മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം മാറാന്‍ നിരാഹാര ജന്തര്‍മന്ദറില്‍ സമരം; വി.പി. സുഹ്‌റ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; സുഹ്‌റ ഉന്നയിക്കുന്ന വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പ്; പ്രിയങ്ക ഗാന്ധിയെയും കാണാന്‍ ശ്രമിക്കുമെന്ന് സുഹ്‌റ

മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം മാറാന്‍ നിരാഹാര ജന്തര്‍മന്ദറില്‍ സമരം

Update: 2025-02-23 13:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച സാമൂഹ്യപ്രവര്‍ത്തക വി.പി. സുഹ്‌റ പൊലീസ് കസ്റ്റഡിയില്‍. പൊലീസ് അനുമതി നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും സമരം തുടര്‍ന്നതോടെയാണ് സുഹറയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വി.പി. സുഹറയുടെ സമരം. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസാണ് വിപി സുഹ്‌റയെ കസ്റ്റഡിയിലെടുത്തത്.

മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, പിന്തുടര്‍ച്ചാവകാശത്തില്‍ ലിംഗനീതി ഉറപ്പാക്കുക, മാതാപിതാക്കള്‍ മരണപ്പെട്ട അനാഥ പേരമക്കള്‍ക്കും പിന്തുടര്‍ച്ചാവകാശം അനുവദനീയമാക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ വില്‍പത്രം എഴുതി വെക്കാനുള്ള അവകാശം മുസ്ലിംകള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സുഹറയുടെ നിരാഹാര സമരം. ദില്ലി ജന്തര്‍മന്ദറിലായിരുന്നു വി.പി. സുഹറയുടെ സമരം.

കസ്റ്റഡിയിലായതോടെ വി.പി. സുഹറയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണില്‍ വിളിച്ച് സംസാരിച്ചു. സുഹറ ഉന്നയിക്കുന്ന വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സുരേഷ്‌ഗോപി ഉറപ്പ് നല്‍കി. കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടു ദിവസത്തിനകം കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാ മന്ത്രി എന്നിവരെ കാണാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധിയെയും കാണുമെന്നും ഡല്‍ഹിയില്‍ തുടരുമെന്നും വിപി സുഹ്‌റ പറഞ്ഞു.

സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും തന്റെ പോരാട്ടം തുടരുമെന്നും വിപി സുഹ്‌റ വ്യക്തമാക്കി. നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണ്. 2016 മുതല്‍ സുപ്രീംകോടതിയില്‍ കേസ് ഉണ്ട്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്. ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ പൊരുതി നേടിയതാണ്. പിന്തുടര്‍ച്ചാവകാശത്തില്‍ ചീഫ് ജസ്റ്റിസിനും കത്തയച്ചു. കേരളത്തിലെ എംഎല്‍എമാരെയും എംപിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും സ്ത്രീകള്‍ക്ക് അവകാശങ്ങളും നീതിയും ലഭിക്കാത്ത എന്തുകൊണ്ടെന്നാണ് സുഹറ ചോദിക്കുന്നത്.

Tags:    

Similar News