സൂയസ് കനാലിലൂടെ ഒരു വര്‍ഷം കടന്നു പോകുന്ന ഏകദേശം 20,000 കപ്പലുകളില്‍ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും; കൊളംബോയിലെ സ്ഥലപരിമിതിയും തിരുവനന്തപുരത്തിന് നേട്ടമാകും; മൂന്ന് ചരക്ക് കപ്പലുകള്‍ ഒരുമിച്ച് തീരത്തെത്തി; വിഴിഞ്ഞം ഉദ്ഘാടനത്തിന് മുമ്പേ സൂപ്പര്‍ ഹിറ്റ്

Update: 2025-01-06 04:04 GMT

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇതാദ്യമായി മൂന്ന് ചരക്കുകപ്പലുകള്‍ അടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് തുറമുഖത്തിന്റെ ലോകോത്തര നിലവാരം. ഈ മൂന്ന് കപ്പലുകളുടെ വരവ് വിഴിഞ്ഞത്തിന് വലിയ പ്രതീക്ഷയായി മാറും. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി.) മൂന്ന് ഫീഡര്‍ കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ചത്.

ആന്ധ്രപ്രദേശിലെ കാകിനാഡ തുറമുഖത്തുനിന്നെത്തിയ ടൈഗര്‍, ബംഗ്ലാദേശില്‍ നിന്നെത്തിയ സുജിന്‍, സോമിന്‍ എന്നീ കപ്പലുകളാണ് ഞായറാഴ്ച വൈകീട്ടോടെ തുറമുഖത്ത് അടുപ്പിച്ചത്. പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ഘട്ടംഘട്ടമായി ടഗ്ഗുകളുടെ സഹായത്തോടെ ബെര്‍ത്തിലടുപ്പിച്ചത്. തുറമുഖത്ത് പൂര്‍ത്തിയായ 800 മീറ്റര്‍ ബെര്‍ത്തിന്റെ 700 മീറ്ററും ഉപയോഗിച്ചു. ഇതോടെ തുറമുഖം എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തന സജ്ജമാണെന്ന് വ്യക്തമാകുകയാണ്. ഏഴ് ഷിപ്പ് ടു ഷോര്‍ (എസ്.ടി.എസ്.) ക്രെയിനുകളുടെ സഹായത്തോടെ കപ്പലുകളില്‍നിന്നുള്ള കണ്ടെയ്‌നറുകളുടെ നീക്കവും നടത്തി.

ഇവിടെനിന്ന് കണ്ടെയ്‌നറുകളും കയറ്റിയാവും ഈ കപ്പലുകളുടെ മടക്കം. കഴിഞ്ഞ രണ്ടുമാസം മുന്‍പ് രണ്ടു കപ്പലുകളെ ഒരേസമയം അടുപ്പിച്ച് ചരക്കുനീക്കം നടത്തിയിരുന്നു. എം.എസ്.സി.യുടെ ടൈഗര്‍, സുജിന്‍, സോമിന്‍ എന്നീ ഫീഡര്‍ കപ്പലുകളാണ് അടുപ്പിച്ചത്. ഇത് വലിയ വിജയമായ സാഹചര്യത്തിലാണ് മൂന്ന് കപ്പലുകളെ എത്തിച്ചത്. സിംഗപ്പൂര്‍ എന്ന ചെറുരാജ്യത്തെ വികസിതമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് അവിടുത്തെ തുറമുഖമായിരുന്നു. കേരളവും ആ വഴിയിലെത്താനാണ് വിഴിഞ്ഞത്തിലൂടെ ആഗ്രഹിക്കുന്നത്.

ജൂലൈ 11ന് ട്രയല്‍ റണ്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്ത് ഇതിനോടകം എത്തിയ കപ്പലുകളുടെ എണ്ണം 100 കഴിഞ്ഞിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് വിഴിഞ്ഞത്ത് നൂറാമത്തെ കപ്പല്‍ എത്തിയത്. ഡിസംബര്‍ 27 വരെ 102 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞത്തെ ചരക്കുനീക്കം രണ്ടുലക്ഷം ടണ്‍ എന്ന നേട്ടവും കൈവരിച്ചു. ഡിസംബര്‍ മൂന്ന് മുതലാണ് വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 22 ദിവസത്തിനുള്ളില്‍ 30 കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞ തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിജിഎഫ് സഹായത്തിലെ ഇരട്ടത്താപ്പാണ് ഇതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജിഎഫില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ വിളിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിലെ പൊതു വികാരം.

