വി.എസിന്റെ ആരാധകരായ ദമ്പതികള്‍ മകനിട്ടതും അതേ പേര്; മൂവാറ്റുപുഴയിലെ കുട്ടി വി.എസ് അച്ചുമാമ്മയെ അവസാനമായി കാണാന്‍ ഇന്ന് ആലപ്പുഴയിലെത്തും

വി.എസിന്റെ ആരാധകരായ ദമ്പതികള്‍ മകനിട്ടതും അതേ പേര്

Update: 2025-07-23 00:30 GMT

മൂവാറ്റുപുഴ: വി.എസ് അച്യുതാനന്ദന്റെ ആരാധകരായ മൂവാറ്റുപുഴയിലെ ദമ്പതികള്‍ മകനിട്ടതും അതേ പേര്. മകന് മൂന്ന് വയസ്സ് എത്തിയപ്പോള്‍ അവര്‍ കുഞ്ഞുമായി വി.എസിനെ തേടി എത്തുകയും ചെയ്തു. വി.എസിന്റെ മടിയിലിരുത്തി കുഞ്ഞ് വി.എസ് അച്യുതാനന്ദനെ ആദ്യാക്ഷരം കുറിക്കണമെന്ന ആഗ്രഹവുമായാണ ആ ദമ്പതികള്‍ വി.എസിന്റെ അടുത്തെത്തിയത്. വി.എസ്. അച്യുതാനന്ദന്‍ അന്ന് ആലുവ പാലസില്‍ വി.എസ്. അച്യുതാനന്ദനെ മടിയില്‍ ഇരുത്തി വാത്സല്യത്തോടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.

അന്നത്തെ 'കുട്ടി വിഎസി'ന് ഇപ്പോള്‍ 12 വയസ്സ് ആയി. ഇന്ന് താന്‍ ആരാധിക്കുന്ന വിഎസിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആലപ്പുഴയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് 'കുട്ടി വിഎസ്'.രണ്ടാര്‍കര വരകുംതൊട്ടിയില്‍ വി.എ. സന്തോഷ് കുമാറിന്റെയും സുമിതയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് ഈ വി.എസ്. അച്യുതാനന്ദന്‍. വിപ്ലവ നായകനോട് തോന്നിയ ആരാധനയാണ് മകന് അതേ പേരിടാന്‍ കെഎസ്ഇബി ലൈന്‍മാനായ സന്തോഷ് കുമാറിനു പ്രേരണയായത്.

ഭാര്യ സുമിതയും വിഎസ് ആരാധിക തന്നെ. ആദ്യത്തെ കുട്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ എന്നു പേരിടണം എന്ന ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല. കാശിനാഥ് എന്നാണ് മൂത്ത മകന്റെ പേര്. രണ്ടാമത്തെ കുട്ടിക്ക് തങ്ങളുടെ ആഗ്രഹം പോലെ വി.എസ്.അച്യുതാനന്ദന്‍ എന്ന പേരു തന്നെ ഇട്ടു. വിഎസിനെക്കൊണ്ട് മകന് ആദ്യാക്ഷരം എഴുതിക്കണം എന്നായിരുന്നു സന്തോഷിന്റെ ആഗ്രഹം. ഒരിക്കല്‍ വിഎസ് കോതമംഗലത്ത് എത്തിയപ്പോള്‍ അവിടെ പോയെങ്കിലും കാണാന്‍ സാധിച്ചില്ല.

പൊലീസ് ഉദ്യോഗസ്ഥരോടും പിഎയോടും സന്തോഷ് ആഗ്രഹം അറിയിക്കുകയും കുട്ടിയുടെ പേര് പറയുകയും ചെയ്തതോടെ ആലുവ പാലസില്‍ എത്താന്‍ നിര്‍ദേശം കിട്ടി. പാര്‍ട്ടി പരിപാടികള്‍ കഴിഞ്ഞ് ആലുവ പാലസില്‍ വിശ്രമിക്കുകയായിരുന്ന വിഎസ് സന്തോഷിനെയും കുടുംബാംഗങ്ങളെയും സ്വീകരിച്ചു; കുട്ടിയെ മടിയില്‍ ഇരുത്തി ഹരിശ്രീ എഴുതിച്ചു. ഇപ്പോള്‍ കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ് വി.എസ്.അച്യുതാനന്ദന്‍.

വി.എസിന്റെ ജന്മദിനത്തില്‍ പിറന്ന വി.എസ്.അച്യുതന്‍

തൃശൂര്‍: വി.എസ്.അച്യുതാനന്ദന്റെ ജന്മദിനമായ ഒക്ടോബര്‍ 20നു ജനിച്ച കുഞ്ഞിനു രക്ഷിതാക്കള്‍ നല്‍കിയതു വി.എസ്.അച്യുതന്‍ എന്ന പേര്. സംവിധായകന്‍ അമ്പിളിയുടെ ചെറുമകനാണു നാലു വയസ്സുകാരനായ വി.എസ്.അച്യുതന്‍. 2021ല്‍ കുഞ്ഞു ജനിക്കുമ്പോള്‍ അച്യുതന്‍ എന്ന പേരിനൊപ്പം വേലംപറമ്പില്‍ ശ്യാം എന്ന രക്ഷിതാവിന്റെ പേരിന്റെ ചുരുക്കമായ വി.എസ്. കൂടി ചേര്‍ത്തു.

Tags:    

Similar News