പൊളി വൈബില്‍ ഒരു യാത്രയയപ്പ്..! 28 കൊല്ലത്തെ സര്‍വീസിന് വിരാമമിട്ട ഹാഷിമിന് കെഎസ്ഇബിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് കണ്ണ് നിറയ്ക്കാതെയുള്ള സൂപ്പര്‍ യാത്രയയപ്പ്; വീട്ടിലേക്ക് എത്തിച്ചത് പാട്ടുപാടിയും നൃത്തം ചെയ്തും; അരീക്കോട്ടെ അടിപൊളി യാത്രയപ്പ് സൈബറിടത്തിലും വൈറല്‍

പൊളി വൈബില്‍ ഒരു യാത്രയയപ്പ്..!

Update: 2025-05-03 07:47 GMT

കണ്ണൂര്‍: ഇത് യാത്രയയപ്പുകളുടെ സമയമാണ്. ഏപ്രില്‍ 30ന് സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ നിരവധിപ്പേരാണ്. ഇവര്‍ക്കെല്ലാമായി പലയിടങ്ങളില്‍ യാത്രയയപ്പുകളും സഹപ്രവര്‍ത്തകരും വക ഉണ്ടായിരുന്നു. ആഘോഷപൂര്‍വ്വമുള്ള ചില യാത്രയയപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു യാത്രയയപ്പ് വൈറലാണ്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) അഴീക്കോട് സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ ആയിരുന്ന കെ.പി. ഹാഷിമിന്റെ യാത്രയയപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത യാത്രയയപ്പാണ് സഹപ്രവര്‍ത്തകരില്‍നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത്. 28 വര്‍ഷത്തെ സര്‍വീസിനുശേഷം വിരമിച്ച ഹാഷിമിന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് അത്ര ഗംഭീരമായ യാത്രയയപ്പായിരുന്നു. ഉപഹാരം നല്‍കിയും കേക്ക് മുറിച്ചും ഓഫീസില്‍ ആഘോഷം നടന്നു. എന്നാല്‍ അവിടം കൊണ്ട് മാത്രം നിന്നില്ല.

ഷാഷിമിനെ വീട്ടിലേക്ക് ആഘോഷ പൂര്‍വ്വമാണ് യാത്രയാക്കിയത്. അവിടെ കണ്ണീര്‍ വീഴാനുള്ള അവസരം നല്‍കിയില്ല. വീട്ടിലേക്കുളള ഹാഷിമിന്റെ മടക്കയാത്ര തനിച്ചായിരുന്നില്ല. പ്രിയപ്പെട്ട സാറിനെ മീന്‍കുന്ന് ഗവ. ഹൈസ്‌കൂളിന് സമീപത്തെ വീട്ടില്‍ കൊണ്ടുവിടാന്‍ സഹപ്രര്‍ത്തകരും കൂടെ പോയി. വെറുതെ കൂടെ പോയതല്ല, വീടിന് 500 മീറ്റര്‍ അകലെയെത്തിയപ്പോള്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് വീട്ടിലേക്ക് പോയത്.

നാടുവാഴികള്‍ സിനിമയിലെ 'രാവിന്‍ പൂന്തേന്‍ തേടും പൂങ്കാറ്റെ' എന്ന ഗാനം ആലപിച്ചത് അഴീക്കോട് സബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ടി. സത്യനാണ്. 'ഓഫീസിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആളാണ് അദ്ദേഹം... എല്ലാവരോടും സൗമ്യമായാണ് ഇടപെടാറുള്ളത്... ആ സ്നേഹമാണ് ഞങ്ങള്‍ ഇതിലൂടെ പ്രകടിപ്പിച്ചത്' എന്നാണ് ഇതേക്കുറിച്ച് സത്യന്‍ പറഞ്ഞത്.


Full View

ഓവര്‍സിയറാകുന്നതിന് മുന്‍പ് എട്ട് വര്‍ഷം അഴീക്കോട് സബ് സ്റ്റേഷനിലെ ലൈന്‍മാനായിരുന്നു ഹാഷിം. പിന്നീട് സ്ഥലംമാറി വിവിധയിടങ്ങളില്‍ പോയെങ്കിലും സര്‍വീസിന്റെ അവസാന ഒന്നരവര്‍ഷം സ്വന്തംനാടായ അഴീക്കോട്ടായിരുന്നു. ഹാഷിമിന്റെ യാത്രയയപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പൊളി വൈബില്‍ നടന്ന യാത്രയയപ്പ് ഒരു മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

Tags:    

Similar News