പുതിയ ലോക്കേഷന്‍ കോഡ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിരുന്നു. ഇന്ത്യ, തിരുവനന്തപുരം ജില്ല എന്നിവയുടെ ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്ന കോഡാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചത്. ഒട്ടേറെ സവിശേഷതകളാണ് വിഴിഞ്ഞ തുറമുഖത്തിനുള്ളത്. തീരത്തോട് ചേര്‍ന്ന് നല്ല ആഴമുള്ളതിനാല്‍ വന്‍ കപ്പലുകള്‍ക്കും തുറമുഖത്ത് നങ്കൂരമിടാനാകുമെന്നതാണ് ഇതില്‍ പ്രധാനം. അതിനാല്‍ വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖമായാണ് അറിയപ്പെടുന്നത്. കൂടാതെ അന്താരാഷ്ട്ര കപ്പല്‍ പാതയോട് ചേര്‍ന്ന് കിടക്കുന്നുവെന്നതാണ് വിഴിഞ്ഞത്തിന് വലിയ സാധ്യത കല്‍പ്പിക്കാനുള്ള മറ്റൊരു കാരണം. ഇതുകൊണ്ടുതന്നെ സൂയസ് കനാലിലൂടെ ഒരുവര്‍ഷം കടന്നുപോകുന്ന ഏകദേശം 20,000 കപ്പലുകളില്‍ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് പ്രതീക്ഷ.

തെക്കേയിന്ത്യയിലേക്കുള്ള ചരക്കുമായി കൊളംബോയില്‍ നങ്കൂരമിടുന്ന വന്‍ കപ്പലുകളില്‍ ചിലത് വിഴിഞ്ഞത്തേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ, കൊളംബോ, ദുബായ്, സിംഗപ്പുര്‍ തുടങ്ങിയ ലോകത്തെ തന്നെ വലിയ തുറമുഖങ്ങള്‍ക്കൊപ്പം ഇതും മാറും. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ വരുമാനം വര്‍ദ്ധിപ്പിക്കാനും, വലിയ തോതിലുള്ള വികസനം കൊണ്ടുവരാനും സഹായിക്കും. വിഴിഞ്ഞം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ ചരക്കുനീക്കത്തിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം 100 മില്യണ്‍ യുഎസ് ഡോളറിലധികം ലാഭിക്കാനാകും.

മദര്‍ ഷിപ്പുകള്‍ അടുക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക ട്രാന്‍ഷിപ്മെന്റ് തുറമുഖമെന്നതാണ് ഷിപ്പിംഗ് കമ്പനികളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് നീക്കം സജീവമാകുമ്പോള്‍ അത് ഏറ്റവും വലിയ തിരിച്ചടി സമ്മാനിക്കുന്നത് അയല്‍രാജ്യമായ ശ്രീലങ്കയുടെ കൊളംബോ തുറമുഖത്തിനാണ്. നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം പല കപ്പല്‍ കമ്പനികളും വിഴിഞ്ഞം വഴി ആക്കിയിട്ടുണ്ട്.

കൊളംബോയില്‍ നിലവില്‍ സ്ഥലപരിമിധിയുണ്ട്. ചെങ്കടലില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ വഴിതിരിച്ചുവിടുന്ന കപ്പലുകള്‍ കൂടിയാകുമ്പോള്‍ ചരക്ക് നീക്കം വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാകും. അവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമെന്നതും ഇന്ത്യയുമായുള്ള ചരക്ക് നീക്കം ഇന്ത്യന്‍ തുറമുഖത്ത് തന്നെ നടക്കുമെന്നതും കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കും.

Tags:    

Similar News