45 മിനുട്ട് യാത്രസമയം ചുരുങ്ങുക 15 മിനുട്ടിലേക്ക്; വിരാമമാകുന്നത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും; വയനാട് ചുരത്തിന് മുകളിലെ റോപ് വേ പദ്ധതിക്ക് വഴിയൊരുങ്ങുന്നു; പദ്ധതി ഒരുങ്ങുക പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍; യാഥാര്‍ത്ഥ്യമാകുന്നത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റോപ് വേ

വയനാട് ചുരത്തിന് മുകളിലെ റോപ് വേ പദ്ധതിക്ക് വഴിയൊരുങ്ങുന്നു

Update: 2025-04-08 08:41 GMT

വയനാട് : വിനോദ സഞ്ചാരികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് വയനാട്.എടക്കല്‍ ഗുഹയും,900 കണ്ടിയും കുറുവ ദ്വീപും ബാണാസുരസാഗര്‍ അണക്കെട്ടുമെല്ലാം കാണുന്നതിനായി ദിനം പ്രതി നിരവധി പേരാണ് വായനാട്ടിലേക്കെത്തുന്നത്.എന്നാല്‍ വയനാട്ടിലെ ടൂറിസം സാധ്യതകള്‍ക്കുള്ള വലിയ തിരിച്ചടി ചുരം കയറുന്നതിനായി മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കാണ്.ഈ പ്രശ്ന പരിഹാരത്തിനായി വര്‍ഷങ്ങളായി തുടരുന്ന കാത്തിരിപ്പിലാണ് വയനാടന്‍ ജനത.റോപ് വെ പദ്ധതി എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അനിശ്ചിതമായി ഇത് നീളുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിത ഈ പ്രശ്നത്തിന് പരിഹാരമാകുകയാണ്.വെറും 15 മിനിറ്റുകൊണ്ട് ചുരത്തിലെത്താന്‍ സാധിക്കുന്ന റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്.വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ യാഥാര്‍ത്ഥ്യമാകുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ എന്ന ഖ്യാതിയോട് കൂടിയാവും.വയനാട് ചുരത്തിന്റെ അടിവാരത്ത് ഒന്നാംവളവിനോടുചേര്‍ന്നുള്ള പ്രദേശത്ത് നിന്ന് തുടങ്ങി മുകളില്‍ ലക്കിടിയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും റോപ്വേ.വനംവകുപ്പില്‍നിന്നുള്ള അനുമതിയാണ് പദ്ധതിക്ക് ഇനിവേണ്ടത്.അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.

റോപ്വേ കടന്നുപോകുന്ന 3.9 കിലോമീറ്റര്‍ ദൂരത്തില്‍ ഒരുകിലോമീറ്ററിലധികം ഭാഗം വനമേഖലയിലൂടെയാണ്.ഇതിനുപകരമായി അഞ്ചേക്കര്‍ഭൂമി നൂല്‍പ്പുഴയില്‍ വനംവകുപ്പിന് കൈമാറി.വയനാടിന്റെ ടൂറിസം, അടിസ്ഥാനസൗകര്യവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പ്.. അല്‍പ്പം ചരിത്രം

ചുരത്തിലെ ബ്ലോക്ക് എന്ന വയനാടന്‍ ജനതയുടെ പ്രശ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.പ്രശ്നത്തിന് പരിഹാരമെന്നോണമാണ് റോപ് വെ എന്ന ആശയം ഉണ്ടായത്.2017 മുതല്‍ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ച് റോപ്വേക്കുവേണ്ടി ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.2023 ഒക്ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ വെസ്റ്റേണ്‍ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ് വേ പദ്ധതിക്ക് നിര്‍ദേശം മുന്നോട്ടു വെക്കുന്നത്.

തുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പദ്ധതിയെക്കുറിച്ച് പഠിക്കുകയും ചെയ്തു.2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം ലഭിച്ചാല്‍ അതിവേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

റോപ് വേ പദ്ധതി എന്ത് .. എങ്ങിനെ

2017ലാണ് ഈ ലക്ഷ്യത്തോടെ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ചത്.ലക്കിടിയില്‍ ഒന്നരയേക്കര്‍ഭൂമിയും അടിവാരത്ത് പത്തേക്കര്‍ ഭൂമിയും പദ്ധതിയുടെ ടെര്‍മിനലുകള്‍ക്കായി െവസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്.

ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്വേ പദ്ധതി.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്വേ ആയി ഇത് മാറും.ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്വേ കടന്നുപോകേണ്ടത്.കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി.അതായത് ചെയ്യേണ്ടിവരുന്നത് 3 കിലോമീറ്റര്‍ മാത്രം.

ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 45 മിനിറ്റ് യാത്ര വേണ്ടിവരും.ഒരേസമയം 6 പേര്‍ക്കു യാത്ര

ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്വേയില്‍ ഉണ്ടാകുക.മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍.അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും.ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു.


 



റോപ്വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്,സ്റ്റാര്‍ ഹോട്ടല്‍,കഫറ്റീരിയ,ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്.22ന് മുഖ്യമന്ത്രി പിണറായി വിജയനുമായി വെസ്റ്റേണ്‍ ഘാട്ട്സ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.

റോപ് വെ പദ്ധതി ഒറ്റനോട്ടത്തില്‍

നിലവില്‍ ചുരത്തില്‍ വാഹനങ്ങളില്‍ ചുരുങ്ങിയത് 45 മിനിറ്റാണ് യാത്രചെയ്യേണ്ടി വരുന്നത്.പദ്ധതിയില്‍ ഒരുവശത്തേക്കുള്ള യാത്രാസമയം 15 മുതല്‍ 18 വരെ മിനിറ്റായി കുറയും

അടിയന്തരഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്നുള്ള രോഗികളെ അടിവാരത്ത് എത്തിക്കുന്നതിനായി ആംബുലന്‍സ് കേബിള്‍കാറുണ്ടാകും.

ചികിത്സാരംഗത്ത് പരാധീനതകള്‍ ഏറെയുള്ള വയനാടിന് ഇതാശ്വാസമാകും

40 എസി കേബിള്‍ കാറുകളുണ്ടാകും. ഒരു കേബിളില്‍ ആറുമുതല്‍ എട്ടുവരെ ആളുകള്‍ക്ക് യാത്രചെയ്യാം. ഒരേസമയം, 400-ഓളം പേര്‍ക്ക് യാത്രചെയ്യാം

അടിവാരംമുതല്‍ ലക്കിടിവരെ 3.9 കിലോമീറ്റര്‍ ദൂരത്തില്‍ 700 മീറ്ററോളം ഉയരത്തിലാണ് റോപ്വേ വിഭാവനംചെയ്യുന്നത്. 30-നും 40-നും ഇടയില്‍ ടവറുകളിലായാണ് റോപ്വേ തയ്യാറാക്കുക

നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പദ്ധതി വേഗത്തില്‍ യാഥ്യാര്‍ത്ഥ്യമാക്കി വയനാടിന്റെ പുനരുജ്ജീവന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    

Similar News