വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്‍മികന്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ സജീവമായി ഇടപെടുകയും അതില്‍ കയ്യൊപ്പു ചാര്‍ത്തുകയും ചെയ്ത ജീവതമാണ് വി.എസ്.അച്യുതാനന്ദന്റെത്. ഒന്നിലും കീഴടങ്ങാത്ത സമരതീക്ഷ്ണതകൊണ്ടും ജനകീയതയെ മുറുകെപ്പിടിച്ച നിലപാടുകള്‍കൊണ്ടും ജീവിതത്തെ അത്രമേല്‍ അര്‍ഥപൂര്‍ണമാക്കി അദ്ദേഹം. ജനങ്ങള്‍ക്കൊപ്പമാവണം ഒരു രാഷ്ട്രീയ നേതാവെന്ന അടിസ്ഥാനപാഠം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വിഎസ്, ആ ജനകീയതയാണ് ഒരു നേതാവിന്റെ ഏറ്റവും വിലപിടിപ്പുള്ള നിക്ഷേപമെന്നും അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെ കേരളത്തെ ഓര്‍മിപ്പിക്കുന്നു.
തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തപ്പോലെ അധികം നേതാക്കളെയൊന്നും കേരളം കണ്ടിട്ടില്ല. വിശ്രമിക്കാത്ത, വിട്ടുകൊടുക്കാത്ത ഈ പോരാട്ടവീര്യം തന്നെയാണ് വിഎസിനെ എക്കാലത്തെയും വ്യത്യസ്തനായ രാഷ്ട്രീയനേതാവാക്കുന്നതും. സംഭവബഹുലമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. നീണ്ട പൊതുപ്രവര്‍ത്തനത്തിനിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവയടക്കമുള്ള സമുന്നതപദവികള്‍ വിഎസ് വഹിച്ചു. സിപിഎമ്മിലാകട്ടെ, സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയില്‍ അംഗവുമൊക്കെയായിട്ടുണ്ട് വിഎസ്.
ഇവിടെയൊക്കെയും വി എസിന് പക്ഷെ ഒരുമുഖമേ ഉണ്ടായിരുന്നുള്ളു.. ജനപക്ഷത്തിന്റെ മുഖം..2006 മുതല്‍ 11 വരെ നീണ്ട വി എസ്സിന്റെ മുഖ്യമന്ത്രി കാലത്ത് നടപ്പാക്കിയതും ജനക്ഷേമങ്ങളായ നിരവധി പദ്ധതികളാണ്.പാതിവഴിയില്‍ മുടങ്ങിക്കിടന്ന പല പദ്ധതികളെ പൂര്‍ണ്ണതയില്‍ എത്തിക്കവാനും തുടക്കം പോലും അനിശ്ചിതത്വത്തിലായ പദ്ധതികള്‍ക്ക് ജീവന്‍ നല്‍കാനുമൊക്കെ അ അഞ്ച് വര്‍ഷക്കാലയളവില്‍ സാധിച്ചു.വി എസ് മുഖ്യമന്ത്രിക്കാലത്തെ ശ്രദ്ധേയ പദ്ധതികളെ അറിയാം
രാജ്യത്തെ തന്നെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലായ വല്ലാര്‍പാടം പദ്ധതി
വി എസ് അച്യതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തെ ഏറ്റവും ശ്രദ്ധേയ പദ്ധതികളിലൊന്നാണ് വല്ലാര്‍പാടം പദ്ധതി. രാജ്യത്തെ തന്നെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലാണ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായിരിക്കെയാണ് 3200 കോടിയുടെ ഈ ബൃഹത്പദ്ധതി തുടങ്ങിയതും ഉദ്ഘാടനം ചെയ്തു നടപ്പില്‍ വരുത്തിയതും.
ഇത് കേരളത്തില്‍ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാര്‍പാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.2005 ഫെബ്രുവരി 1 ന് നിര്‍മ്മാണം ആരംഭിച്ച പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ 2011 ല്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
കണ്ണൂര്‍ വിമാത്താവളം സ്ഥലമേറ്റെടുപ്പും ശിലാസ്ഥാപനവും
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പൂര്‍ത്തീകരണത്തിലേക്ക് നയിച്ച ഒട്ടനവധി പ്രമുഖരെ കാണാന്‍ സാധിക്കുമെങ്കിലും പദ്ധതിയുടെ ശിലാസ്ഥാപനവും മുടങ്ങിക്കിടന്ന സ്ഥലമേറ്റെടുപ്പ് പൂര്‍ത്തികരിച്ചതിന്റെയും ക്രെഡിറ്റ് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയ്ക്കാണ്. പദ്ധതി വേണമെന്ന അന്തിമ തീരുമാനത്തിന് ശേഷം സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. പിന്നീട് 2003 സെപ്റ്റംബറില്‍ കേന്ദ്ര വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് വിമാനത്താവളം സജീവപരിഗണനയിലെന്ന് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കുമെന്ന് 2004 ഡിസംബറില്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്സഭയെ അറിയിച്ചു. തുടര്‍ന്ന് ഉമ്മല്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2005 മാര്‍ച്ചില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു. 2005 ജൂലൈയില്‍ വിമാനത്താവള ഭൂമിയുടെ പുതിയ രൂപരേഖ റവന്യു വകുപ്പ് തയാറാക്കി.
