ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്‍കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്‍
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍
ഹവായ്: ഇന്നലെ റഷ്യയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് ഷിപ്പുകളാണ്. വന്‍തുക നല്‍കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങുകയായിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള നിരവധി വിനോദ സഞ്ചാരികളെ കയറ്റാതെ കപ്പലുകള്‍ തീരം വിട്ടതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഹവായ്, ജപ്പാന്‍, റഷ്യ, കൊളംബിയ, യുഎസ് പടിഞ്ഞാറന്‍ തീരത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.
ക്രൂയിസ് കപ്പലുകള്‍ യാത്രക്കാരില്ലാതെ ഹവായ് വിട്ടുപോകുന്നതായി മനസിലാക്കിയതോടെ പരിഭ്രാന്തരായ വിനോദസഞ്ചാരികള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ദുഖവും നിരാശയും പങ്കു വെയ്ക്കുകയായിരുന്നു. ആളുകള്‍ ഒരു തുറമുഖത്തിലൂടെ തങ്ങളുടെ കപ്പലിലേക്ക് ഭ്രാന്തമായി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ശുദ്ധ ഭ്രാന്താണ് എന്നാണ് രോഷാകുലയായ ഒരു സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. മറ്റൊരു വീഡിയോയില്‍, ഹവായിയില്‍ ക്രൂയിസ് യാത്ര നഷ്ടപ്പെട്ട ആളുകള്‍ ഒരു ബസ് നിറയെ ഇരിക്കുന്നതായി കാണപ്പെട്ടിരുന്നു.
തങ്ങള്‍ തുറമുഖത്ത് എത്തിയെങ്കിലും കപ്പല്‍ അവിടം വിട്ടു പോയതായി യാത്രക്കാര്‍ പരാതിപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ പലരുടേയും കുടുംബാംഗങ്ങള്‍ ഈ കപ്പലുകളില്‍ ഉണ്ടെന്നും തങ്ങളെ കാണാതെ കുട്ടികള്‍ പരിഭ്രാന്തരായി കാണുമെന്നും പലരും ചൂണ്ടിക്കാട്ടി. അവരുമായി ആശയവിനിമയം നടത്താനും മാര്‍ഗമില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. സുനാമി ഭീതി കാരണം കരയില്‍ കുടുങ്ങിപ്പോയ കപ്പല്‍യാത്രക്കാരെ ഉയര്‍ന്ന മേഖലകളിലേക്ക് മാറ്റുകയായിരുന്നു.
ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ 600 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പറയപ്പെടുന്നത്. യുഎസ് സംസ്ഥാനമായ ഹവായിയില്‍ വലിയ സുനാമി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നു. അതേ സമയം ക്രൂയിസ് കപ്പലുകളെ സംബന്ധിച്ച് വിദഗ്ധര്‍ പറയുന്നത് അവര്‍ക്കും അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ക്രൂയിസ് കപ്പലുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
കാലാവസ്ഥയും അടിയന്തര സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനായി ക്രൂയിസ് ലൈനറുകളില്‍ ആളുകളെ നിയോഗിച്ചിട്ടുണ്ട്. റൂട്ടുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്ന് അവരാണ് കപ്പലിന് ശുപാര്‍ശ ചെയ്യുന്നത്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ
ക്രൂയിസ് ലൈനറുകള്‍ കുറേ സമയം കരയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും. അത് കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താനും ഇനിയും സമയമെടുക്കും.