ചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവിടം നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും; ജോലി പോലെ തന്നെ പ്രധാനമാണ്, മാനസികാരോഗ്യവും മന:സമാധാനവും; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട ന്യൂസ് എഡിറ്റര്‍ വീണ ചന്ദിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട ന്യൂസ് എഡിറ്റര്‍ വീണ ചന്ദിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമതെത്താന്‍ വാര്‍ത്തയെ വമ്പന്‍ ഷോ ആക്കി മാറ്റിയിരിക്കുകയാണ് മുന്‍നിരചാനലുകള്‍. ബാര്‍ക് റേറ്റിങ്ങില്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ടിവിയാണ് മുന്നില്‍. ഈ പോരില്‍ ഒന്നാമത് എത്താനുള്ള പൊരിഞ്ഞ ഓട്ടത്തിനിടെ, ചാനലുകളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. വിശ്രമമില്ലാതെ മണിക്കൂറുകളോളം പണിയെടുക്കാന്‍ ഫിറ്റായവരെ മാത്രമേ ചില ചാനല്‍ മേധാവികള്‍ക്ക് പഥ്യമുള്ളു. രോഗമോ, ചികിത്സയോ, ശസ്ത്രക്രിയയോ ഒന്നും ചാനല്‍ മേധാവികള്‍ക്ക് പ്രശ്‌നമല്ല. അവധിയൊക്കെ സ്വപ്‌നം മാത്രം. തലപ്പത്തുള്ള ചിലരുടെ എന്തിനും ഏതിനും ഉള്ള ശകാരവും ഏറ്റുവാങ്ങേണ്ടി വന്നേക്കാം.
റിപ്പോര്‍ട്ടര്‍ ചാനലില്‍ രണ്ടര വര്‍ഷം ജോലി ചെയ്ത ശേഷം പടിയിറങ്ങിയ ന്യൂസ് എഡിറ്റര്‍ വീണ ചന്ദ് പറഞ്ഞുവയ്ക്കുന്നതും മാനസികാരോഗ്യംകാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചാണ്. 'ജീവിതത്തോട് പൊരുതിത്തന്നെയാണ് ഇവിടെ വരെയെത്തിയത്. ഇനിയും പൊരുതാന്‍ മടിയില്ല. പക്ഷേ, ആ പോരാട്ടം യാതൊരു ക്വാളിറ്റിയുമില്ലാത്ത, ടോക്‌സിക്കായ, മാനിപുലേഷന്‍ നടത്തി മാത്രം നിലനിന്നു പോകുന്ന ചിലരോട് നടത്താനുള്ളതല്ല.
ചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവിടം നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും.'-വീണ കുറിച്ചു.
വീണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
റിപോര്‍ട്ടര്‍ ചാനലിനോട് യാത്ര പറഞ്ഞ് ഇറങ്ങി
ന്യൂസ് എഡിറ്ററായി രണ്ടര വര്‍ഷം. ഒരുപാട് പഠിപ്പിച്ച, അനുഭവങ്ങള്‍ പകര്‍ന്നു തന്ന ഇടം. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ കാലം കൂടിയാണ് കഴിഞ്ഞു പോയത്. മലയാളത്തിലെ പ്രമുഖമായൊരു വാര്‍ത്താ വെബ്‌സൈറ്റിനെ കെട്ടിപ്പടുക്കുന്നതില്‍ തീരെ ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചതില്‍ അഭിമാനമുണ്ട്. പക്ഷേ, ജോലി പോലെ തന്നെ പ്രധാനമാണ്, ഒരുപക്ഷേ അതിലുമധികം പ്രധാനമാണ് മാനസികാരോഗ്യവും മന:സമാധാനവും എന്ന തിരിച്ചറിവിലാണ് 16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്.
