കോട്ടയത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറിയ വയോധിക ദമ്പതികള്‍; സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്ര; മറ്റൊരു യാത്രക്കാരന്റെ എന്‍ട്രിയില്‍ ട്വിസ്റ്റ്; കടുത്ത നിയമ ലംഘനമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മുമ്പോട്ട് പോയി; കോടതി ഉത്തരവ് ആശ്വാസമായി; ഇനി കേരളത്തിലെ എല്ലാ 'സീനിയര്‍ സിറ്റിസണിനും' ആനവണ്ടിയില്‍ സുഖയാത്ര
എറണാകുളം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് വിഷയത്തിൽ പലരും ആശയകുഴപ്പത്തിലാകുന്നുണ്ട്. ചിലർ സീറ്റിലിരിക്കുന്നതിന്റെ പേരിൽ വലിയ തർക്കത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നു. ബസിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് വലിയ ധാരണയില്ലാത്തതാണ് ഇതിനെല്ലാം കാരണം. ഇപ്പോൾ അത്തരമൊരു അനുഭവമാണ് ഒരു ദമ്പതികൾക്ക് സംഭവിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് കോട്ടയത്തേയ്ക്ക് പോയ കെഎസ്ആർടിസി യുടെ സൂപ്പർ ഫാസ്റ്റ് ബസിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
പരാതിക്കാരൻ തന്റെ ഭാര്യയുമായി എറണാകുളത്തു നിന്ന് കോട്ടയത്തേയ്ക്ക് പോകും വഴിയാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. സൂപ്പർ ഫാസ്റ്റ് ബസിൽ മുതിർന്ന പൗരന്മാരുടെ സീറ്റിൽ ദമ്പതികൾ യാത്ര ചെയ്തുകൊണ്ടിരിക്കവേ ഓൺലൈൻ വഴി ബുക്ക് ചെയ്ത മറ്റൊരു യാത്രക്കാരൻ കയറി വരുകയും സീറ്റ് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോൾ തന്നെ പരാതിക്കാരനും ഭാര്യയും മറ്റൊരു സീറ്റിലേക്ക് മാറി ഇരിക്കുകയും ചെയ്തു. ഇതൊരു കടുത്ത നിയമലംഘമാണെന്ന് പരാതിക്കാരൻ പറയുന്നു.
2013 ലെ നിയമ പ്രകാരം മുതിർന്ന പൗരന്മാർക്ക് ബസുകളിൽ 10% മുതൽ 20% വരെ സീറ്റുകൾ മാറ്റി വയ്ക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ബസുകളിൽ എട്ട് മുതൽ പത്ത് വരെ സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്യേണ്ടതാണ്. എന്നാൽ, ഈ ബസിൽ രണ്ട് സീറ്റ് മാത്രമാണ് മുതിർന്ന പൗരൻമാർക്കായി മാറ്റിവച്ചതെന്നും പരാതിക്കാരൻ പറയുന്നു. ഇപ്പോഴിതാ, വടവാതൂർ സ്വദേശി ജയിംസ് സമർപ്പിച്ച പരാതിയിൽ നടപടി എടുത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സർവീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന കെ.എസ്.ആർ.ടി.സിയുടെ വാദം കമ്മീഷൻ തള്ളി. ഇത്തരം ബസുകളിൽ പൊതുവിഭാഗം സീറ്റുകളിൽ മുതിർന്ന പൗരന്മാർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന വാദവും കമ്മീഷൻ അംഗീകരിച്ചില്ല. മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നും കമ്മീഷൻ വ്യക്തമാക്കി.