രക്തം എടുത്ത ശേഷം പേ ചെയ്യാന്‍ വീണ്ടും ക്യു ആര്‍ കോഡ് തപ്പുന്ന എന്നോട് അതും ഫ്രീയാണ് എന്ന് നഴ്‌സ് പറയുന്നു! മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു ആന്റിബയോട്ടികും വേറെ നാല് ഗുളികകളും കണ്ണില്‍ ഒഴിക്കാന്‍ രണ്ടു ഡ്രോപ്പ് മരുന്നും ഫ്രീ; ആരോഗ്യമന്ത്രിയുടെ അയല്‍ക്കാരന്‍ അന്തം വിട്ട കഥ
തിരുവനന്തപുരം: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോകേണ്ടിവന്ന ഒരാള്‍ എഴുതിയ അനുഭവ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബ്രിട്ടണില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന സനല്‍കുമാറിന്റെ പോസ്റ്റാണ് മന്ത്രി പങ്കു വയ്ക്കുന്നത്. മന്ത്രിയുടെ അയല്‍ക്കാരനാണ് പോസ്റ്റിട്ടത്.
മകളുടെ ചികിത്സയ്ക്കായി മുഹമ്മ ഗവര്‍ണമെന്റ് ആശുപത്രിയില്‍ പോയ അനുഭവങ്ങളാണ് സനല്‍കുമാര്‍ കുറിച്ചിരിക്കുന്നത്. സമീപത്തെ സര്‍ക്കാര്‍ ആശുപത്രി മികച്ചതാണ് എന്ന് ബന്ധു പറഞ്ഞതോടെയാണ് സനല്‍ മകളുടെ ചികിത്സയ്ക്കായി ഇവിടേയ്‌ക്കെത്തിയത്. ആശുപത്രിയുടേത് പുതിയ കെട്ടിടം. ഓ പി ടിക്കറ്റെടുത്ത് പണമടയ്ക്കാന്‍ നോക്കുമ്പോഴാണ് സൗജന്യമാണെന്ന് അറിയുന്നത്. തുടര്‍ന്ന് മകളെ പരിശോധിച്ച് ഡോക്ടര്‍മാര്‍ മരുന്നിനും രക്ത പരിശോധനയ്ക്കും കുറിച്ചു. രണ്ടും സൗജന്യം. ഇതോടെ സനല്‍ ഞെട്ടിപ്പോയി. സര്‍ക്കാര്‍ ആശുപത്രിയൊക്കെ വെറും തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് അതുവരെ ധരിച്ചിരുന്നതെന്നും അതു കൊണ്ട് തന്നെ ഇതൊക്കെ കുറെ വിഡ്ഢികള്‍ക്ക് മാത്രമുള്ളതാണെന്ന ഒരു തരം സവര്‍ണ്ണ ചിന്താഗതി തനിക്കുണ്ടായിരുന്നും സനല്‍ കുറിച്ചു. ഇത്രയും മരുന്നുകള്‍ക്കും സേവനങ്ങള്‍ക്കും സ്വകാര്യ ആശുപത്രിയില്‍ കുറഞ്ഞത് ആയിരം രൂപ ഈടാക്കും. എന്നാല്‍ ഈ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം സമീപത്തുണ്ടായിരുന്നു എന്നത് പുതിയ അറിവായിരുന്നെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ ഒരു പനി വന്നാല്‍ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞ് മാത്രമാണ് ഡോക്റ്ററെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത്. ലണ്ടനില്‍ രണ്ടു കൊല്ലം ജീവന്‍ കൈയ്യില്‍പ്പിടിച്ച് ജീവിച്ച ഒരാളെന്ന നിലയില്‍ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വലിയ സന്തോഷം നല്‍കുന്നതായും സനല്‍കുമാര്‍ കുറിപ്പില്‍ വ്യക്തമാക്കി.
മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ
ആരോഗ്യമേഖലയ്‌ക്കെതിരെ ചിലര്‍ സംഘടിതമായ അക്രമണം നടത്തുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. നന്ദി ശ്രീ സനല്‍കുമാര്‍ , ശ്രീ . മധുലാല്‍ ജയദേവന്‍ ????
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോകേണ്ടിവന്ന അനുഭവം, ബ്രിട്ടനില്‍ ജീവിച്ച, അയല്‍ക്കാരന്‍ കൂടിയായ പ്രിയപ്പെട്ട Sanal Kumar പോസ്റ്റ് ചെയ്തത്.
രാവിലെ സ്‌കൂളില്‍ നിന്നും ടീച്ചറിന്റെ വിളി..
മോള്‍ക്ക് വയ്യ എന്ന് പറയുന്നു ...ക്ഷീണം.. കിടക്കുകയാണ്.
കൂട്ടിക്കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍ വരിക.
രാവിലത്തെ ഓഫീസ് കോളൊക്കെ ഒരു വിധം തീര്‍ത്ത് ഓടി ചെല്ലുമ്പോള് ആളുടെ കണ്ണൊക്കെ ചുവന്ന് ഇരിപ്പുണ്ട്.
