വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; 2221 കോടിയുടെ അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നു; തീരുമാനം അറിയിച്ചത് പ്രിയങ്ക ഗാന്ധി എംപിമാര്‍ക്കൊപ്പംഅമിത്ഷായെ കണ്ടപ്പോള്‍; 783 കോടി സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക ധനസഹായം ഉടനെന്ന് സൂചനകള്‍. വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ധനസഹായത്തില്‍ തീരുമാനം ഉണ്ടാകുക. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ പെടുത്താന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്.
എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ലെവല്‍ 3 ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്ത ബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. കേന്ദ്ര ചട്ടം പ്രകാരം കേരളത്തിലെ നഷ്ടപരിഹാരം ദുരന്തബാധിതര്‍ക്ക് ആശ്വാസകരമല്ല.
വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി.
ഇതുവരെ സംസ്ഥാനത്തിന് നല്‍കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.
നേരത്തെ വയനാട് ദുരന്ത നിവാരണത്തെ സംബന്ധിച്ച ആശ്വാസധനം വൈകുന്നതില്‍ കേരളത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനല്‍കിയിരുന്നു.
കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. കെ.വി.തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്. ഈ കത്തിനുള്ള മറുപടിയിലാണ് കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടത് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടില്‍നിന്നാണെന്നാണ് കത്തില്‍ പറയുന്നത്.
'2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നല്‍കി. ഇതില്‍ 291 കോടി രൂപ നേരത്തേ തന്നെ നല്‍കി. ജൂലായ് 31-ന് 145 കോടി രൂപയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുകയും മുന്‍കൂറായി തന്നെ കൈമാറി.' കേരളത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ സംസ്ഥാനത്തിന്റെ കൈയില്‍ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കല്‍ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.