വിയ്യൂരിലെ അതിസുരക്ഷയില്‍ വീര്‍പ്പുമുട്ടാന്‍ പെരിയയിലെ വില്ലന്മാര്‍ക്ക് താല്‍പ്പര്യമില്ല; ബന്ധുക്കളെ കാണാന്‍ നല്ലത് കണ്ണൂരിലെ ജയില്‍ എന്ന ആവശ്യം അംഗീകരിച്ച കോടതി; ഇനി ആ എട്ടു പേര്‍ക്കും തടവറയ്ക്കുള്ളില്‍ സുഖവാസ കാലം! വിയ്യൂരില്‍ നിന്നും ആ എട്ടു പേര്‍ കണ്ണൂരിലേക്ക്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ് പ്രതികളുടെ സൗകര്യത്തിനോ? സിപിഎം അനുഭാവികള്‍ ഏറെയുള്ള ജയിലാണ് കണ്ണൂര്‍. വിയ്യൂര്‍ അതീവ സുരക്ഷാജയിലില്‍ നിന്നുമാണ് പെരിയാ കേസിലെ പ്രതികളെ മാറ്റിയത്. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്.
ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍, പറഞ്ഞിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം. പ്രതികളുടെ ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തുമില്ല. ഇതോടെ കോടതി അനുകൂല തീരുമാനം എടുത്തു.
അതേസമയം നിയമ പോരാട്ടം തുടരാനാണ് കോണ്‍ഗ്രസിന്റേയേും സിപിഎമ്മിന്റേയും തീരുമാനം. ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിധി വന്ന പശ്ചാത്തലത്തില്‍ അപ്പീല്‍ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമ പോരാട്ടങ്ങള്‍ക്ക് സിപിഎം പോകുമ്പോള്‍ പ്രതികള്‍ കണ്ണൂരിലുള്ളത് അനുകുലമാകുമെന്ന വിലയിരുത്തലും ഉണ്ടെന്നാണ് സൂചന. കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും കിട്ടും. ഇതിനൊപ്പം പരിചയക്കാരും ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജയില്‍ മാറ്റത്തിന് പ്രതികള്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് നല്‍കിയത്. മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍.
ഗൂഢാലോചന കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികള്‍ക്കും സിബിഐ പ്രത്യേക കോടതി ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍ ഇരട്ട ജീവപര്യന്തം വിധിച്ചത്. 14ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് 5 വര്‍ഷം തടവ്. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. വിചാരണ നേരിട്ട 10 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. 2019 ഫെബ്രുവരി 17 നു രാത്രി 7.45നായിരുന്നു കൊലപാതകം.
2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്ന സമയത്തു ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.