ക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സൈബറിടത്തില്‍ വ്യാപക പ്രതിഷേധം; അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമെന്ന് വി ടി ബല്‍റാം
ക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി
പാലക്കാട്: ക്രിസ്തുമസ് സമയമായതോടെ ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ സംഘപരിവാറിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ അക്രമ സംഭവങ്ങളുമായി രംഗത്തുവരികയാണ്. ഉത്തരേന്ത്യയില്‍ നിന്നും പുറത്തുവരുന്ന വീഡിയോകള്‍ പലതും ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാക്കുന്നതുമാണ്. ക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദിയുടെ വീഡിയോയാണ് ഒടുവില്‍ പുറത്തുവന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂവെന്നും ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ലെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പ്രതികരിച്ചതു. .ക്രെസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദിയുടെ വിഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
ക്രിസ്തുമത വിശ്വാസികളുടെ സംഗമം നടക്കുന്ന ഹാളില്‍ അതിക്രമിച്ചുകയറിയ സംഘം ജയ്ശ്രീറാം മുഴക്കുന്നതും വൈദികനെ അടക്കം ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. യേശുവിനെയും ബൈബിളിനെയും കന്യാമറിയത്തെയും ഇവര്‍ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്നുമുണ്ട്.
'ഹിംസാത്മകതയുടേയും അപരവിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രം തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് ഇവിടുത്തെ ഹിന്ദുക്കള്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കേണ്ടതും മറ്റാരെക്കളും അവരുടെ തന്നെ ഉത്തരവാദിത്തമാണ്. ക്രിസ്മസ് കാലത്ത് കേക്കും മാതാവിന് കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാന്‍ കൃസ്ത്യാനികള്‍ക്കും കഴിഞ്ഞാല്‍ നന്ന്' -ബല്‍റാം കുറിച്ചു.
അതിനിടെ, ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടിരുന്നു. മതവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആഘോഷത്തില്‍നിന്ന് പിന്മാറണമെന്നാണ് കടയുടമകളോടും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സംഘടന ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെക്കാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, മറ്റ് വിശ്വാസങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സമൂഹത്തില്‍ സ്വീകാര്യത നല്‍കുമെന്നും വി.എച്ച്.പി ഇന്ദ്രപസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത ഡിസംബര്‍ 13 ന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹിന്ദുക്കളോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വാണിജ്യ നേട്ടങ്ങള്‍ക്കായി ഹാപ്പി ക്രിസ്മസ്, മെറി ക്രിസ്മസ് തുടങ്ങിയവ കൊണ്ട് ഹിന്ദുക്കള്‍ തങ്ങളുടെ കടകള്‍ അലങ്കരിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും വി.എച്ച്.പി ചൂണ്ടിക്കാട്ടി. ഇത്തരം കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും സംഘടന നിര്‍ദേശിച്ചു.
ക്രിസ്മസ് ആഘോഷിക്കുകയോ 'ഹാപ്പി ക്രിസ്മസ്' അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്ന ഷോപ്പിങ് മാളുകളുടെയും സ്‌കൂളുകളുടെയും മാനേജ്‌മെന്റിന് തങ്ങള്‍ കത്ത് അയക്കുമെന്ന് വിഎച്ച്പി അറിയിച്ചു. സംഘര്‍ഷമോ ശത്രുതയോ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇതെന്നും 'സമാധാനപരമായ സാംസ്‌കാരിക ഉണര്‍വ്' വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
'ക്രിസ്ത്യന്‍ മിഷനറിമാര്‍ നമ്മുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യുന്നു. അവര്‍ മതപരിവര്‍ത്തനം നടത്തുന്നു. അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കത്ത് തയാറാക്കിയത്' -സുരേന്ദ്ര ഗുപ്ത 'ദി വയറി'നോട് പറഞ്ഞു. 'മതപരിവര്‍ത്തനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇവിടെ എത്തുന്നവരാണ് മതധ്രുവീകരണത്തെ കുറിച്ച് ചിന്തിക്കേണ്ടത്. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സഭ പരസ്യമായി പ്രഖ്യാപിക്കണം. എങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുന്നതിന് ഒരു പ്രശ്‌നവുമില്ല. പരസ്യമായി രോഗശാന്തി സേവനങ്ങള്‍ നടത്തുകയും, മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, നിരപരാധികളെ മതപരിവര്‍ത്തനം നടത്തുകയും ചെയ്താല്‍ നമ്മുടെ സമൂഹത്തെ സംരക്ഷിക്കാന്‍ നമുക്ക് അവകാശമില്ലേ' -അദ്ദേഹം ചോദിച്ചു.
ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, വാക്കുകളിലെ വെറുപ്പ് നോക്കൂ,
ശരീരഭാഷയിലെ അക്രമോത്സുകത നോക്കൂ..
ഇതാണ് ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം. ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം.
എന്നാല്‍ ഇതല്ല ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളുടെ സാധാരണ ഗതിയിലുള്ള സ്വഭാവം. ഹിംസാത്മകതയുടേയും അപരവിദ്വേഷത്തിന്റേയും ഒരു പ്രത്യയശാസ്ത്രം തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് ഇവിടുത്തെ ഹിന്ദുക്കള്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കേണ്ടതും മറ്റാരെക്കളും അവരുടെ തന്നെ ഉത്തരവാദിത്തമാണ്.
ക്രിസ്മസ് കാലത്ത് കേക്കും മാതാവിന് കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാന്‍ കൃസ്ത്യാനികള്‍ക്കും കഴിഞ്ഞാല്‍ നന്ന്.
എത്രയോ തവണ, എത്രയോ ആളുകള്‍ പറഞ്ഞിട്ടുള്ള ഒരു ചരിത്ര വസ്തുത വീണ്ടുമാവര്‍ത്തിക്കുന്നു:
ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ല.
