ഇനി ഒരെണ്ണം ഇരുത്തി വലിച്ചേ...!; സഫാരി പാർക്കിലെത്തിയ റഷ്യൻ ബോക്സർക്ക് ഒരു മോഹം; കമ്പിവേലിക്ക് സമീപം വന്നിരുന്ന് ഒരു പഫ് എടുത്ത യുവതി ചെയ്തത്; വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ; വ്യാപക വിമർശനം; ഇത് ക്രൂരതയെന്ന് കമെന്റുകൾ
ലോകത്ത് ഇപ്പോൾ നിരവധി ആളുകൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നത് മൂലമുള്ള ദോഷവശങ്ങളും വ്യാപകമായി ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, ഒരു സഫാരി പാർക്കിൽ ഒറാങ്ങ്ഉട്ടാന് ഇ സിഗരറ്റ് നൽകിയ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
ഇതോടെ റഷ്യൻ ബോക്സർ വലിയ വിമർശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. ക്രിമിയയിലെ ഒരു സഫാരി പാർക്കിൽ വച്ചാണ് വംശനാശഭീഷണി നേരിടുന്ന ഒറാങ്ങ് ഉട്ടാന്‍ ഡാനയ്ക്ക് റഷ്യൻ ബോക്‌സറായ അനസ്താസിയ ലുച്ച്കിന ഇ സിഗരറ്റ് നൽകുന്നത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇവർക്ക് നേരെ ഉയരുന്നത്.
കൂട്ടിലടച്ച ഒറാങ്ങ് ഉട്ടാന്റെ അടുത്ത് ലുച്ച്കിന നിൽക്കുന്നത് കാണാം. ഇവർ ആദ്യം പുക വലിക്കുന്നതും പിന്നീട് കമ്പിവേലിയിലൂടെ തന്റെ കയ്യിലുണ്ടായിരുന്ന ഇ സിഗരറ്റ് ഒറാങ്ങ് ഉട്ടാന് നൽകുന്നതും കാണാം. അത് കുറച്ച് പുക വലിക്കുന്നു, പുക പുറത്തേക്ക് വിടുന്നതും കാണാം. ലുച്ച്കിന വീണ്ടും അത് വാങ്ങി പുകയെടുക്കുകയും വീണ്ടും ഒറാങ്ങ് ഉട്ടാന് നൽകുകയുമാണ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനവും രോഷവും ലുച്ച്കിനയ്ക്ക് നേരെ ഉണ്ടായി. പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്, നിക്കോട്ടിൻ എടുത്ത ശേഷം ഡാന അസ്വസ്ഥതയുള്ളത് പോലെയാണ് പെരുമാറുന്നത് എന്നാണ്. വിശപ്പില്ലായ്മ, മറ്റുള്ളവരുമായി ഇടപെടാനുള്ള മടി ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ദിവസം മുഴുവനും അവൾ അനങ്ങാതെ കിടക്കുകയായിരുന്നു എന്നതിനാൽ തന്നെ അവളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആശങ്ക ഉയർന്നു.
ഡാന ഇ സിഗരറ്റിന്റെ കാപ് വിഴുങ്ങിയോ എന്ന് സംശയമുണ്ട് എന്നാണ് സഫാരി പാർക്കിലെ മൃഗഡോക്ടർ വാസിലി പിസ്കോവോയ് പറഞ്ഞതെന്ന് എൻഡിടിവി എഴുതുന്നു. ഈ പ്ലാസ്റ്റിക് ഉദരരോഗത്തിനും ഛർദ്ദിക്കും കാരണമാകും. പുക വലിച്ചത് വലിയ ബുദ്ധിമുട്ടുകൾ നിലവിൽ ഉണ്ടാക്കില്ലെങ്കിലും കാപ് വിഴുങ്ങിയിട്ടുണ്ടെങ്കിൽ ശസ്ത്രക്രിയ വരെ വേണ്ടി വന്നേക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.