സ്വഭാവ വൈകൃതത്തിലൂടെ വേടന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയെന്നും വാദം; വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് റാപ്പര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ഇങ്ങനെ

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ഇങ്ങനെ

Update: 2025-08-18 11:00 GMT

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റെന്ന് റാപ്പര്‍ വേടന്‍. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും വേടന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, പരാതിക്കാരിയുമായുള്ള ബന്ധമോ സാമ്പത്തിക ഇടപാടുകളോ വേടന്‍ നിഷേധിച്ചില്ല.

വേടന് ജാമ്യം നല്‍കുന്നതിനെ കക്ഷി ചേരാനെത്തിയ യുവഡോക്ടര്‍ എതിര്‍ത്തു. താന്‍ മാത്രമല്ല പീഡനത്തിനിരയായതെന്നും വേടനെതിരേ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തുണ്ടെന്നും പരാതിക്കാരി അറിയിച്ചു. നിരവധി പേരെ ഇയാള്‍ സ്വഭാവവൈകൃതത്തിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് മുന്നിലെത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കുന്നതിനായി പരാതിക്കാരിക്ക് സമയം അനുവദിച്ചത്.

കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു.

പൊലീസിന്റെ വിശദീകരണം കേട്ടതിന് ശേഷം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ മാറ്റിവെച്ചതായിരുന്നു കോടതി. എന്നാല്‍ ഇന്ന് വാദം കേട്ട കോടതിക്ക് മുമ്പാകെ പരാതിയെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചന ഉണ്ടെന്നുമാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

അതിനിടെ, വേടനെതിരേ രണ്ട് യുവതികള്‍ കൂടി ലൈംഗികാതിക്രമ പരാതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. ഒരാള്‍ 2020-ലും മറ്റൊരാള്‍ 2021-ലും വേടനില്‍നിന്ന് അതിക്രമം നേരിട്ടതായാണ് പരാതിയില്‍ പറയുന്നത്. യുവഡോക്ടറുടെ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ പരാതികളുള്ള സാഹചര്യത്തില്‍ കേസ് ഗൗരവത്തോടെയാണ് കോടതി പരിഗണിക്കുന്നത്.

Tags:    

Similar News