മുത്ത മകളെ ഐഎസുകാരിയാക്കാന്‍ മോഹിച്ചു; വെറ്ററിനറി സയന്‍സിന് അഡ്മിഷന്‍ കിട്ടിയ മകളെ വീണ്ടും നീറ്റ് പഠിപ്പിക്കാന്‍ അയച്ചത് ഡോക്ടറായി കാണാന്‍; ഓട്ടോ ഓടിച്ചുണ്ടാക്കിയത് ചെറിയ വീടുമാത്രം; നഷ്ടമായത് ആ കുടുംബത്തിന്റെ അത്താണി; ഈ ചികില്‍സാ വീഴ്ചയ്ക്കും കേസ് വേണ്ടേ? വേണുവിന്റേത് കൊലപാതകം തന്നെ

Update: 2025-11-07 02:31 GMT

കൊല്ലം: ആശുപത്രിയില്‍ രോഗിയുടെ രോഗാവസ്ഥയെ കുറിച്ച് ഡോക്ടറോട് ചോദിച്ചാല്‍ പോലും കേസ് വരും. രോഗിയുടെ കൂട്ടിരിപ്പുകാരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഭരണമാണ്. അവര്‍ക്ക് സംഘടനാ കരുത്തുണ്ട്. അതുകൊണ്ട് തന്നെ രോഗികളുടേയോ രോഗികളുടെ കൂട്ടിരിപ്പുകാരുടേയോ ചോദ്യങ്ങളെ പോലും ക്രിമിനല്‍ കുറ്റമാക്കി അവര്‍ മാറ്റും. പക്ഷേ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ ഇല്ലെന്ന് തന്നെയാണ് ഉത്തരം. അതിനിടെ ചികിത്സ കിട്ടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. വേണുവിന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല ഇന്നലെ മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞത്. അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം. എന്നാല്‍ ചികിത്സ കിട്ടിയില്ലെന്ന വേണുവിന്റെതന്നെ ശബ്ദ സന്ദേശം ആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഡിഎംഇയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടികള്‍. ഈ ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സംവിധാനത്തിനെതിരെ കേസേടുക്കേണ്ടേ എന്നതാണ് ഉയരുന്ന ചോദ്യം.

തനിക്കു വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്ന ശബ്ദസന്ദേശം സുഹൃത്തിന് അയച്ചതിനുപിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചത്. ഹൃദ്രോഗചികിത്സയ്ക്ക് കൊല്ലം താലൂക്ക് ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ കൊല്ലം പന്മന പൂജാ ഭവനത്തില്‍ വേണു(48) ആണ് മരിച്ചത്. വേണു ഓട്ടോഡ്രൈവറാണ്. അഞ്ചു ദിവസം കാത്തിരുന്നിട്ടും ആന്‍ജിയോഗ്രാമിനു സമയം കിട്ടാതെയാണ് വേണു മരിച്ചതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. രോഗിക്കു ചികിത്സ നല്‍കിയിരുന്നുവെന്നും എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യാവുന്ന സാഹചര്യമല്ലായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ആശുപത്രി അധികൃതരാണെന്നാണ് വേണുവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൈക്കൂലി നല്‍കാതെ കാര്യങ്ങള്‍ നടക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് വേണു ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് സുഹൃത്തിന് അയച്ചത്. അന്ന് രാത്രി അദ്ദേഹം മരിച്ചു.

'കൈയില്‍ കാശുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ ആ നിമിഷം ആന്‍ജിയോഗ്രാമും തുടര്‍ചികിത്സയും ഉറപ്പാക്കിയേനേ... വേണു ജീവിതത്തിലേക്ക് തിരികെവന്നേനെ...'-ഇതാണ് വേണുവിന്റെ ഭാര്യ പറയുന്നത്. വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം തോന്നിയ വേണു സര്‍ക്കാര്‍ ആശുപത്രിയെയാണ് ശരണംപ്രാപിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിക്ക് അതിനുള്ള കഴിവേയുണ്ടായിരുന്നുള്ളു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അവിടെനിന്ന് എത്രയുംവേഗം ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്രകാരമാണ് വേണുവും ഭാര്യ സിന്ധുവും പോയത്. പക്ഷേ അത് മരണത്തിലേക്കുള്ള യാത്രയായി. വെള്ളിയാഴ്ച രാത്രിയെത്തിയ അവര്‍ക്ക് ആറാംദിവസമായിട്ടും ചികിത്സയൊന്നും ലഭിച്ചില്ല. കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരങ്ങള്‍ക്ക് അപ്പുറം ജീവന് വില നല്‍കണം.

ഓട്ടോറിക്ഷ ഓടിച്ച് കഷ്ടപ്പെട്ടാണ് വേണു മൂന്നു സെന്റും ഈ കൊച്ചുവീടും ഉണ്ടാക്കിയത്. ഭാര്യ സിന്ധു തെക്കന്‍ഗുരുവായൂരില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ ടീച്ചറാണ്. മൂത്തയാള്‍ ബിരുദം കഴിഞ്ഞു. ഐഎഎസ് പഠിക്കണമെന്നതാണ് ആ കുട്ടിയെ ആഗ്രഹം. അതിന് വേണ്ടി കൂടിയാണ് വേണു ഓട്ടോ ഓടിച്ചിരുന്നത് രണ്ടാമത്തെ മകള്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. കഴിഞ്ഞവര്‍ഷം വെറ്ററിനറി സയന്‍സിന് കിട്ടിയിരുന്നു. എന്‍ട്രന്‍സ് പരിശീലനകേന്ദ്രം അവളെയിപ്പോള്‍ സൗജന്യമായി പഠിപ്പിക്കുകയാണ്. ഈ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങലെ കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തകര്‍ത്തത്. ഇതിന് ആരു ഉത്തരവാദിത്തം പറയും. ആ കുട്ടികളെ ചേര്‍ത്ത് പിടിച്ച് സിന്ധു പൊട്ടിക്കരയുകയാണ്. കൂട്ടുകാരന്റെ മരണത്തെ തുടര്‍ന്ന് ഇടപ്പള്ളിക്കോട്ടയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ റോഡ് ഉപരോധിച്ചു. ഇടപ്പള്ളിക്കോട്ടയിലെ അടിപ്പാത സമരത്തിനെല്‌ളാം മുന്‍പന്തിയിലുണ്ടായിരുന്ന വേണു ഒരു പൊതുപ്രവര്‍ത്തകന്‍ കൂടെയാണ്. പരേതനായ കുട്ടനാണ് വേണുവിന്റെ അച്ഛന്‍. അമ്മ: സരസമ്മ. സഹോദരങ്ങള്‍: ബാബു, ഓമനക്കുട്ടന്‍, ബേബി, യശോധരന്‍, വസന്ത.

Tags:    

Similar News