മൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ നേതാക്കളുടെ ഗുസ്തിപിടുത്തം; തിരക്കിനിടെ താഴെ വീണ മുല്ലപ്പള്ളി രാമചന്ദ്രന്‍; മല്‍പ്പിടുത്തം ഷാഫി പ്രസംഗിക്കണം എന്ന ആവശ്യത്തില്‍; കോണ്‍ഗ്രസിലെ മൈക്ക് തര്‍ക്കത്തിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളായി!
മൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍
കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പുരോഗമിക്കുമ്പോള്‍ ജനപങ്കാളിത്തം കൊണ്ട് പരിപാടി വന്‍ വിജയമാണ്. മലബാറില്‍ യാത്ര പുരോഗമിക്കുമ്പോള്‍ വലിയ സ്വീകരണാണ് യാത്രക്ക് ലഭിക്കുന്നത്. ഇതിനിടെയും കോണ്‍ഗ്രസുകാര്‍ പതിവു കലാപരിപാടികള്‍ മറക്കുന്നില്ലെന്നതാണ് പ്രത്യേകത. ഒരു വേദിയില്‍ ഇടിച്ചു കയറി മൈക്കു തിന്നുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസില്‍ ഇപ്പോഴും കുറവല്ല.
കുറ്റ്യാടിയില്‍ പുതുയുഗ യാത്രയുടെ വേദി ശ്രദ്ധനേടിയത് ഒരു നേതാവ് മൈക്ക് ചാടിപിടിച്ചതും നേതാക്കള്‍ കൂട്ടത്തോടെ വേദിയില്‍ ഇടിച്ചു നിന്നതോടെയുമാണ്. വേദിയില്‍ അധ്യക്ഷ സ്ഥാനത്ത് ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടിലായിരുന്നു. ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി. പ്രസംഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുകയാിയരുന്നു. സമയം വൈകിയതിനാല്‍ താന്‍ സംസാരിക്കുന്നില്ലെന്ന് ഷാഫി നിലപാടെടുത്തെങ്കിലും പ്രമോദ് അക്കമുള്ളവര്‍ നിര്‍ബന്ധംപിടിച്ചു. ഇതോടെ പ്രമോദ് മൈക്കിന് മുന്നിലെത്തിയപ്പോള്‍ ഷാഫി പറമ്പില്‍ വട്ടംപിടിച്ചു. ഇതോടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ മസിലു പിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. തിരക്കൂ കൂടിപ്പോള്‍ പിന്നില്‍ നിന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളലില്‍ വീഴുകയും ചെയ്തു.
പരിപാടിയില്‍ അല്‍പ്പം ഗമ കാണിക്കാന്‍ വേണ്ടി മൈക്കിന് മുന്നില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു പ്രമോദ് കക്കട്ടില്‍. സതീശന്‍ പ്രസംഗിക്കുമ്പോള്‍ ചാനല്‍ ക്യാമറയില്‍ ഇടം പിടിക്കാന്‍ വേണ്ടിയാണ് ഈ നേതാവ് പിന്നീലെ ചുറ്റിക്കള്ളിച്ചത്. മൈക്കീല്‍ ചാടി വീഴുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
അതേസമയം സ്വീകരണത്തിനിടെ ഷാഫി പറമ്പില്‍ നിരസം പ്രകടിപ്പിച്ചതാണ് വിവാദമതെന്ന വിധത്തിലും റിപ്പോര്‍ട്ടുകളുണ്ട്. പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റന്‍ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാല്‍ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയില്‍നിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. 'വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ ചെറിയ തര്‍ക്കമുണ്ടായി. സതീശന്‍ തന്നെ തുടര്‍ന്ന് സംസാരിക്കുകയും ചെയ്തു. പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടില്‍ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താന്‍ കൂടുതല്‍ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. 'പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടിയും എണ്ണിക്കോളൂ' ഷാഫി പറഞ്ഞു.
എന്നാല്‍ യാതൊരു പരിഭവം പറച്ചിലും അവിടെ ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. സ്വീകരണ സമ്മേളനം വൈകിയപ്പോള്‍ ഇനി തന്നെ വിളിക്കേണ്ട എന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഞങ്ങളുടെ പ്രതീക്ഷയേക്കാള്‍ ആളുകള്‍ എത്തിയപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നത് സത്യമാണെന്ന് പ്രമോദ് കക്കട്ടില്‍ പ്രതികരിച്ചു. 'ജാഥാ ക്യാപ്റ്റന്‍ വന്ന് കഴിഞ്ഞാല്‍ പിന്നീട് ആരും സംസാരിക്കേണ്ടതില്ലെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കുറേ നേതാക്കന്മാര്‍ വേദിയിലുണ്ടായിരുന്നു. സീനിയറായ എം.കെ.രാഘവന്‍ സംസാരിച്ചു. പിന്നീട് ഷാഫി പറമ്പിലായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. സമയം വൈകിയത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വിളിച്ചത്' പ്രമോദ് കക്കട്ടില്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളായിട്ടുണ്ട്. ഓരോ പരിപാടി നടക്കുന്നിടത്തും ഇതുപോലെ സ്റ്റേജില്‍ കുറെയെണ്ണം വന്നു കിടന്നു ഉന്തും തള്ളുമുണ്ടാക്കും. താഴെത്തട്ടില്‍ തൊട്ടു മുകളറ്റം വരെ ഇതാണ് അവസ്ഥ പിന്നെങ്ങനെയാ ഈ പാര്‍ട്ടി നേരെയാവുന്നത് എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ട്രോളുമായി രംഗത്തെത്തിയത്.
