'യു ജസ്റ്റ് വെയ്റ്റ് ഫോര്‍ ദിസ് എപ്പിസോഡ്, ഇറ്റ് ഈസ് ഹാപ്പനിംഗ്'! 'കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍ ഒഴുക്കേണ്ടി വരും; നിങ്ങള്‍ അതിനായി കാത്തിരിക്കൂ'; വഖഫ് ബില്‍ ചര്‍ച്ചയില്‍ ലോക്സഭയില്‍ കെ രാധാകൃഷ്ണന്റെ പരാമര്‍ശത്തിന് സിനിമാ സ്‌റ്റൈലില്‍ മാസ്സ് മറുപടിയുമായി സുരേഷ് ഗോപി
കെ രാധാകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി സുരേഷ് ഗോപി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സി.പി.എം എം.പി കെ. രാധാകൃഷ്ണന്റെ പ്രസംഗത്തിലെ പരാമര്‍ശത്തിന് മാസ്സ് മറുപടിയായാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. രാധാകൃഷ്ണന്റെ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതില്‍ ക്ഷുഭിതനായായിരുന്നു സിനിമ സ്‌റ്റൈലില്‍ സുരേഷ് ഗോപി മറുപടി പറഞ്ഞത്.
വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനെയാണ് സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് കെ.രാധാകൃഷ്ണന്‍ എം.പി ലോക്സഭയില്‍ പറഞ്ഞത്. 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ് 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് മറുപടി പറയുകയായിരുന്നു.
കെ. രാധാകൃഷ്ണന്‍ മലയാളത്തിലാണ് വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിച്ചത്. തന്റെ പ്രസംഗത്തില്‍ 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ് കെ.രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേള്‍ക്കുന്നുണ്ടെന്ന് സൂചിപ്പിച്ചത്.
'കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്', രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം പറയുന്നതിനിടെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനിടെ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടര്‍ന്നാണ് സുരേഷ് ഗോപി സംസാരിച്ചത്.
ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് സുരേഷ് ഗോപി ലോക്സഭയില്‍ പറഞ്ഞു. കേരളനിയമസഭയില്‍ ഇവര്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകും. നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷത്തുനിന്ന് ബഹളമുയര്‍ന്നു. ഇതോടെ സുരേഷ് ഗോപിയും ചെറുത്തുനിന്നു.
അതേസമയം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നതു കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയി ആയിരുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൗരവ് ഗൊഗോയി ആരോപിച്ചു.
'ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു, ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു, ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു', എന്നായിരുന്നു ഗൊഗോയിയുടെ പ്രസംഗം. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടേയും കിരണ്‍ റിജിജുവിന്റേയും അവകാശവാദം ഗൊഗോയി തള്ളി. പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കപ്പെട്ടില്ല. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചു. ഇന്ന് ഒരു സമുദായത്തിന്റെ വസ്തുക്കളെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ തിരിയുമെന്നും ഗൊഗോയി ആരോപിച്ചു.
അതേസമയം, എന്‍ഡിഎ ഘടകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. മുസ്ലിം- ന്യൂനപക്ഷ ക്ഷേമത്തോടുള്ള പ്രതിബദ്ധതമൂലമാണ് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുന്നതെന്ന് ടിഡിപി എംപി കൃഷ്ണ പ്രസാദ് തനേട്ടി സഭയില്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരിച്ച കാലം മുതല്‍ ന്യൂനപക്ഷ ക്ഷേമം തങ്ങളുടെ പ്രഥമപരിഗണനയിലുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വഖഫ് ബില്‍ മുസ്ലിം വിരുദ്ധമല്ലെന്ന് ജെഡി(യു) നേതാവ് ലല്ലന്‍ സിങ് അഭിപ്രായപ്പെട്ടു. ബില്ലിനോട് എതിര്‍പ്പുന്നയിക്കുന്ന പ്രതിപക്ഷ കക്ഷികളെ ലല്ലന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്, അല്ലെങ്കില്‍ വഖഫിലൂടെ കൈവശംവെക്കുന്ന സ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്ന് ഭയക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.