വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ; മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു; അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയത്; സ്വന്തം സ്വര്‍ണം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി; കൊടിമരപ്രതിഷ്ഠയ്ക്ക് എത്ര സ്വര്‍ണം കിട്ടി എന്നറിയാന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കം 27 പേരുടെ മൊഴിയെടുക്കും

വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ

Update: 2026-02-11 12:21 GMT

കൊല്ലം: ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയത്. അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

'ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിമരത്തിന്റെ പുനര്‍നിര്‍മാണമെന്നത് വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചത്. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു. അര പവന്‍ നല്‍കിയ ആളുകള്‍ വരെയുണ്ട്. അജയ് തറയില്‍, പ്രയാര്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തര്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത്'. സുരേഷ് ഗോപി വ്യക്തമാക്കി.

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തില്‍ സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സറായിരുന്നതായി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പുനര്‍നിര്‍മാണത്തില്‍ സുരേഷ് ഗോപിയും സ്‌പോണ്‍സറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വര്‍ണം സമര്‍പ്പിച്ച 27 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ലഭിച്ച സ്വര്‍ണത്തിന് കണക്കുകളില്ലാത്തതിനാല്‍ ഇക്കാര്യം കണ്ടെത്താനാണ് ശ്രമം.

ശബരിമലയിലെ കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയാണ് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. 2017-ല്‍ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വര്‍ണം സമര്‍പ്പിച്ച ഭക്തരെ കണ്ടെത്തി എത്ര സ്വര്‍ണം സമര്‍പ്പിച്ചുവെന്ന് മൊഴിയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. 27 പേരുടെ പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്.

സ്വര്‍ണം നല്‍കിയ 27 പേരില്‍ എട്ടുപേര്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ദേവന്‍ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കും.

ശബരിമലയില്‍ കൊടിമരം നിര്‍മിക്കാന്‍ സംഭാവനയായി സ്വര്‍ണം നല്‍കിയവരുടെ പേരിനുപകരം മഹസറില്‍ രേഖപ്പെടുത്തിയത് 'ഭക്തന്‍' എന്നുമാത്രമായിരുന്നു. സ്വര്‍ണം നല്‍കിയവര്‍ക്ക് രസീത് കൊടുത്തിട്ടില്ലെന്നും ആര്, എത്ര അളവില്‍ നല്‍കിയെന്നതിനു രേഖയോ വ്യക്തതയോ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പഴയ കൊടിമരത്തിലെ മൂന്ന് ആലിലകളില്‍ ഒരെണ്ണം നഷ്ടപ്പെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിലേക്ക് കടക്കുന്നത്.

Tags:    

Similar News