എന്താ ചെയ്യുക എന്നാലോചിച്ചപ്പോള്‍, പൊതുവെ മരുന്ന് കഴിപ്പ് കുറവായത് കൊണ്ടും പനിയായിട്ടില്ല എന്നത് കൊണ്ടും വീട്ടില്‍ പോയി റെസ്റ്റ് ചെയ്താലോ എന്നാലോചിച്ചു.
അങ്ങനെ സ്‌കൂളില്‍ നിന്നും ഇറങ്ങുമ്പോ.. മുഹമ്മ ഗവര്‍ണമെന്റ് ഹോസ്പിറ്റലിന്റെ മുന്നിലൂടെയാണ് വീട്ടിലേക്ക് വരുന്നത്.
എന്റെയൊരു കസിന്‍ ഒരു തവണ പോയിട്ട് നല്ല സെറ്റപ്പാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു 22 വര്‍ഷത്തിനു ശേഷം ആദ്യമായി അവിടെ കയറി .
പുതിയ ബില്‍ഡിങ്...
OP ടിക്കറ്റില്‍ മോളുടെ പേരും വയസ്സും പറഞ്ഞു ഗൂഗിള്‍ പേ ചെയ്യാന്‍ QR കോഡ് തപ്പുന്ന എന്നെ നോക്കി അവര്‍ പറഞ്ഞു ഒന്നും വേണ്ട ഫ്രീയാണ്.
അതിനു ശേഷം, ഡോക്‌റെ കണ്ടു. ഏതോ ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചു ഡിഗ്രി കരസ്ഥമാക്കിയ മിടുക്കന്‍മാരായ രണ്ടു ഡോക്ടര്‍മാര്‍.
കഴുത്തിലെ ലിംഫ് നോഡില്‍ രണ്ടു ദിവസമായി തടിപ്പുണ്ടായിരുന്നു എന്ന് മോള്‍ പറഞ്ഞതോടെ ഒരു ബ്ലഡ് ടെസ്റ്റിന് കൂടെ എഴുതി. നേരെ ഈ ജനുവരിയില്‍ പണി കഴിപ്പിച്ച മുകളിലെ പുതിയ ലാബിലേയ്ക്ക്.
രക്തം എടുത്ത ശേഷം, pay ചെയ്യാന്‍ വീണ്ടും QR code തപ്പുന്ന എന്നോട് അതും ഫ്രീയാണ് എന്ന് നഴ്‌സ് പറയുന്നു!
ഞാന്‍ അന്തം വിട്ട് നില്‍ക്കുകയാണ്.
റിസള്‍ട്ട് ഒരു മണിക്കൂറിനു ശേഷം കിട്ടും. ശേഷം മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു ആന്റിബയോട്ടിക്, വേറെ നാല് ഗുളികകള്‍, കണ്ണില്‍ ഒഴിക്കാന്‍ രണ്ടു ഡ്രോപ്പ് മരുന്നുകള്‍ എല്ലാം ഫ്രീ.
ഞാന്‍ അന്തം വിട്ട് പോയി.
ഈ ഗവണ്‍മെന്റ് ആസ്പത്രികളൊക്കെ, വെറും തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് ഞാനൊക്കെ ഇന്നു വരെ ധരിച്ചിരുന്നത്.
അതു കൊണ്ട് തന്നെ ഇതൊക്കെ കുറെ വിഡ്ഢികള്‍ക്ക് മാത്രമുള്ളതാണെന്ന ഒരു തരം സവര്‍ണ്ണ ചിന്താഗതി എനിക്കുണ്ടായിരുന്നു എന്നത് സത്യമാണ്.
ഇത്രയും മരുന്നുകളും സര്‍വ്വീസുകളും കുറഞ്ഞത് ആയിരം രൂപയെങ്കിലും ഏതൊരു പ്രൈവറ്റ് ആസ്പത്രിയിലും ഈടാക്കുമെന്നിരിക്കെ ഇതൊക്കെ ഫ്രീയായി തരുന്ന ഒരു സംവിധാനം നമ്മുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നത് സത്യത്തില്‍ എനിക്ക് പുതിയൊരറിവായിരുന്നു.
ഒരു പനി വന്നാല്‍ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞ് മാത്രം ഡോക്റ്ററെ കാണാന്‍ അപ്പോയിന്റ്‌മെന്റ് കിട്ടുന്ന ബ്രിട്ടനില്‍, ലണ്ടനില്‍ രണ്ടു കൊല്ലം ജീവന്‍ കൈയ്യില്‍പ്പിടിച്ച് ജീവിച്ച ഒരാളെന്ന നിലയില്‍ എനിക്ക് ഇതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്.
സകലതിനും സിസ്റ്റത്തേയും ഗവണ്‍മെന്റിനെയും കുറ്റം പറഞ്ഞിരുന്ന ഒരാളെന്ന നിലയില്‍, അതു കൊണ്ട് തന്നെയല്പം പശ്ചാത്താപ വിവശനായാണ് ഈ കുറിപ്പ് ഞാനെഴുതുന്നത്.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതൊരു പഴഞ്ചൊല്ലല്ല.
അതൊരു സത്യം മാത്രമാണ്...