'സസ്പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി'; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ടും

'സസ്പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി';

Update: 2025-09-06 15:16 GMT

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ മതിയായ നടപടിയല്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂര്‍. 'സസ്പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി' എന്നാണ് വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെയാണ് വര്‍ഗീസിന്റെ പോസ്റ്റ്.

തന്നെ മര്‍ദ്ദിച്ചത് അഞ്ച് പേരാണെന്നും സസ്‌പെന്‍ഷന്‍ നടപടി പോരെന്നുമാണ് മര്‍ദ്ദനമേറ്റ വി എസ് സുജിത്ത് പ്രതികരിച്ചത്. ജനങ്ങളും പാര്‍ട്ടിയും നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സുജിത്ത് സസ്പന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്നും വ്യക്തമാക്കി. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ലാത്തതിനെയും സുജിത്ത് വിമര്‍ശിച്ചു. 5 പേരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുജിത്ത് ആവശ്യപ്പെട്ടു.

എല്ലാ പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും സുജിത്ത് വ്യക്തമാക്കി. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് പൊലീസുകാ മര്‍ദ്ദിച്ചതെന്നും സുജിത് പറഞ്ഞു. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. സുഹൈര്‍ ഇപ്പോള്‍ പഴയന്നൂരില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും സുജിത് വ്യക്തമാക്കി. ശശിധരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മര്‍ദ്ദിച്ചു. വധശ്രമത്തിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും സുജിത് വ്യക്തമാക്കി.

അതേസമയം കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത് ഗൗരവമായ പെരുമാറ്റദൂഷ്യവും അധികാര ദുരുപയോഗവുമെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. കുറ്റാരോപിതരായ പൊലീസ് ഓഫിസര്‍മാരുടെ വീഴ്ച അക്കമിട്ടു നിരത്തുന്നതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സസ്‌പെന്‍ഷന്‍ നടപടി.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. കുന്നംകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ കേസ് ഗൗരവമായ സ്വഭാവത്തിലുള്ളതാണ്. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിന്റെ പരാതിയില്‍ കോടതി നാലു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്. കുറ്റാരോപിതരായ പൊലീസുകാരുടെ ഭാഗത്ത് ഗൗരവമായ വീഴ്ചയുണ്ട്. അടുത്തിടെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ വീഴ്ച സാധൂകരിക്കുന്നു.

പൊലീസുകാര്‍ നാലു പേരും ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ക്രിമനല്‍ നടപടികള്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ നടക്കുന്നതിന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ നേരത്തെ എടുത്ത നടപടി പുനഃപരിശോധിക്കണം. ശനിയാഴ്ച രാവിലെയാണ് സംഭവത്തില്‍ ഡിഐജി ഹരി ശങ്കര്‍ ഉത്തര മേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

തുടര്‍ന്ന് എസ്‌ഐ നൂഹ്‌മാന്‍, സിപിഓമാരായ എസ്. സന്ദീപ്, ശശിധരന്‍, കെ.ജെ. സജീവന്‍ എന്നിവരെയാണ് ഉത്തര മേഖല ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ നേരത്തെ നല്‍കിയ ശിക്ഷ പുനഃപരിശോധിക്കാനും തീരുമാനിച്ചു. ശിക്ഷ പുനഃപരിശോധിക്കുന്നതിനു വേണ്ടി സിസിടിവി ദൃശ്യങ്ങളും അന്വേഷണ റിപ്പോര്‍ട്ടും ഐജി വിളിച്ചു വരുത്തി. അതേസമയം സുജിത്തിനെ മര്‍ദിച്ച പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൈര്‍ തദ്ദേശ വകുപ്പിലേക്ക് മാറിയതിനാല്‍ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ല.

2023 ല്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സിപിഒ ആയിരുന്നു സുഹൈര്‍. പിന്നീട് തദ്ദേശ വകുപ്പിലേക്ക് മാറി. നിലവില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറാണ്. കോടതിയില്‍ കേസ് നില നില്‍ക്കെ പൊലീസ് വീണ്ടും നടപടി എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. നടപടി പുനഃപരിശോധിക്കുന്നതില്‍ നിയമപരമായി അപാകത ഇല്ലെന്ന് നിയമോപദേശം ലഭിച്ചു. 2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റത്.

2023 ഏപ്രിലിലാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ പൊലീസുകാര്‍ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഞെട്ടിക്കുന്ന മര്‍ദനം ലോകം കണ്ടതോടെ. ഇതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. പൊലീസുകാരെ പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. സംഭവത്തിന്റെ തുടക്കം മുതല്‍ സുജിത്തിന് എല്ലാ പിന്തുണയും നല്‍കി നിയമപോരാട്ടത്തില്‍ കൂടെ നില്‍ക്കുന്ന കുന്നംകുളത്തെ കോണ്‍ഗ്രസ് നേതാവാണ് വര്‍ഗീസ്.

Tags:    

Similar News