മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നു; താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് ലീഗിനെ; യുഡിഎഫ് തോറ്റപ്പോള്‍ നേതാക്കള്‍ എന്നെ കാണാനും സംസാരിക്കാനും വന്നെങ്കിലും വഴങ്ങിയില്ല; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ വിമര്‍ശനം കടുത്തതോടെയാണ് നടേശന്‍ രംഗത്തുവന്നത്. മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നുമുള്ള അതിരൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. താനൊരു വര്‍ഗീയവാദിയാണെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. തന്റെ ഉള്ളില്‍ ജാതിചിന്ത ഇല്ലെന്നും എന്നാല്‍ ജാതി വിവേചനം കാണിക്കുമ്പോള്‍ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആന്റണിയും അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടില്ലെ. എന്നാല്‍ ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് അവര്‍. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല.'
'മുസ്ലിം സമുദായത്തെ താന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്‌കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്‌കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. അബ്ദുല്‍ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.' വെള്ളാപ്പള്ളി വ്യക്തമാക്കി.
'ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്.' ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് കുട്ടികളുണ്ടാവുകയെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപം ഉണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? എന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്. ആഗോള അയ്യപ്പ സംഗമത്തെ എസ്.എന്‍.ഡി.പി. യോഗം മാത്രമല്ല എന്‍.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എന്‍.എന്‍.എസിനെ കുറ്റപ്പെടുത്താത്തത്?
മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോയതിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. അതിനെക്കാള്‍ വലിയ കാറുള്ളവനാണ് ഞാന്‍. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാന്‍ എനിക്കെന്താ അയിത്തമുണ്ടോ? -വെള്ളാപ്പള്ളി ചോദിച്ചു.
