കനത്ത മഴയില്‍ ഗുരുവായൂരില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു; കൊച്ചിയിലേക്കു മടങ്ങി; കളമശ്ശേരിയിലെ സംവാദ പരിപാടിയില്‍ പങ്കെടുക്കും

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു

Update: 2025-07-07 04:47 GMT

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ യാത്ര തടസ്സപ്പെട്ടു. കനത്തമഴ കാരണം ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് മടങ്ങി.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങാനായിരുന്നു തീരുമാനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് 12.35നു കൊച്ചി വിമാനത്താവളത്തില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കാലവസ്ഥ അനുകൂലമെങ്കില്‍ കൊച്ചിയിലെ പരിപാടിക്ക് ശേഷം ധന്‍കര്‍ ഗുരൂവായൂരിലെത്തുമെന്നും സൂചനയുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതല്‍ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടാകും.

ഇന്നലെ കൊച്ചിയിലെത്തിയ ജഗ്ദീപ് ധന്‍കറിന് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. കൊച്ചി വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങളായ ആഭ വാജ്‌പേയി, കാര്‍ത്തികേയ് വാജ്‌പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രി പി. രാജീവ്, ഹാരിസ് ബീരാന്‍ എംപി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡിജിപി റാവാഡ ചന്ദ്രശേഖര്‍, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, റൂറല്‍ എസ്പി എം. ഹേമലത, സിയാല്‍ എംഡി എസ്. സുഹാസ്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണന്‍ എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.

Tags:    

Similar News