വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി; കുറ്റപത്രത്തില്‍ പരിശോധന നടത്തുക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയാണ് കുറ്റപത്രം കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴിനാണ് ഫയല്‍ കൈമാറിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്തുകൊണ്ടാണ് എസ്എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സേവനമൊന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തല്‍. സിഎംആര്‍എല്ലിന് പുറമെ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും പണം എക്‌സാലോജിക്കിലേക്ക് എത്തി. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍.
പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. വീണ വിജയന്‍, എക്സാലോജിക്ക് സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി.10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ വിജയനും എക്സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്.2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.
വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഒ കുറ്റപത്രം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. എസ്എഫ്ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടത്തും. കുറ്റം നിലനിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടര്‍ന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ.
സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.