ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതില്‍ പ്രസംഗത്തില്‍ വ്യക്തതയില്ല; മലപ്പുറത്തെ വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം; എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ എഫ് ഐ ആര്‍ ഇടില്ലെന്ന് സൂചന

Update: 2025-04-07 18:23 GMT

തിരൂര്‍: മലപ്പുറത്തെ വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗമാണ് വിവാദമായത്. അതിനിടെ വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാണ്. വിവിധ മുസ്ലീം സംഘടനകള്‍ ഈ നിര്‍ദ്ദേശം ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കേസെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശം കിട്ടിയെന്ന വാര്‍ത്തയും സജീവമായി എത്തുന്നത്. വെള്ളാപ്പള്ളിക്കെതിരെ പോലീസ് സ്വമേധായാ എഫ് ഐ ആര്‍ ഇടില്ലെന്നാണ് സൂചന. പരാതിക്കാര്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങിയാല്‍ കേസെടുക്കുകയും ചെയ്യും.

വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതില്‍ പ്രസംഗത്തില്‍ വ്യക്തതയില്ലെന്നാണ് നിയമോപദേശം. എട്ട് പരാതികള്‍ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു പിന്നീടുള്ള വിശദീകരണം. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിശദീകരിച്ചിരുന്നു.

ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. താന്‍ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപിയല്ലേ എതിര്‍ത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ലീഗിനെതിരെ രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാര്‍ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവര്‍ വിളിച്ചപ്പോള്‍ പോകാതിരുന്നപ്പോള്‍ മുതലാണ് എതിര്‍ക്കാന്‍ തുടങ്ങിയത്. ലീഗുകാരാണ് യഥാര്‍ത്ഥ വര്‍ഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാര്‍ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.

Similar News