കോരിച്ചൊരിയുന്ന മഴയത്ത് പാഞ്ഞെത്തിയ കാർ; പെട്ടെന്ന് റോഡിൽ ഇടിപൊട്ടുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സ്‌കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച് അപകടം; രണ്ടു യുവതികൾക്ക് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന മകളുടെ നില ഗുരുതരം; നടുക്കം മാറാതെ ദൃക്സാക്ഷികൾ

Update: 2025-08-05 09:54 GMT

പാലാ: പാലാ രാമാപുരത്ത് കാറിടിച്ച് രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ അപകടകാരണം അമിതവേ ഗമെന്ന് പൊലീസ്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. രണ്ട് സ്കൂട്ടറുകളിലായാണ് ഇവർ സഞ്ചരിച്ചത്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമെന്നും നിലവിൽ ഐസിയു വിലാണ് കഴിയുന്നതെന്നും പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. രാവിലെ ഒൻപതരയോടെ അമിതവേഗത്തിലെത്തിയ കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിച്ച് നിയന്ത്രണം തെറ്റി ഒടുവിൽ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ ജോമോളുടെ മകൾ അന്നമോളുടെ (12) നില അതീവ ഗുരുതരമാണ്. കുട്ടി ഇപ്പോൾ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പാലായിലെ ഒരു സ്വകാര്യ ബിഎഡ് കോളജിലെ വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ രാമപുരം ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. ഇവരുടെ കൈവശം ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇനി ഇവരുടെ വൈദ്യപരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും. കാറിന്റെ അമിത വേഗതയാണ് അപകടത്തിനു പിന്നിലെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്‌കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. ധന്യ പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി.

അപകടത്തിന്റെ നടുക്കം നാട്ടുകാർക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. വിദ്യാർത്ഥികൾ ഓടിച്ചുവന്ന കാർ അമിത വേഗതയിലായിരുന്നു. അനേരം നല്ല മഴയും ഉണ്ടായിരിന്നു. പെട്ടെന്നാണ് ഇടി ശബ്ദം കേട്ടത്. ഓടിച്ചെന്നപ്പോൾ റോഡിന്റെ ഇടതു വശത്ത് അമ്മയും മകളും കിടക്കുന്നു. വലത്തുവശത്ത് മറ്റൊരു യുവതിയും കിടക്കുന്നതാണ് കണ്ടത്. മൂന്നുപേർക്കും ചെറിയ ജീവൻ ഉണ്ടായിരുന്നു അപ്പോൾ. ഉടനെ തന്നെ അതുവഴിവന്ന മറ്റു വാഹനങ്ങളിൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്കു കയറ്റിവിടുകയും ചെയ്‌തെന്ന് അപകടം നേരിൽ കണ്ട ഒരാൾ പ്രതികരിച്ചു.

അപകടത്തെ കുറിച്ച് പാലാ പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. രണ്ടു സ്‌കൂട്ടറുകളിലായി വന്ന സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമെന്നും നിലവിൽ ഐസിയു വിലാണ് കഴിയുന്നതെന്നും പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.

Tags:    

Similar News