'കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി; ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങള്‍; ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നു; ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്; വിമര്‍ശിച്ചു വെള്ളാപ്പള്ളി

'കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി;

Update: 2025-10-05 05:21 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം മുറുകവെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ഭരണം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്നും, ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നുവെന്നും വിമര്‍ശനം. നല്ല ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വത്തില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്നും യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

ദേവസ്വം ഭരണത്തില്‍ കെട്ടകാര്യങ്ങളാണ് നടക്കുന്നത്. സ്വര്‍ണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാര്‍ത്തകളാണ് ദിനവും കേള്‍ക്കുന്നത്. അതിന്റെ പഴി സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. ക്ഷേത്ര വരുമാനത്തില്‍ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നല്‍കാനാണ് വേണ്ടിവരുന്നത്. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സര്‍ക്കാരുകള്‍ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുന്നു. ഗുരുവായൂര്‍, കൂടല്‍മാണിക്യം മോഡല്‍ ഭരണം സര്‍ക്കാര്‍ പരീക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

കണക്കും ഓഡിറ്റും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും രത്‌നവും കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ല. ദേവസ്വം ബോര്‍ഡുകളുടെ സ്വയംഭരണം പേരിന് മാത്രം സര്‍ക്കാര്‍ നിശ്ചയിക്കുന്നവരാണ് ഭരണകര്‍ത്താക്കള്‍. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്. അപ്രധാനവും അനാവശ്യവുമായ പദ്ധതികള്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നില്‍ വച്ച് കോടികളുടെ തടിപ്പുകള്‍ നടക്കുന്നു. ഭക്തര്‍ക്ക് ശാന്തിയും സമാധാനവും നല്‍കേണ്ട ആരാധനാലയങ്ങളില്‍ ഇപ്പോള്‍ അത് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല. ശബരിമലയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അതിനകത്ത് മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല. ഒരുപാട് കൊല്ലങ്ങളായി. ഇപ്പോഴാണ് കണ്ടുപിടിച്ചത് എന്നേയുള്ളൂ. സ്വര്‍ണപ്പാളിയായതുകൊണ്ടാണ് കണ്ടുപിടിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വ്യവസായിയായ വിജയ് മല്യ കൊടുത്ത മുപ്പതുകിലോയോളം സ്വര്‍ണം അവിടെയില്ലാ എന്ന് പറഞ്ഞാല്‍, മുപ്പതുകിലോ സ്വര്‍ണം എന്നു പറഞ്ഞാല്‍ എത്ര കോടിയാണ്. അത് ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യുന്ന സാധനമല്ല. ആ സാധനം ഇപ്പോള്‍ കൊണ്ടുപോയവനില്ല. എടുത്തവനില്ല. കൊടുത്തവനില്ല. മേടിച്ചവനില്ല. എന്തൊരു അഴിമതിയാണ്. സ്വര്‍ണപ്പാളി നഷ്ടപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം.

ചെമ്പ് കൊണ്ടുപോയി എന്ന് പറയുന്നു. മഹസ്സറിലും പറയുന്നു ചെമ്പാണെന്ന്. അതിന് മുകളിലിരുന്ന സ്വര്‍ണം എവിടെയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മല്യ കൊടുത്ത കാലത്ത് ആ സ്വര്‍ണം പാളികളാക്കി പൊതിഞ്ഞിരുന്നത് അല്ലേ?. ആ പാളി എടുത്തിട്ട് അതിന്റെ താഴെയുള്ള ചെമ്പ് മാത്രം കൊടുത്തയച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ അതിനെ നിഷേധിക്കാന്‍ സാധിക്കും.

ആഗോള അയ്യപ്പസംഗമം നടത്തിയതോടുകൂടി ആഗോളതലത്തിലെ വലിയൊരു കള്ളത്തരം കണ്ടുപിടിക്കാന്‍ സാധിച്ചത് തന്നെ നല്ലൊരു സംഭവവും ഐശ്വര്യവുമല്ലേ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. സര്‍ക്കാരിനെക്കാള്‍ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമാണ്. ആരുടെ കാലത്ത് എപ്പോള്‍ ചെയ്തുവെന്ന് അന്വേഷിച്ച് അതിന്റെ സത്യം പുറത്തുകൊണ്ടുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News