വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; റഹീം ദമാമില്‍ നിന്നും യാത്ര തിരിച്ചത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍: ഏഴു വര്‍ഷത്തിനു ശേഷം ആ പിതാവ് നാട്ടിലെത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രാ രേഖകള്‍ ശരിയായതോടെ അബ്ദുല്‍ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു തിരിക്കാനായത്. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. ഏഴു വര്‍ഷത്തിനു ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. തന്റെ കുടുംബത്തെ കാണാന്‍ സന്തോഷത്തോടെ എത്തേണ്ട സയമത്ത് നെഞ്ചു നീറുന്ന വേദനയുമായാണ് ആ പിതാവ് നാട്ടിലെത്തുന്നത്. തകര്‍ന്നു തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്കാണ് റഹീമിന്റെ വരവ്. 23കാരനായ തന്റെ മകന്‍ സ്വന്തം അനുജനെ അടക്കം കൊലപ്പെടുത്തിയ നൊമ്പരം ഒറ്റയ്ക്ക് തിന്നുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയില്‍ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തില്‍ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ലെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
കേരളത്തെ ഞെട്ടിച്ച കൊലപാതകപരമ്പരയില്‍, കുടുംബാംഗങ്ങളായ നാലുപേരെ അടക്കം അഞ്ചു പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയെ ആണ് ആദ്യം കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. പുല്ലമ്പാറ എസ്എന്‍ പുരത്ത് താമസിക്കുന്ന ലത്തീഫിനെയും ഭാര്യയെയും പിന്നാലെ കൊലപ്പെടുത്തി. അതിനു ശേഷമാണ് അഫാന്‍ തന്റെ വീട്ടിലെത്തി സഹോദരനെയും അമ്മയെയും പെണ്‍കുട്ടിയെയും ആക്രമിച്ചത്.
വൈകിട്ട് 6 മണിയോടെ ഓട്ടോയില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അമ്മയടക്കം 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫാന്‍ അറിയിച്ചത്. ഇയാളെ സ്റ്റേഷനിലിരുത്തിയ ശേഷം മൂന്നിടങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിലാണു കൊലപാതകങ്ങള്‍ സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്ന ഷമിയെ പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.