മലപ്പുറം ഒരു പ്രത്യേക രാജ്യം; പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനം; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകളായിട്ടും ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയിലെ സ്ഥാപനം ഉള്ളതു കൊണ്ട് നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു; മലപ്പുറത്ത് ഈഴവര്‍ക്ക് അവഗണന; വിവാദ പ്രസ്താനവുമായി വെള്ളാപ്പള്ളി
മലപ്പുറം: മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം ചര്‍ച്ചകളിലേക്ക്. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. '
'മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല'' എന്നും വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എന്‍ ഡി പി സമ്മേളനത്തില്‍ പറഞ്ഞു. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുനമ്പം പോലുള്ള പ്രശ്‌നം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ആവര്‍ത്തിക്കപ്പെടാമെന്നും ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്ത് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിയും മകനും ഉയര്‍ത്തുന്നത്.
മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞു. എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 'മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു,' വെള്ളാപ്പള്ളി പറഞ്ഞു. മഞ്ചേരി എന്‍.എസ്.എസ് കോളേജിനെ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എന്‍എസ് എസില്‍ നിന്നും ഈഴവര്‍ക്ക് ആനുകൂല്യം കിട്ടുന്നുവെന്ന് പറയാതെ പറയുകയായിരുന്നു വെള്ളാപ്പള്ളി. എന്‍ എസ് എസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വെള്ളാപ്പള്ളി അതില്‍ നിന്നും മലപ്പുറത്തേക്ക് വരുമ്പോള്‍ മാറുന്നുവെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ടെന്നും മലപ്പുറത്ത് അത് അധികമാണെന്നും എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഈഴവര്‍ക്ക് രാഷ്ട്രീയ-വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് ചിലര്‍ കാണുന്നതെന്നും അതിനനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.