2006ല്‍ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരമേറ്റെടുത്തതിനെ തുടര്‍ന്നു ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിച്ചു.2007 മാര്‍ച്ചില്‍ പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചു.2007 ഒക്ടോബറില്‍ മൂര്‍ഖന്‍പറമ്പില്‍ 1,091 ഏക്കര്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനം വന്നു. ഓഗസ്റ്റില്‍ രണ്ടാംഘട്ട സ്ഥലമെടുപ്പിനും വിജ്ഞാപനം പുറപ്പെടുവിച്ചു.സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ ഓഫിസുകള്‍ വീണ്ടും ആരംഭിച്ചു.2008 ജനുവരിയില്‍ വിമാനത്താവളത്തിനു കേന്ദ്രാനുമതിയായി. വിമാനത്താവളം ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ 2008 മേയില്‍ മന്ത്രിസഭ തീരുമാനിച്ചു.2009 ഡിസംബറില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) നിലവില്‍ വന്നു.2010 ഡിസംബറില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പദ്ധതിക്കു തറക്കല്ലിട്ടു.
കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം
കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ ഏറ്റവും നീളം കൂടിയ ലൈറ്റ് റെയില്‍ സിസ്റ്റമാണ് കൊച്ചി മെട്രോ.കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന്് പരിഹരിക്കുന്നതിന് വേണ്ടിയാണ് മെട്രോ പദ്ധതി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനത്തിന്റെ മികച്ച ഉദാഹരണമായ പദ്ധതിയാണ് കൊച്ചി മെട്രോ. റെയില്‍, റോഡ്, ജലഗതാഗത സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു മെട്രോ സര്‍വീസ് ആണ് കൊച്ചി മെട്രോ സര്‍വീസ്.മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്
.1999ല്‍ ആണ് മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം കൊച്ചിയില്‍ ആരംഭിക്കുന്നത്. പിന്നീട് 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്തിയപ്പോള്‍ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (DPR) തയ്യാറാക്കി. അതിന് ശേഷം 2007ല്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കി.
കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി പുനരവലോകനവും അംഗീകാരവും
കൊച്ചി മെട്രോയുടേതിന് സമാനമായി നിരവധി പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കിയതും വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ്. സംസ്ഥാന സര്‍ക്കാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം ഇന്‍വെസ്റ്റ്മെന്റ്സും സംയുക്തമായാണ് കൊച്ചിയില്‍ പദ്ധതിയാരംഭിക്കാന്‍ ധാരണയായത്. 2003 ലെ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കേരള ഗവണ്‍മെന്റിലെ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപ രേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍വേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപനപ്രതിനിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു.എന്നാല്‍ കരാറിലെ ചില വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ 2011 വരെ പദ്ധതി അനിശ്ചിതത്വത്തിലായി. കരാറിലെ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കരാര്‍ ഒപ്പ് വെച്ചു.2011 ഫെബ്രുവരി 2-നാണ് സ്മാര്‍ട്ട് സിറ്റി കരാറില്‍ കേരള ഗവണ്‍മെന്റ് ഒപ്പു വെച്ചത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍
കേരള സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പ് വരുത്തുന്ന തിനും വേി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവര്‍ത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്ന തിനുമുള്ള നിയമം നിലവില്‍ വരുന്നത് വി എസ് മന്ത്രിസഭയുടെ കാലത്താണ്.12-08-2008 മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണം
പ്രതിപക്ഷ നേതാവായിരിക്കെയാണ് തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവിശ്യം വി എസ്സിന്റെ ശ്രദ്ധയില്‍ പെടുന്നത്.ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച വിഎസ് വിഷയം ഏറ്റെടുത്തു.ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ കന്റോണ്‍മെന്റ് ഹൗസില്‍ പോയി വിഎസിനെ കണ്ടു.അന്ന് അദ്ദേഹം മലപ്പുറം കലക്ടറെ വിളിച്ചു മാമാങ്ക സ്മാരകങ്ങളെ കുറിച്ചുള്ള എല്ലാ ഫയലുകളും എടുപ്പിച്ചു. ഫയലുകള്‍ പഠിച്ച് പിറ്റേന്നു നിയമസഭയില്‍ സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ സ്മാരകങ്ങള്‍ ഏറ്റെടുക്കാമെന്ന് മറുപടി നല്‍കിയെങ്കിലും സംരക്ഷിത സ്മാരകമാക്കിയില്ല.
