സമയമായപ്പോള്‍ വീണ്ടും പറ്റിച്ചു! സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ 'പ്രസ്റ്റീജ്' പരിപാടിക്ക് മന്ത്രി വീണ എത്തിയില്ല; മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ചിന്നമ്മയെ ഉദ്ഘാടകയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; ഇരവിപേരൂരില്‍ സിപിഎമ്മില്‍ ഇരുവിഭാഗവും മന്ത്രിക്ക് എതിരായി
ഇരവിപേരൂരില്‍ സിപിഎമ്മില്‍ ഇരുവിഭാഗവും മന്ത്രിക്ക് എതിരായി
പത്തനംതിട്ട: സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഇരവിപേരൂരില്‍ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വീണ ജോര്‍ജ് എത്തിയില്ല. മന്ത്രിയുടെ പക്ഷക്കാരനായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിയായ ചിന്നമ്മയെ ഉദ്ഘാടകയാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍. രാജീവിന്റെ നേതൃത്വത്തില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗം മന്ത്രിക്കെതിരേ നില്‍ക്കുമ്പോള്‍ വീണാ ജോര്‍ജിന് അനുകൂല നിലപാട് സ്വീകരിച്ച് ഒപ്പം നിന്നിരുന്നത് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ളയും കൂട്ടരുമായിരുന്നു. 'പ്രസ്റ്റീജ്'പരിപാടിക്ക് എത്താതിരുന്നതോടെ ഇവരും മന്ത്രിക്കെതിരേ തിരിഞ്ഞു.
മന്ത്രി വീണ ജോര്‍ജ് ഇത് നാലാം തവണയാണ് പഞ്ചായത്തിലെ പരിപാടിക്ക് വരാതിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷക തൊഴിലാളിയെ ഉദ്ഘാടകയാക്കിയതെന്നാണ് വിവരം. നേരത്തേ തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ് ആധുനിക അറവുശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ചടങ്ങില്‍ വീണ ജോര്‍ജ് എത്തിയിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്ന് വീണ വിട്ടു നിന്നത്.
പിന്നീട് പല പരിപാടികള്‍ക്ക് ശ്രമിച്ചെങ്കിലും വീണ ഇരവിപേരൂരില്‍ എത്തിയില്ല. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ എന്‍ രാജീവിനെതിരെ മുന്‍ എസ്പിയെക്കൊണ്ട് കള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് വീണയുടെ സ്വാര്‍ഥ
താല്‍പര്യമാണെന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ സംസാരമുണ്ട്. വീണയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടിക്കും നീക്കം നടന്നിരുന്നു. പിന്നീട് ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ പൊലീസ് സേനയുടെ യോഗത്തില്‍ അഭിപ്രായം പറഞ്ഞതോടെ പാര്‍ട്ടി അണികള്‍ക്ക് വീണയോടുള്ള നീരസം ഇരട്ടിച്ചു.
എന്നാല്‍ ഇത്തവണ വീണയെ യോഗത്തിലെത്തിക്കാന്‍ രാജീവിന്റെ എതിര്‍ വിഭാഗത്തില്‍പ്പെട്ട നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയാണ് ശ്രമിച്ചത്. ഇക്കുറി എന്തായാലും വീണ എത്തുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. ആ രീതിയില്‍ പ്രചാരണവു നടന്നു. എന്നാല്‍ സമയമായപ്പോള്‍ മന്ത്രി വീണ്ടും പറ്റിച്ചു. പരിപാടിയില്‍ വീണ എത്തുന്നതില്‍ അമര്‍ഷമുള്ള പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും യോഗത്തില്‍ നിന്ന് വിട്ട് നിന്നു. ഇത് മറികടക്കാന്‍ സമീപ ഞ്ചായത്തായ പുറമറ്റത്ത് നിന്ന് ആളെ എത്തിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിലും കുടുംബശ്രീയിലും സജീവ അംഗമായ ചിന്നമ്മ കേശവനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിലൂടെ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രകടിപ്പിച്ചത് എന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഇതോടെ വീണയ്ക്കെതിരെ രണ്ട് ഗ്രൂപ്പുകളും തിരിഞ്ഞിരിക്കുകയാണെന്ന് ഇസംഭവം വെളിവാക്കുന്നു. ചിന്നമ്മയെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.