നവീന്‍ കൈക്കൂലിക്കാരനല്ല; സത്യസന്ധനായ ഉദ്യോഗസ്ഥന്‍; അനുഭവസാഷ്യം പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ കുടുംബബന്ധമെന്നും ആരോഗ്യമന്ത്രി; കണ്ണൂരിലെ പിപി ദിവ്യ വായിച്ചറിയാന്‍

Update: 2024-10-16 16:24 GMT

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബു ഒരിക്കലും കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്‍ ആയിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നവീന്‍ ബാബുവിനെതിരെ കണ്ണര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പല കഥകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. സാധു മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടവര്‍ അറിയണം ആ മനുഷ്യനെ കുറിച്ച് ആരോഗ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍. എത്രത്തോളം സത്യസന്ധനായിരുന്നു നവീന്‍ എന്നതിന് തെളിവാണ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അനുഭവ സാക്ഷ്യം.

സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഏതു കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്നയാളായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് അത്യന്തം ഹൃദയഭേദകമാണ്. വ്യക്തിപരമായി ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി ഒരു പാട് വര്‍ഷങ്ങളുടെ ബന്ധം ഉണ്ട്. ഇതേ വ്യക്തി ബന്ധം നവീന്‍ ബാബുവുമായും ഉണ്ട്. ജില്ലയില്‍ റവന്യൂ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം വഹിച്ചിരുന്നയാളാണ്. രണ്ടു പ്രളയങ്ങള്‍, കോവിഡ് ഈ കാലങ്ങളിലൊക്കെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വിദ്യാര്‍ഥി ജീവിതകാലം മുഴുവന്‍ അങ്ങനെയുള്ള വ്യക്തിയാണ്. അദ്ദേഹത്തെ ഒരു തവണയെങ്കിലും കണ്ടിട്ടുള്ളവര്‍ വിഷമിക്കുന്ന സംഭവമാണ്. സര്‍ക്കാര്‍ സമഗ്രമായി ഇതിന്റെ കാര്യങ്ങള്‍ അന്വേഷിക്കും. പാര്‍ട്ടി തലത്തിലും അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രശാന്തനെ കുറിച്ച് അന്വേഷിക്കണമെന്ന് സതീശനും സുധാകരനും

പത്തനംതിട്ട: എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്ന് പറഞ്ഞയാളെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സംഭവം കഴിയുന്നതിന് പിന്നാലെ ഒരാള്‍ പത്രക്കാരുടെ അടുത്തു വന്ന് ഇങ്ങനെ പറയണമെങ്കില്‍ അയാള്‍ സ്വമേധയാ പോയതല്ല. അയാളെ അയച്ചതാണ്. കടുത്ത പ്രതിഷേധം അറിയിക്കുന്നുവെന്നും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ഉള്ളിലൊതുക്കാത്ത സങ്കടമാണ് ഞങ്ങള്‍ക്കെന്നും അപ്പോള്‍ കുടുംബത്തിന്റെ സങ്കടം എന്തു മാത്രമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. എന്നിട്ടതിനെയൊക്കെ ന്യായീകരിക്കുകയാണ്. 51 വെട്ടു വെട്ടി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ജയിലില്‍ സുഖജീവിതം ഒരുക്കിയ ആളുകളാണ്. അവര്‍ക്ക് മനസാക്ഷിയില്ല. ദിവ്യയ്ക്കെതിരായി കേസ് എടുക്കാതിരിക്കാന്‍ പറ്റില്ല. സ്വര്‍ണക്കടത്തുകാരെയും പൊട്ടിക്കലുകാരെയുമെല്ലാം സംരക്ഷിക്കുകയല്ലേ? അതിന്റെ കൂടെ ഇതും ഒരു സംരക്ഷണമാണെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News