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ വി എസ് പക്ഷെ അതുപേക്ഷിക്കാന്‍ തയ്യാറായില്ല.വിഎസ് നേരിട്ട് സ്ഥലത്തെത്തി എല്ലാ സ്മാരകങ്ങളും കണ്ടു.പിന്നീട് മുഖ്യമന്ത്രി ആയപ്പോള്‍ അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ.ബേബിയോട് ഇക്കാര്യത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അങ്ങനെ അവ സംരക്ഷിത സ്മാരകങ്ങളായി മാറി. ഇതിനായി 80 ലക്ഷത്തോളം രൂപ അനുവദിച്ചു നല്‍കി.
സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് റെയില്‍വേ മേല്‍പ്പാലം: ഒറ്റപ്പാലം- മായന്നൂര്‍ പാലം
സംസ്ഥാനതലത്തില്‍ വലിയ പ്രതിഫലം ഉണ്ടാക്കിയില്ലെങ്കിലും വി എസ് മന്ത്രിസഭയിലെ ശ്രദ്ധേയ പദ്ധതികളിലൊന്നാണ് ഒറ്റപ്പാലം മായന്നൂര്‍ പാലം.ജീവന്‍ കൈയില്‍ പിടിച്ച് കടത്ത് തോണിയിലാണ് പതിറ്റാണ്ടുകളായി ഭരതപ്പുഴയ്ക്കപ്പുറം കാണുന്ന ഒറ്റപ്പാലത്തേക്ക് ഒരു ജനത പോയിരുന്നത്. ഈ ദുരിതകാലം അവസാനിച്ചത് കെ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വി എസ് മന്ത്രിസഭയുടെ കാലത്ത് മായന്നൂര്‍- ഒറ്റപ്പാലം പാലം സാധ്യമാക്കിയതോടെയാണ്.നേരത്തേ മായന്നൂരില്‍നിന്ന് റോഡ് മാര്‍ഗം ഒറ്റപ്പാലത്ത് എത്തണമെങ്കില്‍ പഴയന്നൂര്‍- തിരുവില്വാമല വഴി 18 കിലോമീറ്റര്‍ താണ്ടണമായിരുന്നു. പാലം സാധ്യമായതോടെ നാല് കിലോമീറ്ററായി ദൂരം കുറഞ്ഞു.
1996ല്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എയാകുകയും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയുമായതോടെ പാലം നിര്‍മാണം ആരംഭിച്ചു. മന്ത്രി ടി ശിവദാസമേനോന്‍ കല്ലിട്ടു. 1997 ഡിസംബര്‍ 31ന് ഭരണാനുമതി നല്‍കി 1997--98 ബജറ്റില്‍ 20 ലക്ഷംരൂപ വകയിരുത്തി. സിപിഐ എം നേതൃത്വത്തില്‍ പാലം നിര്‍മാണകമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനത്തിന് ആക്കംകൂട്ടി.2001 - 2006 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പ്രവര്‍ത്തനം മന്ദഗതിയിലായി.
2006-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചു.റെയില്‍വേ ഉന്നയിച്ച സാങ്കേതിക തടസ്സമടക്കം നീക്കിയാണ് സ്പീക്കറായിരുന്ന കെ രാധാകൃഷ്ണന്റെ ഇടപെടലില്‍ പാലം സാധ്യമാക്കിയത്.സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് റെയില്‍വേ മേല്‍പ്പാലം നിര്‍മിച്ചത് ഇവിടെയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം.പാറ തുരന്നാണ് തൂണുകള്‍ നിര്‍മിച്ചത്.ഒന്നേമുക്കാല്‍ കിലോമീറ്റര്‍ നീളമുണ്ട് പാലത്തിന്. 275 മീറ്റര്‍ അപ്രോച്ച്‌റോഡും 93.84മീറ്റര്‍ റെയില്‍വേ മേല്‍പ്പാലവുമാണ്.2011 ജനുവരി 22നാണ് ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായി പാലം സാധ്യമാക്കിയത്.
വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭകാലത്തെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികള്‍ മാത്രമാണ് മുകളില്‍ സുചിപ്പിച്ചത്.ഇതിന് പുറമെ കോഴിക്കോട് സൈബര്‍പാര്‍ക്ക്,അഷ്ടമുടിക്കായല്‍ ടൂറിസം പദ്ധതിയും മലമ്പുഴ ടൂറിസം നവീകരണവും,ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, സൈലന്റ് വാലി ബഫര്‍സോണ്‍,കൊല്ലം ടെക്നോപാര്‍ക്ക്,ഇന്‍ഫോപാര്‍ക്ക് വികസനം,തുളുഭാഷ സംരക്ഷണത്തിനായി കേരള തുളു അക്കാദമി എന്നിങ്ങനെ പോകുന്നു വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ കാലത്തെ ശ്രദ്ധേയ പദ്ധതികള്‍.ഒപ്പം തന്നെ മൂന്നാര്‍ ഒഴിപ്പിക്കല്‍,പ്ലാച്ചിമട സമരം തുടങ്ങിയ ജനകീയ വിഷയങ്ങളിലും അദ്ദേഹം ഭാഗവാക്കായി.ഇതൊക്കെ തന്നെയാണ് മറ്റു മന്ത്രിമാരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയതും.