല്‍ വീണ്ടും വരാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സയാണ് നല്‍കിയതെന്നാണ് ഡി.എം.ഒ. ചുമതലപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രാഥമികമായി പറഞ്ഞിരുന്നത്.
ഈ ഗുരുതരമായ ചികിത്സാ അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും, അതിനുശേഷം മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ടാര്‍പായ വലിച്ചുകെട്ടിയ കൊച്ചുകൂരയില്‍ കഴിയുന്ന വിനോദിനിയുടെ കുടുംബത്തിന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രച്ചെലവുകള്‍ പോലും കടം വാങ്ങിയാണ് കണ്ടെത്തേണ്ടി വന്നത്. മാസങ്ങളോളം നീളുന്ന ചികിത്സയ്ക്കും പ്ലാസ്റ്റിക് സര്‍ജറിക്കും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു ഈ കുടുംബം. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ വിനോദിനിയുടെ ഭാവിയെക്കുറിച്ച് ആശങ്കയിലായിരുന്ന മാതാപിതാക്കള്‍ക്ക് വലിയൊരു പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