ഇക്കാലം എന്തു പഠിപ്പിച്ചു എന്നു ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം പലതരം മനുഷ്യരെ പഠിച്ചു എന്നതാണ്. 2009ലാണ് പൊന്‍കുന്നത്ത് കാബിനെറ്റ് ചാനലില്‍ ജോലി തുടങ്ങിയത്. പിന്നെ ഇന്ത്യാവിഷനിലേക്ക്. അതായിരുന്നു മുഖ്യധാര മാധ്യമപ്രവര്‍ത്തനത്തിന്റെ കളരി. നെല്ല് ഏത് പതിര് ഏത് എന്ന് തിരിച്ചറിയാന്‍ പഠിച്ചതും അവിടെ നിന്നാണ്. പിന്നീടിങ്ങോട്ട് ഫ്‌ലവേഴ്‌സ്, മാതൃഭൂമി, ഏഷ്യാനെറ്റ് വഴിയാണ് റിപോര്‍ട്ടറില്‍ എത്തിയത്. ജോലി ചെയ്യാനറിയാമെന്ന ആത്മവിശ്വാസവും അക്കാര്യത്തില്‍ എന്റെ ഗുരുസ്ഥാനത്തുള്ളവര്‍ക്കുള്ള വിശ്വാസവും മാത്രമാണ് എക്കാലവും കൈമുതല്‍. ആരുടെയെങ്കിലും ശുപാര്‍ശ കൊണ്ടോ ആരെയെങ്കിലും സ്വാധീനിച്ചോ ഇന്നുവരെ ഒരു ജോലിയും നേടിയിട്ടില്ല. അതുതന്നെയാണ് ഇന്നുവരെ തലയുയര്‍ത്തിപ്പിടിച്ച് ഈ ജോലി ചെയ്യാന്‍ ധൈര്യം തന്നിട്ടുളളതും.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലയില്‍ കയറിക്കൂടിയ ആഗ്രഹമാണ് മാധ്യമപ്രവര്‍ത്തനം. അക്ഷരം പഠിപ്പിച്ചത് അമ്മയാണ്, വായിക്കാനും ചിന്തിക്കാനും പ്രാപ്തിയുണ്ടാക്കിയതും അമ്മയാണ്. സ്വന്തം കാലില്‍ നില്ക്കണമെന്നും തെറ്റ് ചെയ്യാതെ ആരുടെ മുന്നിലും തലകുനിക്കരുത് എന്നും പഠിപ്പിച്ചത് അച്ഛനാണ്. ഒരുകാലത്തും മറ്റൊരാളെ ദ്രോഹിക്കാനോ കൂടെയുള്ളവരുടെ തലയില്‍ ചവിട്ടി സ്വന്തം സ്ഥാനം ഉറപ്പിക്കാനോ തോന്നാത്തതും ആ അച്ഛന്റെയും അമ്മയുടെയും മകളായതു കൊണ്ടു തന്നെയാണ്.
ഇനിയും അങ്ങനെയൊക്കെത്തന്നെ ആയിരിക്കും. ജീവിതത്തോട് പൊരുതിത്തന്നെയാണ് ഇവിടെ വരെയെത്തിയത്. ഇനിയും പൊരുതാന്‍ മടിയില്ല. പക്ഷേ, ആ പോരാട്ടം യാതൊരു ക്വാളിറ്റിയുമില്ലാത്ത, ടോക്‌സിക്കായ, മാനിപുലേഷന്‍ നടത്തി മാത്രം നിലനിന്നു പോകുന്ന ചിലരോട് നടത്താനുള്ളതല്ല.
ചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവിടം നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും.
