ആരാകും അമേരിക്കന്‍ പ്രസിഡന്റ്? തായ്ലന്ഡിലെ 'വൈറല്‍ ഹിപ്പോ'യുടെ പ്രവചനം ട്രംപിന് അനുകൂലം; ട്രംപിന്റെയും കമലയുടെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകളില്‍ കുഞ്ഞു ഹിപ്പോ കഴിച്ചത് ട്രംപ് കേക്ക്..!
ആരാകും അമേരിക്കന്‍ പ്രസിഡന്റ്?
ബാങ്കോക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. ആരാകും പ്രസിഡന്റ് എന്ന കാര്യത്തില്‍ പ്രവചനങ്ങള്‍ ആര്‍ക്കും വ്യക്തമായി നല്കാന് കഴിയുന്നില്ല. ഇതിനിടെ ആരാകും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് തായ്ലന്ഡിലെ വൈറല്‍ കുഞ്ഞു ഹിപ്പോയായ മൂ ഡെംഗ്. ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുമെന്നാണ് തായ്ലന്ഡിലെ ഖാവോ ഖിയോ ഓപ്പണ്‍ മൃഗശാലയില്‍ ഹിപ്പോയുടെ പ്രവചനം.
തിങ്കളാഴ്ച പുറത്തുവന്ന വിഡിയോയില്‍ മൃഗശാലയിലെ കുളക്കരയില്‍ ട്രംപിന്റെയും കമല ഹാരിസിന്റെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകള്‍ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം നല്കിയപ്പോള് ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ടാണ് കുഞ്ഞു ഹിപ്പോ തിരഞ്ഞെടുത്തത്. അതേ സമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു. ഇതോടെ ട്രംപ് വിജയിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. നിരവധി ആളുകളാണ് പ്രവചനം കാണാന്‍ എത്തിയത്.
2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ സെന്‍സേഷനാണ്. എക്സിലും ടിക്ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വീഡിയോകള്‍ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നര്ത്തകന് മൈക്കല്‍ ജാക്സന്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന 'മൂണ്‍വാക്കിലൂടെ' മൂ ഡെങ് സൈബറിടത്തിലെ താരമായിരുന്നു.
തായ്ലന്ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ തുറന്ന മൃഗശാലയായ ഖാവോ ഖിയോവിലാണ് അമ്മ ജോനയ്ക്കൊപ്പം മൂ ഡിങ് കഴിയുന്നത്. ആയിരക്കണക്കിനാളുകളാണ് മൂ ഡിങ്ങിനെ കാണാന്‍ മൃഗശാലയില്‍ എത്താറ്. മൂ ഡിങ് സാമൂഹികമാധ്യമങ്ങളിലെ മിന്നുംതാരമായതോടെ സെപ്റ്റംബര്‍ മാസത്തില്‍ മൃഗശാലയുടെ വരുമാനം നാലുമടങ്ങ് വര്‍ധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാഴ്ചക്കാരുടെ എണ്ണം കൂടിയതിന് പിന്നാലെ മൃഗശാല അധികൃതര്‍ സന്ദര്ശകസമയത്തിന് പരിധി നിശ്ചയിക്കുകയും ലൈവ് സ്ട്രീം ആരംഭിക്കുകയും ചെയ്തിരുന്നു. വംശനാശ ഭീഷണി നേരിടുന്ന പിഗ്മി ഹിപ്പോകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന ഒരു പ്രതീകമായും മൂ ഡിങ് ഇതിനകം മാറിയിട്ടുണ്ട്.
അതേസമയം ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സര്‍വേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ വിവിധ സമയ സോണുകളില്‍ പ്രാദേശിക സമയം ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവില്‍ 'മുന്‍കൂര്‍ വോട്ട്' സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ഒമ്പത് കോടി പേര് പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂ ഡെങ് ഹിപ്പോ, യുഎസ് തിരഞ്ഞെടുപ്പ്, പ്രവചനം