തിരഞ്ഞെടുപ്പില്‍ കാത്തുകൊള്ളണം! എണ്ണായിരത്തിലധികം ഉണ്ണിയപ്പം കൊണ്ട് തുലാഭാരം; പന്മന സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ച്ച നിറവേറ്റി വി ഡി സതീശന്‍; തുലാഭാരം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ട്

വി ഡി സതീശന് തുലാഭാരം

Update: 2025-10-27 13:21 GMT

ചവറ: വഴിപാട് നടത്താമെന്ന് നേര്‍ന്നാല്‍ അത് നിറവേറ്റണമെന്നാണ് വിശ്വാസം. തിരഞ്ഞെടുപ്പ് വിജയത്തിനായി വി ഡി സതീശന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുലാഭാരം നേര്‍ന്നിരുന്നു. പന്മന സുബ്രഹ്ണ്യ ക്ഷേത്രത്തില്‍ ഇന്ന് വി ഡി സതീശന്‍ പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള നേര്‍ച്ചയല്ല നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പന്മനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുലാഭാരം നടത്താമെന്ന് നേര്‍ന്നിരുന്നു. വിജയം കൈപ്പിടിയില്‍ വന്നില്ലെങ്കിലും സതീശന്‍ കൊല്ലത്ത് എത്തിയ സാഹചര്യത്തില്‍ നേര്‍ച്ച നടത്തുക ആയിരുന്നു

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ക്ഷേത്രത്തില്‍ എത്തിയ സതീശന്‍ ദര്‍ശനത്തിനു ശേഷമാണ് തുലാഭാരം നടത്തിയത്. കൊട്ടാരക്കര ക്ഷേത്രത്തില്‍ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പം തയ്യാറാക്കിയത്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിനു സാക്ഷികളായി.

Tags:    

Similar News