ഉരുള്‍ പൊട്ടല്‍ സാധ്യത മാപ്പിലെ ഓറഞ്ച് സോണിനോട് ചേര്‍ന്ന് വരുന്ന പ്രദേശം; വണ്ടന്മേട് കറുവാക്കുളത്തെ സിപിഎം നേതാവിന്റെ മകന്റെ അനധികൃത പാറമട ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലെന്ന് മൈനിങ് ആന്‍ഡ് ജിയോളജിയുടെ റിപ്പോര്‍ട്ട്; നിരോധന ഉത്തരവ് മറികടന്ന് പാറമടയുടെ പ്രവര്‍ത്തനം സജീവം

Update: 2024-10-11 03:27 GMT

ഇടുക്കി: വണ്ടന്മേടിന് സമീപം കറുവാക്കുളത്ത് ഏലം കുത്തകപ്പാട്ട ഭൂമിയില്‍ പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമട ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയോട് ചേര്‍ന്ന പ്രദേശത്താണെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 13ന് ജിയോളജിസ്റ്റ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) ഉരുള്‍ പൊട്ടല്‍ സാധ്യത മാപ്പിലെ ഓറഞ്ച് സോണിനോട് ചേര്‍ന്ന് വരുന്ന പ്രദേശത്താണ് കറുവാക്കുളത്തെ പാറമട പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നല്‍കിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവര്‍ത്തിക്കുന്നത്. ദിവസേ 100 ലോഡിലധികം പാറയാണ് ഇവിടെ നിന്ന് കടത്തുന്നത്. ആഗസ്റ്റ് ഒമ്പതിന് ജിയോളജിസ്റ്റ് നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ കറുവക്കുളം-മാലി റോഡില്‍നിന്ന് സ്വകാര്യ എസ്റ്റേറ്റിലേക്ക് പോകുന്ന റോഡില്‍ 100 മീറ്റര്‍ വടക്ക് ഭാഗത്തു രണ്ട് സ്ഥലത്തും അവിടെ നിന്ന് 100 മീറ്റര്‍ മാറി മറ്റൊരു സ്ഥലത്തും നിന്ന് പാറ ഖനനം ചെയ്തു കടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്.

മറുനാടന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജിയോളജിസ്റ്റ് മുമ്പ് പ്രദേശത്തു സ്ഥല പരിശോധന നടത്തിയിരുന്നു. അതിനുശേഷം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വന്‍തോതില്‍ കരിങ്കല്ല് പൊട്ടിച്ച് കടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കട്ടപ്പന വില്ലേജ്, കട്ടപ്പന നഗരസഭ എന്നിവയുടെ പരിധിയില്‍ വരുന്ന കറുവാക്കുളത്ത് സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള ഏലം കുത്തകപ്പാട്ട ഭൂമിയിലാണ് അനധികൃത പാറമട പ്രവര്‍ത്തിക്കുന്നത്.

പുലര്‍ച്ച മൂന്നു മുതല്‍ ടിപ്പര്‍ലോറികള്‍ ചീറിപ്പായാന്‍ തുടങ്ങും. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ജീവന്‍ പണയംവെച്ചാണ് ജോലിക്ക് പോകുന്നത്. മേട്ടുക്കുഴിയിലെ നാട്ടുകാര്‍ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കി. ഇത് അവഗണിച്ച് പ്രവര്‍ത്തനം തുടര്‍ന്നതോടെ വീണ്ടും നിരോധന ഉത്തരവ് നല്‍കി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നല്‍കി.

എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പാറമട പ്രവര്‍ത്തനം തുടരുന്നത്. ഏലത്തോട്ടത്തില്‍ കുളം നിര്‍മിക്കാന്‍ പാറ പൊട്ടിക്കുകയാണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പാറ ഖനനം. മുമ്പ് സമീപത്ത് മറ്റൊരു പാറമടയുണ്ടായിരുന്നത് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിച്ചിരുന്നു.പാറഖനനത്തെ തുടര്‍ന്ന് പ്രദേശത്തെ എസ്റ്റേറ്റ് റോഡിന്റെ വശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി റോഡ് തകര്‍ന്നിട്ടുള്ളതായും സമീപത്തെ കൃഷി സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പടുതക്കുളങ്ങള്‍ക്കും അപകട ഭീഷണിയുള്ളതായും ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പ്രദേശത്തു ധാരാളം കരിങ്കല്‍ നിക്ഷേപം ഉള്ളതിനാല്‍ ഇവിടെ നിന്ന് വന്‍തോതില്‍ പാറ ഖനനം ചെയ്തുകടത്താനുള്ള സാധ്യതയുണ്ടെന്നും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News