മുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?

Update: 2025-07-22 00:40 GMT

തിരുവനന്തപുരം: വീട്ടില്‍ തീരെ സൗകര്യമില്ല. ഇനി ആരും ഇവിടെ നില്‍ക്കേണ്ട.. നാളെ രവിലെ 9ന് ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടു വരും... അപ്പോള്‍ എല്ലാവര്‍ക്കും കാണാം... അന്തരിച്ച വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദനെ ഒരു നോക്ക് കാണാന്‍ എത്തിയവരോട് കണ്ണൂരിന്റെ സിപിഎം കരുത്തായ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം അനൗണ്‍സ് ചെയ്തത് ഇങ്ങനെയായിരുന്നു. എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ ക്യൂ നിന്നവര്‍ക്കെല്ലാം വിഎസിനെ അവസാനമായി കാണാന്‍ അവസരമൊരുക്കുമെന്ന ഏവരും കരുതി. എന്നാല്‍ പതിവില്ലാത്ത സമയ നിഷ്ഠ വിഎസിന്റെ കാര്യത്തിലുണ്ടായി. അറിയിച്ച സമയം അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ പൊതു ദര്‍ശനം മതിയാക്കി. വിഎസിനെ വീട്ടിലേക്ക് കൊണ്ടു പോയി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് താഴെയുള്ള തമ്പുരാന്‍ മുക്കിലെ വീട്ടിലേക്ക് വിഎസ് യാത്രയാകുമ്പോള്‍ കാത്തു നിന്നവരും ഒഴുകി. വിഎസിനെ രാത്രി തന്നെ കാണുകയായിരുന്നു അവരുടെ ലക്ഷ്യം. വീട്ടിന് മുന്നില്‍ അവര്‍ മുദ്രാവാക്യം വിളിച്ചു. അപ്പോഴാണ് നാടകയീയമായി ഏവരോടും പരിഞ്ഞു പോകണമെന്ന കണ്ണൂര്‍ ശാസന എത്തിയത്. എന്നാല്‍ തിരുവനന്തപുരം അത് തള്ളി. ബന്ധുക്കള്‍ക്ക് ആ വരവ് പ്രശ്‌നവുമായില്ല. ഇടമുറിയാതെ സഖാക്കള്‍ വിഎസിനെ വീണ്ടും കണ്ടു. ആ വീട്ടില്‍ ആളൊഴിഞ്ഞില്ല.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും തിരുവനന്തപുരത്ത് വച്ചാണ് വിടവാങ്ങിയത്. അന്നും കരുണാകരനെ എത്തിച്ചിടത്തെല്ലാം അവസാന നോക്കിന് ആളെത്തി. ആരും തടഞ്ഞില്ല. ഇകെ നായനാരുടെ അവസാന മണിക്കൂറിലും സിപിഎം ആരേയും ഒന്നിനും വിലക്കിയില്ല. എത്തിയവര്‍ക്കെല്ലാം നായനാരെ കണ്ടു മടങ്ങാനായി. കോണ്‍ഗ്രസ് ജനകീയ മുഖമായ ഉമ്മന്‍ചാണ്ടിയെ കാണാന്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. അതിനും മുകളിലായിരുന്നു വിഎസിനോട് ജനങ്ങള്‍ക്കുള്ള ആവേശം. അതാണ് പതിനായിരങ്ങളെ തിങ്കളാഴ്ച രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. പക്ഷേ അവരെല്ലാം കാണുന്നതിന് മുമ്പ് സമയ നിഷ്ഠയ്ക്ക് സിപിഎം കൂടുതല്‍ പ്രാധാന്യം കൊടുത്തു. വിഎസിന്റെ രാഷ്ട്രീയ കര്‍മ്മ കേന്ദ്രമായ ആ ഓഫിസില്‍ വിഎസിനെ കാണാന്‍ ക്യൂ നിന്നവര്‍ക്ക് അതുകൊണ്ട് തന്നെ തമ്പൂരാന്‍മുക്കിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അവിടെയായിരുന്നു എല്ലാവരും പിരിഞ്ഞു പോകണമെന്ന നിര്‍ദ്ദേശം വന്നത്. വിഎസിനെ എത്തുന്നവര്‍ക്ക് കാണാന്‍ അവസരമൊരുക്കാന്‍ തയ്യാറായിരുന്ന റെഡ് വോളിണ്ടിയര്‍മാരും മുദ്രാവാക്യം വിളി തടയാന്‍ എത്തി. അങ്ങനെ വിപ്ലവ നക്ഷത്രത്തിന് വേണ്ടി അവസാനം വിപ്ലവം വിളിക്കാന്‍ കൈമുഷ്ടി മുറക്കിയവര്‍ നിരാശരായി. പക്ഷേ ആ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. അവര്‍ വീണ്ടും വിളിച്ചു. വിഎസിന്റെ വീട്ടില്‍ കയറി സഖാവിനെ കാണുകയും ചെയ്തു. ദര്‍ബാര്‍ ഹാളിലും സമയ നിഷ്ഠയുടെ പേരില്‍ ആയിരങ്ങള്‍ക്ക് ദര്‍ശനാവസരം നഷ്ടമാക്കുമോ എന്ന ആശങ്ക സഖാക്കള്‍ക്ക് പോലുമുണ്ട്. വിലാപയാത്രയുടെ സമയ നിഷ്ഠയുടെ പേരില്‍ വഴിയാരത്ത് കാത്തു നില്‍ക്കാന്‍ ഇടയുള്ള ജനസാഗത്തില്‍ നിന്നും വിഎസിനെ അവസാന യാത്രയില്‍ അകറ്റുമോ? അങ്ങനെ പലവിധ സന്ദേഹമാണ് രാത്രിയിലെ കണ്ണൂര്‍ ശാസന ഉണ്ടാക്കുന്നത്. പക്ഷേ ആരും ആര്‍ക്കും വിഎസിനെ അങ്ങനെ വിട്ടുകൊടുക്കാന്‍ ഇടയില്ല. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് അവസാന യാത്രയിലും വിപ്ലവമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുകയാണ്. എസ്.യു.ടി ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ കണ്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ സര്‍ക്കാര്‍ 22 മുതല്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചു. എല്ലാസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും. ചൊവ്വാഴ്ച പിഎസ്സി നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും പ്രമാണപരിശോധനയും നിയമനപരിശോധനയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Tags:    

Similar News