എന്‍.ബി: ഈ പ്രായത്തില്‍ വീണയ്ക്ക് ഇനി വേറെ ജോലി കിട്ടില്ല, എന്നെ വെറുപ്പിച്ചാല്‍ വീണയ്ക്കിവിടെ തുടരാന്‍ പ്രയാസമായിരിക്കും, വീണ ഏറ്റവും ദുര്‍ബലയായ, ഇമോഷണലി വീക്കായ സ്ത്രീയാണ് എന്ന് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയ പ്രബുദ്ധനായ സഹപ്രവര്‍ത്തകനോട് വിശാലമനസ്‌കയായ ആശാട്ടി ക്ഷമിച്ചിരിക്കുന്നു
കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടറില്‍ നിന്ന് രാജി വച്ച അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അഞ്ജന കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു.'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി എന്ന് അഞ്ജന കുറിച്ചു. വിശ്രമമില്ലാത്ത ജോലി കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ട ചികിത്സ ശസ്ത്രക്രിയയിലേക്ക് നീണ്ടു. അടിയന്തര സര്‍ജറിക്കായി നാലുദിവസത്തെ അവധി ചോദിച്ചപ്പോള്‍, 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. ബ്യൂറോ ചീഫിന്റെ ശകാരം സഹിക്ക വയ്യാതെ പരാതി നല്‍കിയപ്പോള്‍ സ്ഥലംമാറ്റമായിരുന്നു ഫലം. താന്‍ ജോലി വിടാന്‍ നിര്‍ബന്ധിതയായ സാഹചര്യം വിശദീകരിച്ചുക1ണ്ടാണ് അഞ്ജന അനില്‍ കുമാര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
അഞ്ജന അനില്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ചില യാത്രകള്‍ അപ്രതീക്ഷിതമായി അവസാനിക്കും. അതുപോലെ ഒന്നാണ് ഇതും. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അധികമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു. ഇവിടെ നിന്നും ഇറങ്ങുന്നു. 'Health is Wealth' എന്നാണല്ലോ അതിലും വലുതായി മറ്റൊന്നുമില്ല. ഒരുമാസം മുന്‍പ് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു. 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി.
അതുകൊണ്ട് തന്നെ പ്ലാസ്റ്ററിട്ട കൈയ്യുമായി ജോലിയ്ക്ക് കയറാന്‍ നിര്‍ബന്ധിതയായി. റസ്റ്റ് ഇല്ലാത്ത ഓട്ടം കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ടിയിരുന്നത് സര്‍ജറിയില്‍ എത്തി. അടിയന്തരമായി ചെയ്യേണ്ടിയിരുന്ന സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. അപ്പോള്‍ മുതല്‍ സ്ഥാപനം വിടാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. 'Fight For Justice' എന്നത് ചാനല്‍ പ്രൊമോയിലെ ഒരു വാചകമായും കാറിന്റെ സ്റ്റിക്കറായും മാത്രം ഒതുങ്ങേണ്ട ഒന്നല്ല അത് ആദ്യം നടപ്പിലാക്കേണ്ടത് തൊഴിലിടത്തില്‍ ആയിരിക്കണമെന്ന് വിശ്വസിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ എന്നെപ്പോലെ തന്നെ ഒരുപാട് പേര്‍ ഇവിടെ നിന്നും പോയിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോര്‍ട്ടര്‍മാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്നു ഒരു ബ്യുറോ ചീഫാണ് അതിന് കാരണം. കേട്ട് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാനും പരാതി നല്‍കി. ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ തന്ന് സഹായിച്ചു.
ഒരു ജൂനിയര്‍ റിപ്പോര്‍ട്ടറുടെ പരാതി ആയതുകൊണ്ട് ഗൗരവത്തില്‍ എടുക്കാത്തതായിരിക്കുമെന്ന് ചിന്തിച്ചു. ചില മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാരും പരാതി നല്‍കി, ഗുണമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇവിടം വിടുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്തൊക്കെ സംഭവിച്ചാലും തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു. 'Karma is a boomerang' എന്നാണല്ലോ നോക്കാം. വീഴാന്‍ പോയപ്പോള്‍ ചേര്‍ത്ത് പിടിച്ചവരുണ്ട്. അവര്‍ തന്നെയാണ് മുന്നോട്ട് നടക്കാനുള്ള ഊര്‍ജം പകര്‍ന്നതും. മുന്‍പില്‍ വലിയ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍ തൊട്ടടുത്തുള്ളത് വിട്ടുകളയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.