തീപിടിച്ച വാന്‍ ഹായ് 503 കപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3നെക്കാള്‍ വലുത്; കുറഞ്ഞത് 100 ഡേയ്ഞ്ചറസ് കണ്ടൈനറുകളെങ്കിലും കാണും; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി വീണ്ടും തീ ആളികത്തുന്നു; കടലില്‍ പൊട്ടിത്തെറിക്ക് വരെ സാധ്യത; ജലവിസ്‌ഫോടനം ഒഴിവാക്കാന്‍ ശ്രമം തുടരുന്നു
കൊച്ചി : കൊച്ചി തീരത്തിന് സമീപം ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പെട്ട വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടരുന്നു. ഇതോടെ കപ്പല്‍ ജല ബോംബായി മാറാനുള്ള സാധ്യത ഏറെയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും തീ പടര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളിക്കത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ സാമ്പത്തിക, സമുദ്ര മേഖലയ്ക്ക് പുറത്താണ് കപ്പല്‍ നിലവിലുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകളുടയും ഇതിലെ ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതുതായി തീ പടര്‍ന്നത് കപ്പലിലെ അറയ്ക്കുള്ളില്‍ കണ്ടെയ്‌നറുകള്‍ സൂക്ഷിച്ച ഭാഗത്ത് നിന്നാണ്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അകത്ത് ഉണ്ടായിരിക്കാമെന്നും ഡി.ജി ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്. ഈ കപ്പല്‍ കൊളംബോയിലേക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. കണ്ടൈയ്‌നറുകളിലെ വസ്തുക്കളെ കുറിച്ച് ഇന്ത്യയ്ക്ക് വിവരം കിട്ടാതിരിക്കാനാണ് ഇതെന്നും സംശയമുണ്ട്. ഏതായും വന്‍ പ്രതിസന്ധിയാണ് ഈ കപ്പല്‍ ഇന്ത്യയ്ക്ക് അടക്കമുണ്ടാക്കുന്നത്.
തീപിടിച്ച വാന്‍ ഹായ് 503 കപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3നെക്കാള്‍ വലുതാണ്. എല്‍സയ്ക്ക് 184 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ളപ്പോള്‍ വാന്‍ ഹായ് 503ന് 269 മീറ്ററാണ് നീളം. വീതി 32 മീറ്റര്‍. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ ഉടമകള്‍ തായ്വാനിലെ വാന്‍ ഹായ് ലൈന്‍സാണ്. 2005ല്‍ തായ്വാനിലെ കാസ്യോംഗ് കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച കപ്പലിന്റെ ആദ്യപേര് ഇന്ത്യ. പിന്നെ ഇന്ത്യ ദേശ്, ഇന്ത്യ എക്സ്പ്രസ് എന്നീ പേരുമാറ്റങ്ങള്‍ക്കുശേഷം 2019ലാണ് വാന്‍ ഹായ് ആയത്. 4333 കണ്ടെയ്‌നറുകള്‍ വഹിക്കാം. 28 വര്‍ഷം പഴക്കമുള്ള എം.എസ്.സി എല്‍സ 3യ്ക്ക് 1730 കണ്ടെയ്‌നറുകളായിരുന്നു ശേഷി.123 കപ്പലുകള്‍ സ്വന്തമായുള്ള വാന്‍ ഹായ് ലൈന്‍സ് ഏഷ്യയിലെ വലിയ കപ്പല്‍ കമ്പനികളിലൊന്നാണ്.
സിംഗപ്പൂര്‍ - കൊളംബോ - നവഷേവാ റൂട്ടില്‍ വര്‍ഷങ്ങളായി എല്ലാ മാസവും സര്‍വീസ് നടത്തുന്ന കപ്പലാണിത്. കണ്ടെയ്‌നര്‍ കപ്പലുകളില്‍ അപകടകരമായ കണ്ടെയ്‌നറുകള്‍ ഒരെണ്ണമെങ്കിലും സാധാരണ ഉണ്ടാകും. ചരക്കുകള്‍ അനുസരിച്ച് ഈ കണ്ടെയ്‌നറുകള്‍ ക്‌ളാസ് 1 മുതല്‍ 9 വരെ തരം തിരിച്ചിട്ടുണ്ട്. കണ്ടെയ്‌നറിന്റെ നിറം ക്‌ളാസ് അനുസരിച്ചുവേണം. അടുക്കുന്ന തുറമുഖത്തിന് കപ്പലിലുള്ള ഇത്തരം കണ്ടെയ്‌നറുകളെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കണം. മുന്‍കരുതലുകള്‍ ഒരുക്കുന്നതിനുവേണ്ടിയാണ്.
കൊച്ചിയില്‍ മുങ്ങിയ എല്‍സ 3 കപ്പലില്‍ ഇത്തരം 13 കണ്ടെയ്‌നറുകളുണ്ടായിരുന്നു. വാന്‍ ഹായില്‍ 100ലേറെയുണ്ടെന്നാണ് സൂചന. ഇവ കടലില്‍ വലിയതോതില്‍ മലിനീകരണം സൃഷ്ടിക്കും. പൊട്ടിത്തെറിച്ചാല്‍ അത് ജല ബോംബായി മാറാനും സാധ്യതയുണ്ട്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലായിരുന്നു കപ്പലിന് ആദ്യം തീ പിടിച്ചത്. പിന്നീട് അതിനെ വലിച്ചു നീങ്ങി അകലത്തേക്ക് കൊണ്ടു പോവുകയായിരുന്നു.